പണമിടപാട് സ്ഥാപനത്തിലെ കവര്‍ച്ച; പ്രതി പിടിയിലായതായി സൂചന
കല്ലമ്പലം: കല്ലമ്പലത്തെ പണമിടപാട് സ്ഥാപനത്തില്‍ നിന്ന് പട്ടാപ്പകല്‍ പണവും സ്വര്‍ണവും കവര്‍ന്ന കേസിലെ പ്രതി പിടിയിലായതായി സൂചന. വെഞ്ഞാറമൂട്ടില്‍ നിന്നാണ് പൊലിസ് ഇന്നലെ വൈകിട്ട് പ്രതിയെ പിടികൂടിയത്.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കല്ലമ്പലത്തെ വ്യാപാരികളെ മൊത്തം ആശങ്കയിലാക്കിയ കവര്‍ച്ച നടന്നത്.
കല്ലമ്പലം ജങ്ഷനില്‍ പണയാഭരണങ്ങള്‍ എടുക്കാന്‍ പണം കൊടുക്കുന്ന അഹമ്മദ്കുഞ്ഞ് തന്റെ കടയുടെ ഷട്ടര്‍ താഴ്ത്തിയിട്ട് സമീപത്തെ പള്ളിയില്‍ ജുമാ നിസ്‌ക്കാരം കഴിഞ്ഞ് തിരിച്ചെത്തുന്നതിനിടയിലായിരുന്നു മോഷ്ടാവ് സെല്‍ഫ് കുത്തിത്തുറന്ന് അഞ്ചു ലക്ഷം രൂപയും ഏഴ് പവനും മോഷ്ടിച്ച് കടന്നുകളഞ്ഞത്.
ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ കല്ലമ്പലം എസ്.ഐയും സംഘവും ഡോഗ് സ്‌ക്വാഡിന്റെയും ഫിംഗര്‍പ്രിന്റ് വിദഗ്ധരുടെയും സഹായത്തോടെ അന്വേഷണം നടത്തി വരവെയാണ് വെഞ്ഞാറമൂട്ടില്‍ നിന്ന് പ്രതിയെ പിടികൂടിയത്.
കുറ്റകൃത്യങ്ങള്‍ക്ക് തടയിടാനും കുറ്റക്കാരെ എളുപ്പത്തില്‍ കണ്ടുപിടിക്കാനുമായി കല്ലമ്പലം ജങ്ഷനില്‍ അടുത്തിടെ സ്ഥാപിച്ച മുപ്പതോളം സി.സി.ടി.വി ക്യാമറകളില്‍ പകുതിയും കണ്ണടച്ചിട്ട് ആഴ്ച്ചകളായി. ഇതിന്റെ വൈദ്യുതി ബില്‍ അടയ്ക്കുന്ന കാര്യത്തില്‍ വ്യക്തതയില്ലാത്തതിനാല്‍ വ്യാപാരികള്‍ തന്നെ ഒഫാക്കിയെന്നാണ് ആക്ഷേപം.
ഓരോ സ്ഥലങ്ങളിലെയും ക്യാമറകള്‍ പ്രവര്‍ത്തിക്കാനുള്ള വൈദ്യുതി കണക്ഷന്‍ സമീപത്തെ ഏതെങ്കിലും വ്യാപാര സ്ഥാപനങ്ങളിലായിരുന്നു നല്‍കിയിരുന്നത്. ബില്‍ തുക അമിതമായതോടെയാണ് പലരും ഓഫാക്കി തുടങ്ങിയത്.ശേഷിക്കുന്ന ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലിസ് പ്രതിയെ കണ്ടെത്തിയതെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."