കര്‍ഷക ആത്മഹത്യ നമ്മുടെ മാത്രം പ്രശ്‌നമല്ല, ആഗോള പ്രശ്‌നമാണ്: മധ്യപ്രദേശ് മന്ത്രി
ഇന്‍ഡോര്‍: കര്‍ഷക ആത്മഹത്യ പെരുകുന്ന സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി മധ്യപ്രദേശിലെ ബി.ജെ.പി മന്ത്രി ബാലകൃഷ്ണ പട്ടിതാര്‍. സംസ്ഥാനത്തെ കര്‍ഷക ആത്മഹത്യയെയാണ് ആഗോള പ്രതിസന്ധിയെന്നു പറഞ്ഞ് ചെറുതാക്കിയത്.
കര്‍ഷക ആത്മഹത്യയുടെ കണക്കുകളെപ്പറ്റി ചോദിച്ചപ്പോഴായിരുന്നു മന്ത്രിയുടെ വിചിത്രവാദം. ''ആരാണ് ആത്മഹത്യ ചെയ്യാത്തത്? കച്ചവടക്കാരന്‍ ചെയ്യുന്നു, പൊലിസ് കമ്മിഷണറും ചെയ്യുന്നു, ഐ.എ.എസ് ഓഫിസറും ഐ.പി.എസും ഇങ്ങനെ ജീവിതം അവസാനിപ്പിക്കുന്നു. അതുപോലെ കര്‍ഷകരും ചെയ്യുന്നു''-മന്ത്രി പറഞ്ഞു.
ആത്മഹത്യ നമ്മള്‍ മാത്രം നേരിടുന്ന പ്രശ്‌നമല്ലെന്നും അത് ആഗോള പ്രതിസന്ധിയാണെന്നും അദ്ദേഹം പറഞ്ഞു. പോരാട്ടമാണ് ജീവിതവഴിയെന്നും അദ്ദേഹം ഉപദേശിക്കുന്നു.
''ആത്മഹത്യ ചെയ്യുന്നയാള്‍ക്കു മാത്രമേ അത് എന്തിനാണെന്ന് അറിയുകയുള്ളൂ. നമ്മള്‍ ഊഹിക്കാന്‍ മാത്രമേ ആവൂ. അപ്പോള്‍ ജീവിതമെന്നത് പോരാട്ടമായതിനാല്‍ ഈ ലോകത്ത് ആത്മഹത്യ ചെയ്യുന്നതിന് ഒരു കാരണവുമില്ല''- മന്ത്രി വാദിക്കുന്നു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കർഷക ആത്മഹത്യ നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. അതിനിടെയാണ് ഉത്തരവാദിത്തം മറന്നുള്ള മന്ത്രിയുടെ വിവാദ പരാമർശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."