വേനല്‍ മഴയെത്തി; സജീവമായി പരമ്പരാഗത മത്സ്യമേഖല
വൈക്കം: വേനല്‍ മഴ വന്നു. നിര്‍ജീവമായ പരമ്പരാഗത മത്സ്യമേഖല ഉണര്‍ന്നു. കോരിച്ചൊരിയുന്ന വേനല്‍ മഴയാണ് മേഖലയ്ക്ക് ജീവശ്വാസം നല്‍കിയത്. വറ്റിവരണ്ടു കിടന്ന കുളങ്ങളിലും നാട്ടുതോടുകളിലുമെല്ലാം വെള്ളം നിറഞ്ഞതോടെ പരമ്പരാഗത മത്സ്യസമ്പത്ത് ഇവിടേക്ക് ഒഴുകിയെത്തിയിരിക്കുകയാണ്.
നാട്ടുമത്സ്യങ്ങളായ വരാല്‍, കാരി, കറൂപ്പ് എന്നിവയെല്ലാം ഉടക്കുവലയിടുന്നവര്‍ക്ക് നിറയെ ലഭിക്കുന്നു. ചില സ്ഥലങ്ങളില്‍ കുളങ്ങള്‍ വറ്റിച്ചും മീന്‍പിടിക്കുന്നുണ്ട്. ഒരാള്‍ക്ക് ഒരു ദിവസം 1500 മുതല്‍ 2000 രൂപ വരെ പ്രതിഫലം ലഭിക്കുന്നു. വൈക്കം-ചേര്‍ത്തല റോഡിലെ ഇടയാഴത്തിനുസമീപമുള്ള ക്ഷേത്രം കഴിഞ്ഞ കുറച്ചുദിവസം മുന്‍പ് ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തിരുന്നു. കാടുപിടിച്ചിരുന്ന കുളം ദേവസ്വം ബോര്‍ഡ് മോട്ടോര്‍വെച്ച് വറ്റിക്കുന്ന വിവരമറിഞ്ഞ് നിരവധി പേര്‍ ഇവിടെ ഒഴുകിയെത്തി.
എട്ടിലധികം ആളുകള്‍ കുളത്തിലിറങ്ങി മീന്‍പിടിച്ചപ്പോള്‍ ഇവര്‍ക്കുലഭിച്ചത് ഇരുപതിനായിരത്തിലധികം രൂപയുടെ മീനുകളായിരുന്നു. പിടികൂടിയ മത്സ്യങ്ങളെല്ലാം ചൂടപ്പം പോലെയാണ് വിറ്റഴിഞ്ഞത്. മത്സ്യങ്ങള്‍ നേരിട്ടുവിറ്റപ്പോള്‍ സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് മതിയായ വിലയ്ക്ക് ലഭ്യമായി. പരമ്പരാഗത മേഖലയ്ക്ക് എപ്പോഴും തിരിച്ചടി ഉണ്ടാക്കുന്നത് ഇടനിലക്കാരുടെ ചൂഷണമാണ്. കഷ്ടപ്പാടുകളിലൂടെ കുളങ്ങളിലും നാട്ടുതോടുകളിലും മുഴുവന്‍ സമയം പണിയെടുത്ത് പിടികൂടി കൊണ്ടുചെല്ലുന്ന മത്സ്യങ്ങള്‍ക്ക് വലിയ വില നല്‍കാതെ ഇടനിലക്കാര്‍ കൈക്കലാക്കുന്നു.
വരാലിന് ഒരു കിലോയ്ക്ക് 150 രൂപയാണ് തൊഴിലാളിക്ക് ലഭിക്കുന്നത്. ഇത് മാര്‍ക്കറ്റിലെത്തിയാല്‍ പിന്നെ മോഹവിലയാണ്. കോവിലകത്തുംകടവ്, ഉല്ലല, ടി.വി പുരം, കടുത്തുരുത്തി മാര്‍ക്കറ്റുകളില്‍ കടല്‍, കായല്‍ മത്സ്യങ്ങളെക്കാള്‍ അല്‍പം ഡിമാന്‍ഡ് നാട്ടുമത്സ്യങ്ങള്‍ക്കാണ്. വരാല്‍ ആണ് ഏവര്‍ക്കും പ്രിയം.
പരമ്പരാഗത മത്സ്യമേഖലയെ നിലനിര്‍ത്തുവാന്‍ സര്‍ക്കാര്‍ ഒട്ടനവധി പരിഷ്‌കാരങ്ങളെല്ലാം നടപ്പിലാക്കിയെങ്കിലും ഇതൊന്നും വേണ്ടവിധത്തില്‍ ഏശിയില്ല. തൊഴിലാളികള്‍ക്ക് മതിയായ വില ലഭിക്കുവാന്‍ പല സ്ഥലങ്ങളിലും സംഘങ്ങളെല്ലാം രൂപീകരിച്ചെങ്കിലും ഇതിന്റെയെല്ലാം പ്രവര്‍ത്തനം അവതാളത്തിലാണ്. തലയാഴം, വെച്ചൂര്‍, കല്ലറ പഞ്ചായത്തുകളിലാണ് ഇന്നും പരമ്പരാഗത മത്സ്യമേഖല നിലനില്‍ക്കുന്നത്. ഏകദേശം അഞ്ഞൂറിലധികം തൊഴിലാളികള്‍ ഇന്നും ഈ മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തുന്നുണ്ട്.
നാട്ടുതോടുകള്‍ ശോഷിക്കുന്നതും മേഖലയെ പിന്നോട്ടടിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."