64ാം വയസിലും മുഹമ്മദ്കുട്ടിയുടെ ജീവിതം കൃഷിത്തോട്ടത്തില്‍
പള്ളിക്കല്‍: പള്ളിക്കല്‍ ബസാറിലെ തറ്റത്തൊടി വീട്ടില്‍ താമസിക്കുന്ന കാരത്തൊടി മുഹമ്മദ് കുട്ടിയുടെ ജീവിതം കൃഷിത്തോട്ടത്തില്‍. നാലാം ക്ലാസില്‍ പഠനം നിര്‍ത്തി കൃഷിക്കാരനായ പിതാവ് കാരത്തൊടി ഹസ്സനോടൊപ്പം കൃഷിത്തോട്ടത്തിലിറങ്ങിയ മുഹമ്മദ് കുട്ടി 64-ാം വയസ്സിലും കൃഷിപ്പണിയില്‍ തുടരുന്നു. രാവിലെ ഏഴോടെ കൃഷിത്തോട്ടത്തിലിറങ്ങുന്ന ഇദ്ദേഹം രാത്രി ഇരുട്ടും വരെ തോട്ടത്തില്‍ തന്നെയാണ്. ഭക്ഷണം വീട്ടില്‍ നിന്നും കൊണ്ടു വരാത്ത ദിവസം തോട്ടത്തില്‍ വെച്ച് കഞ്ഞിയുണ്ടാക്കി കുടിക്കുകയാണ് പതിവ്. വാഴ, കപ്പ, പയര്‍, മുളക്, കൈപ്പ, വെണ്ട, ചീര എന്നിവയാണ് കൃഷിചെയ്യുന്നത്.
സ്വന്തമായുള്ള പതിനഞ്ച് സെന്റ് സ്ഥലത്തും പള്ളിക്കല്‍ പാറക്കടുത്ത് പാട്ടത്തിനെടുത്ത ഒരു ഏക്കറോളം വരുന്ന സ്ഥലത്തുമാണ് കൃഷിയിറക്കുന്നത്. ഇരുട്ടുന്നതോടെ വിളവെടുത്ത പച്ചക്കറികള്‍ റോഡോരങ്ങളില്‍ വെച്ചാണ് വില്‍പന. എത്ര വൈകിയാലും എമര്‍ജന്‍സി ലൈറ്റിന്റെ വെളിച്ചത്തില്‍ സാധനം വിറ്റ് തീര്‍ന്നിട്ടെ മുഹമ്മദ് കുട്ടി മടങ്ങാറുള്ളൂ. രാസവളം ഉപയോഗിക്കാത്ത പച്ചക്കറികള്‍ വാങ്ങാനായി ഇദ്ദേഹത്തിനരികില്‍ സ്ഥിരമായെത്തുന്നവരും ഏറെയാണ്. വാഴപ്പഴം ഒഴികെയുള്ള വിളവെടുക്കുന്ന പച്ചക്കറികള്‍ കച്ചവടക്കാര്‍ക്ക് വില്‍പനക്ക് കൊടുക്കാറില്ലെന്ന് മുഹമ്മദ്കുട്ടി പറയുന്നു.
ഇത്തവണത്തെ കടുത്ത വരള്‍ച്ചയില്‍ തോട്ടത്തിലെ കുഴിക്കിണറില്‍ വെള്ളം വറ്റിയതിനാല്‍ കൃഷി പലതും നശിച്ചതായി മുഹമ്മദ് കുട്ടി പറഞ്ഞു. ചെറിയ കുഴിക്കിണറിന് പകരം തൊഴിലുറപ്പുകാരെ വെച്ച് കിണര്‍ നിര്‍മാണത്തിലാണ് ഇദ്ദേഹമിപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."