ഇനി മുതല്‍ അമ്മമാര്‍ക്കും ഗര്‍ഭിണികള്‍ക്കും പരിരക്ഷ; ആദ്യ ലാക്ടേഷന്‍ പോഡ് ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തനം ആരംഭിച്ചു
അന്‍സാര്‍ തുരുത്ത്
കഴക്കൂട്ടം: കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്ത് മൂന്ന് വനിതകള്‍ ചേര്‍ന്ന് തുടക്കമിട്ട് ആഗോള ശ്രദ്ധ നേടിയ ഐ ലവ് 9 മന്ത്‌സ് എന്ന മാതൃത്വപരിരക്ഷ സ്റ്റാര്‍ട്ടപ്പിന്റെ ആദ്യ ലാക്ടേഷന്‍ പോഡ് ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങി.
ഇന്ത്യ - ഇസ്രായേല്‍ ഇന്നവേഷന്‍ ചലഞ്ചില്‍ ആരോഗ്യ പരിരക്ഷാ വിഭാഗത്തില്‍ മികച്ച സ്റ്റാര്‍ട്ടപ്പായി തിരഞ്ഞെടുക്കപ്പെട്ട ഐ ലവ് 9 ന്റെ മൊബൈല്‍ ആപ്പ് നേരത്തെ തന്നെ പുറത്തിറങ്ങിയിരുന്നു. ഡൊമേഷ്യോ ലാക്ടേഷന്‍ പോഡ് എന്ന് പേര് ഇട്ടിരിക്കുന്ന മുലയൂട്ടല്‍ ബൂത്തും സഹോദരി എന്ന പേരില്‍ പരിശീലനം ലഭിച്ച ശുശ്രൂഷകളുമാണ് ലാക്ടേഷന്‍ പോഡിന്റെ ഭാഗമായി സജ്ജീകരിച്ചിരിക്കുന്നത്. മുലയൂട്ടല്‍ ബൂത്തില്‍ ഒരു ഡോക്ടറുടെ സേവനവും ലഭ്യമാണ്. അതു കൊണ്ടുതന്നെ അത്യാവശ്യമുള്ള മെഡിക്കല്‍ പരിശോധനയും ഇവിടെ നടത്തും.ഈ സംവിധാനങ്ങളെല്ലാം മുലയൂട്ടുന്നതും ഗര്‍ഭിണികളുമായ സ്ത്രീകള്‍ക്ക് സൗജന്യമായി ഉപയോഗിക്കാം എന്നതാണ് ഇതിന്റെ സവിശേഷത. ടെക്‌നോപാര്‍ക്കില്‍ തേജസ്വനി കെട്ടിടത്തിലെ ആദ്യത്തെ നിലയിലാണ് പോഡ് പ്രവര്‍ത്തിക്കുന്നത്. പാലൂട്ടുന്ന എല്ലാ ടെക്കികളായ സ്ത്രീകള്‍ക്കും ഇവിടെ ഈ സേവനം ലഭ്യമാണ്. പാലൂട്ടുന്ന ജീവനക്കാര്‍ക്ക് പമ്പ് ഉപയോഗിച്ചും അല്ലാതെയും മുലപ്പാല്‍ എടുക്കാനും സുരക്ഷിതമായി പാല്‍ ശേഖരിച്ച് സൂക്ഷിക്കാനും പോഡ് സഹായിക്കും. ആധുനിക സജ്ജീകരണളോട് കൂടിയ മുറി, ഫ്രിഡ്ജ്, ലാക്ട്രേഷന്‍ പമ്പ്, എന്നിവയാണ് പോഡിന്റെ പ്രത്യേകത. ആറു മാസത്തെ പ്രസവ ലീവ് കഴിഞ്ഞ് ജോലി ചെയ്യുന്ന വനിതകളെ ഉദ്ദേശിച്ചാണ് ഐ ലവ് 9 ലാക്ടേഷന്‍ പോഡ് സജ്ജീകരിച്ചിട്ടുള്ളത്. ലക്ടേഷന്‍ പമ്പ് വഴി ശേഖരിക്കുന്ന മുലപ്പാല്‍ പോഡിനുള്ളിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ചതിന് ശേഷം ജോലി കഴിഞ്ഞ് വീട്ടില്‍ പോകുമ്പോള്‍ എടുത്തുകൊണ്ട് പോകും. അത് കൊണ്ട് തന്നെ തങ്ങളുടെ അഭാവത്തിലും കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ തന്നെ കൊടുക്കാന്‍ കഴിയും. അഞ്ജലി രാജ്, ഗംഗ രാജ്, സുമ അജിത് എന്നിവര്‍ ചേര്‍ന്നാണ് ഐ ലവ് 9 തുടങ്ങിയത്. സംവിധാനം കേരളത്തില്‍ ആദ്യമായിട്ടാണ്. അതുകൊണ്ട് തന്നെ മികച്ച പ്രതികരണങ്ങളാണ് തങ്ങള്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്നതെന്നും സ്ത്രീകള്‍ അധികം ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ ലാക്ടേഷന്‍ പോഡ് സ്ഥാപിക്കാനാണ് തങ്ങളുടെ ലക്ഷ്യമെന്നും ചീഫ് ഓപ്പറേറ്റിങ് ഓഫിസറായ ഗംഗാരാജ് പറഞ്ഞു. കേരളാ സ്റ്റാര്‍ട്ടപ്പ്മിഷനുമായി ചേര്‍ന്നാണ് ടെക്‌നോപാര്‍ക്കില്‍ പോഡ് പ്രവര്‍ത്തിക്കുന്നത്. എല്ലാ സ്ഥാപനങ്ങളിലും ഇത് സ്ഥാപിച്ചാല്‍ മുലയൂട്ടുന്ന സ്ത്രീകള്‍ക്ക് ജോലി ഉപേക്ഷിക്കേണ്ടി വരില്ലായെന്നും കമ്പനി പറയുന്നു. വെറും 16 സ്‌ക്വയര്‍ ഫീറ്റ് സ്ഥലം മാത്രമാണ് ലാക്ടേഷന്‍ പോഡിന് വേണ്ടി വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."