ജില്ലാ ആശുപത്രി സൂപ്രണ്ടിന് അറസ്റ്റ് വാറണ്ട്
മാനന്തവാടി: വയനാട് ജില്ലാ ആശുപത്രി സൂപ്രണ്ടിന് അറസ്റ്റ് വാറണ്ട്. സൂപ്രണ്ട് ഓഫീസിലെത്തിയ പൊലീസ് സംഘം സൂപ്രണ്ട് സ്ഥലത്തില്ലാത്തതിനാല്‍ തിരിച്ചുപോയി. വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന സ്വകാര്യ വ്യക്തിക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വൈകുന്നതുമായി ബന്ധപ്പെട്ട കേസിലാണ് കോടതി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ജിതേഷിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
തലശ്ശേരി മോട്ടോര്‍ ആക്‌സിഡന്റ് ക്ലയിം ട്രിബ്യൂണല്‍ (എം.എ.സി.ടി) കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 2013ലെ വാഹനാപകടവുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോള്‍ നിലവിലെ സൂപ്രണ്ടായ ജിതേഷിനെതിരെ നടപടി വന്നിരിക്കുന്നത്. എം.എ.സി.ടി കോടതി വയനാട് ജില്ലാ ആശുപത്രി സൂപ്രണ്ടിനോട് പരുക്ക് പറ്റിയ ആളുടെ പരിശോധന നടത്തി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ ജില്ലാ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകാത്തതിനാല്‍ ഉപഭോക്താവ് എം.എ.സി.ടി കോടതിയില്‍ വീണ്ടും ഹര്‍ജി നല്‍കി. ഇതേ തുടര്‍ന്ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന് കോടതി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഈ നോട്ടീസിന് ജില്ലാ ആശുപത്രി സൂപ്രണ്ട് മറുപടി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഏപ്രില്‍ ഒമ്പതിന് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ആശുപത്രി സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിരുന്നു.
അന്നേ ദിവസം ഹര്‍ത്താലായതിനാല്‍ സൂപ്രണ്ടിന് ഹാജരാകാന്‍ കഴിയാതെ വരികയായിരുന്നു. എം.എ.സി.ടി കോടതിയില്‍ സൂപ്രണ്ട് ഹാജരാകാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഇതേ തുടര്‍ന്ന് ഇന്നലെ തലശ്ശേരിയിലെ പൊലീസുകാര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫിസിലെത്തിയെങ്കിലും അദ്ദേഹം സ്ഥലത്തില്ലായിരുന്നു. പൊലീസ് തിരികെ പോകുകയും ചെയ്തു. ഒമ്പതിന് കോടതിയില്‍ ഹാജരാകണമെന്ന് കാണിച്ച് സമന്‍സ് ലഭിച്ചിരുന്നുവെന്നും, എന്നാല്‍ തലശ്ശേരിയിലേക്ക് പോകുന്ന വഴിക്ക് തടസമുണ്ടായതിനാല്‍ തിരിച്ചുവരികയാണ് ചെയ്തതെന്നും ഡോക്ടര്‍ ജിതേഷ് പറഞ്ഞു. കോടതിയില്‍ ഹാജരാവാന്‍ കഴിയാത്തത് സംബന്ധിച്ച് എം.എ.സി.ടി കോടതിയിലെ ശിരസ്താരെ ഫോണില്‍ വിളിച്ച് വിവരം പറയുകയും ചെയ്തിരുന്നു. വയനാട് ജില്ലയില്‍ മെഡിക്കല്‍ ബോര്‍ഡ് ജില്ലാ ആശുപത്രിയില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കോടതി നിര്‍ദേശപ്രകാരം വാഹനാപകടങ്ങള്‍ക്ക് നല്‍കേണ്ട നിരവധി ഹര്‍ജികളും അപേക്ഷകളും കെട്ടികിടക്കുകയാണെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
നിലവില്‍ 140 ഓളം വാഹനാപകട കേസുകളുമായി ബന്ധപ്പെട്ട പരാതികള്‍ മെഡിക്കല്‍ ബോര്‍ഡ് മുമ്പാകെ തീര്‍പ്പ് കല്‍പ്പിക്കാനായുണ്ട്. നിരവധി ഡോക്ടര്‍മാരുള്ള മെഡിക്കല്‍ ബോര്‍ഡില്‍ പരിശോധനക്ക് ഏറെ സമയമെടുക്കുന്നതിനാലാണ് സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നവരുടെ എണ്ണം കുറയാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.
വികലാംഗ സര്‍ട്ടിഫിക്കറ്റുകള്‍, വിദ്യാര്‍ഥികളുടെ പാസ് മുതലായവയും മെഡിക്കല്‍ ബോര്‍ഡാണ് പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ജില്ലയിലെ മുഴുവന്‍ പരാതികളും തീര്‍പ്പ് കല്‍്പ്പിക്കുന്നത് ഇതേ മെഡിക്കല്‍ ബോര്‍ഡായതിനാലാണ് തീര്‍പ്പുകള്‍ കല്‍പ്പിക്കാന്‍ സമയമെടുക്കുന്നതെന്നും അദ്ധേഹം വ്യക്തമാക്കി. സംഭവുമായി ബന്ധപ്പെട്ട് അടുത്തദിവസം ജില്ലാ ആശുപത്രിയിലെ ഫോറന്‍സിക് വിദഗ്ധന്‍ ഡോ.മൃദുലാല്‍ തലശ്ശേരി എം.എ.സി.ടി കോടതിയില്‍ ഹാജരാകുമെന്നും സൂപ്രണ്ട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."