കേന്ദ്രത്തിലേത് സ്വയം പ്രതീക്ഷ നഷ്ടപ്പെട്ട സര്‍ക്കാര്‍: കുഞ്ഞാലിക്കുട്ടി
ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ ഭരണത്തിലുള്ളത് സ്വയം പ്രതീക്ഷ നഷ്ടപ്പെട്ട സര്‍ക്കാരാണെന്നും അങ്ങനെയിരിക്കെ സര്‍ക്കാരിനെങ്ങനെയാണ് ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കാന്‍ സാധിക്കുകയെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ചോദിച്ചു.
ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളില്‍ പ്രതീക്ഷ നിറച്ചു എന്നാണ് രാഷ്ട്രപതി പ്രസംഗിച്ചത്. എന്നാല്‍ യാതൊരു ഭരണനേട്ടവും എടുത്തു പറയാനില്ലാത്ത സര്‍ക്കാരാണിത്. 282 സീറ്റുകളുമായി അധികാരത്തിലെത്തിയ ബി.ജെ.പിക്ക് ഇപ്പോള്‍ 268 സീറ്റ് മാത്രമേയുള്ളൂ.
ഭരണകാലത്ത് നടന്ന ഒട്ടുമിക്ക ഉപതെരഞ്ഞടുപ്പുകളിലും പരാജയപ്പെട്ട് യാതൊരു പ്രതീക്ഷയും തങ്ങളില്‍ തന്നെ ബാക്കിയില്ലാത്ത സര്‍ക്കാരാണിത്.സഭയില്‍ രാവിലെ സംസാരിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഖെ വിവിധ വകുപ്പുകളില്‍നിന്ന് ലഭിച്ച കണക്കുകളുടെ പിന്‍ബലത്തില്‍ സര്‍ക്കാരിന്റെ പരാജയം എണ്ണിയെണ്ണി പറഞ്ഞ് സ്ഥാപിച്ചപ്പോള്‍ അതിന് മറുപടി നല്‍കാന്‍ പോലും ഭരണപക്ഷത്തിന് കഴിഞ്ഞില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യാതൊരു പ്രതീക്ഷയും ജനങ്ങള്‍ക്ക് നല്‍കാനില്ലാത്തതിനാലാണ് രാജ്യത്തെ ഭിന്നിപ്പിച്ചും പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ വ്യാജ അന്വേഷണങ്ങള്‍ നടത്തിയും സര്‍ക്കാര്‍ രംഗത്ത് വരുന്നത്.
മുത്വലാഖ് ബില്ല്, പൗരത്വ ഭേദഗതി ബില്ല് തുടങ്ങി മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന കാര്യങ്ങളാണ് സര്‍ക്കാര്‍ സഭയില്‍ കൊണ്ടുവന്നത്.തങ്ങളുടെ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കെതിരെയും മന്ത്രിമാര്‍ക്കെതിരെയും അഴിമതി ആരോപണങ്ങളുണ്ടായിട്ടും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ മാത്രം ലക്ഷ്യം വെക്കുന്ന ഭരണകക്ഷിയുടെ നിലപാടില്‍ അഭിമാനമല്ല നാണക്കേടാണ് തോന്നേണ്ടതെന്നും എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."