സഹകരണ ബാങ്കുകളില്‍നിന്ന് വാഹന വായ്പ 40 ലക്ഷം വരെ
തൊടുപുഴ: സഹകരണ ബാങ്കുകളില്‍ നിക്ഷേപം കുമിഞ്ഞുകൂടുകയും വായ്പ കുറയുകയും ചെയ്യുന്ന സാഹചര്യത്തില്‍ വായ്പക്കാരെ ആകര്‍ഷിക്കാന്‍ സഹകരണ വകുപ്പ് പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നു. ഇതിന്റെ ഭാഗമായി സഹകരണ ബാങ്കുകള്‍ക്ക് നല്‍കാവുന്ന വാഹന വായ്പയുടെ പരിധി 40 ലക്ഷമായി ഉയര്‍ത്തി. നിക്ഷേപത്തിന് ആനുപാതികമായി വായ്പ ഇല്ലാത്തതിനാല്‍ സഹകരണ ബാങ്കുകളുടെ ലിക്വിഡ് റേഷ്യോ (തരള ധനം) യില്‍ കാര്യമായ വ്യതിയാനം ഉണ്ടായ സാഹചര്യത്തിലാണ് സഹകരണ വകുപ്പിന്റെ ഇടപെടല്‍.
പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍, ബാങ്കുകള്‍, ബാങ്കിങ് റഗുലേഷന്‍ ആക്ടിന്റെ പരിധിയില്‍ വരാത്ത കാര്‍ഷികേതര വായ്പാ സംഘങ്ങള്‍ എന്നിവയില്‍നിന്നു അംഗങ്ങള്‍ക്ക് നല്‍കാവുന്ന മൊത്തംവായ്പകളുടെ പരിധി നിശ്ചയിച്ച് സഹകരണ വകുപ്പ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതനുസരിച്ച് വാഹന വായ്പയായി പരമാവധി നല്‍കാവുന്ന തുക 20 ലക്ഷം രൂപയാണ്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ വായ്പ പരിധി പുതുക്കി നിശ്ചയിച്ച് സഹകരണ സംഘം രജിസ്ട്രാര്‍ ഡോ.സജിത്ബാബു സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
ഹെവി മോട്ടോര്‍ വാഹനങ്ങള്‍ക്കാണ് 40 ലക്ഷം രൂപ വായ്പ അനുവദിക്കുന്നത്. തിരിച്ചടവിന് നല്‍കിയിരിക്കുന്ന പരമാവധി കാലാവധി 10 വര്‍ഷമാണ്. ഓരോ ബാങ്കുകളും ഐ.എം.ബി.പി (ഇന്‍ഡിവിഡ്വല്‍ മാക്‌സിമം ബോറോവിങ് പവര്‍) വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി ആവശ്യമായ ഭേദഗതി വരുത്തേണ്ടതാണ്.
ബാങ്കിങ് റഗുലേഷന്‍ ആക്ടിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ റിസര്‍വ് ബാങ്ക് - നബാര്‍ഡ് നിഷ്‌ക്കര്‍ഷിക്കുന്ന വായ്പാ പരിധി നിബന്ധനകള്‍ പാലിക്കേണ്ടതും വായ്പക്കാരന്റെ തിരിച്ചടവ് ശേഷി ഉറപ്പുവരുത്തേണ്ടതുമാണ്. കൂടാതെ ഓഹരി അനുപാതം, ഈട് വ്യവസ്ഥ തുടങ്ങി വായ്പാ വിതരണത്തിനായുള്ള നടപടിക്രമങ്ങള്‍ സംബന്ധിച്ചുള്ള സഹകരണ സംഘം രജിസ്ട്രാറുടെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണെന്ന് സര്‍ക്കുലര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."