പെട്രോള്‍ പമ്പിന് പ്രവര്‍ത്തനാനുമതി നിഷേധിച്ച നടപടി; പഞ്ചായത്തിന് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്
പള്ളിക്കല്‍: പെട്രോള്‍ പമ്പിന്റെ പ്രവര്‍ത്തനം നിഷേധിച്ച പഞ്ചായത്തിന്റെ നടപടിക്ക് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്. എസ്.ആര് ഓയില്‍ ലിമിറ്റഡ് കമ്പനിക്ക് കീഴില്‍ പള്ളിക്കല്‍ പഞ്ചായത്തിലെ കുമ്മിണിപറമ്പില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച പെട്രോള്‍ പമ്പിനാണ് നമ്പര്‍ നല്‍കാതെ പള്ളിക്കല്‍ പഞ്ചായത്ത് തുടര്‍ പ്രവര്‍ത്തനം തടഞ്ഞുവച്ചത്.
ഇതിനെതിരേ പമ്പ് ഉടമയായ കുമ്മിണിപ്പറമ്പ് സ്വദേശി പി.സി സുബൈദ ആഴ്ചകള്‍ക്ക് മുന്‍പ് പഞ്ചായത്ത് കാര്യാലയ കവാടത്തില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. തേഞ്ഞിപ്പലം പൊലിസിന്റെ ഇടപെടലിലാണ് അന്ന് സമരം അവസാനിപ്പിച്ചത്. തുടര്‍ന്നും പരിഹാരം കാണാതായതോടെയാണ് ഇവര്‍ കോടതിയെ സമീപിച്ചത്. പരാതി പരിശോധിച്ച ഹൈക്കോടതി പത്ത് ദിവസത്തിനകം സ്ഥലം പരിശോധിച്ച് നമ്പര്‍ നല്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനായി പഞ്ചായത്തിന് നിര്‍ദേശം നല്കി.പഞ്ചായത്തിലെ ഒരു അംഗത്തിന്റെ വ്യക്തി താല്പര്യം സംരക്ഷിക്കാനാണ് ലക്ഷങ്ങള്‍ മുടക്കി പ്രവൃത്തി പൂര്‍ത്തീകരിച്ച ശേഷം അവസാനഘട്ടത്തില്‍ പമ്പിന്റെ പ്രവര്‍ത്തനം പഞ്ചായത്ത് തടഞ്ഞതെന്ന് പെട്രോള്‍ പമ്പിന്റെ ഉടമയായ പി.സി സുബൈദയും ഇവരുടെ ഭര്‍ത്താവ് പള്ളിക്കല്‍ പഞ്ചായത്ത് മുന്‍ മെമ്പര്‍ കുമ്മിണിപ്പറമ്പില്‍ മുഹമ്മദ് കുട്ടി എന്ന ബാവയും പറയുന്നത്. വ്യക്തിതാല്പര്യം സംരക്ഷിക്കാന്‍ മാത്രം ഭരണം കൈയാളുന്ന പഞ്ചായത്തിലെ ചില ജനപ്രധിനിധികള്‍ക്കും ഇത്തരം സര്‍ക്കാര്‍ ഉദ്യാഗസ്ഥര്ക്കുമുള്ള തിരിച്ചടിയാണ് കോടതിയുടെ ഈ ഉത്തരവെന്ന് ഇവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."