വളയിട്ട കൈകള്‍ക്ക് കരുത്താകുന്നു, പ്രതിരോധത്തിന്റെ പാഠങ്ങള്‍
കോഴിക്കോട്: 'ഇടവഴിയിലൂടെ നടന്നുപോകുമ്പോള്‍ പെട്ടന്നൊരാള്‍ നിങ്ങളെ ഇങ്ങനെ കടന്നുപിടിച്ചാല്‍ എന്തുചെയ്യും? മനോധൈര്യം വീണ്ടെടുത്ത് കൈകളുപയോഗിച്ച് ദാ ഇതുപോലെ അയാളെ തള്ളി താഴെയിടുക. ഇനി ബസില്‍ പോകുമ്പോഴാണ് ശല്യമെങ്കില്‍ ശബ്ദമുയര്‍ത്തി അയാളോടു സംസാരിക്കുക. അതല്ലെങ്കില്‍ വിവരം ബന്ധപ്പെട്ടവരെ അറിയിക്കുക. ദിവസവും നമ്മള്‍ നേരിടുന്ന വിവിധ അതിക്രമങ്ങളെ ചെറുക്കാനുള്ള ചെറിയ വഴികള്‍ മാത്രമാണിത്. വഴികള്‍ ഇനിയുമുണ്ടല്ലോ...' സ്ത്രീകള്‍ക്ക് അപ്രതീക്ഷിതമായി നേരിടേണ്ടിവരുന്ന അക്രമങ്ങളെ പ്രതിരോധിക്കാന്‍ സ്വയംപ്രാപ്തരാക്കുന്ന ജില്ലാ പൊലിസിന്റെ പരിശീലന പരിപാടിയിലേതാണ് ഈ രംഗം. സിറ്റി പൊലിസ് വനിതാ സെല്ലിന്റെ നേതൃത്വത്തില്‍ വെസ്റ്റ്ഹില്‍ ഗവ. പോളിടെക്‌നിക്കിലാണ് 'സ്ത്രീ സ്വയംരക്ഷാ പ്രതിരോധ പരിശീലന പരിപാടി' സംഘടിപ്പിച്ചത്. ലിഫ്റ്റ് അറ്റാക്ക്, എ.ടി.എം അറ്റാക്ക്, ലൈംഗികാതിക്രമം, കത്തികൊണ്ടുള്ള ആക്രമണം തുടങ്ങിയവയില്‍നിന്ന് സ്വയം എങ്ങനെ പ്രതിരോധിക്കാം എന്നതിലാണു പരിശീലനം നല്‍കുന്നത്. ശരീരത്തിന്റെ സ്വാഭാവിക ചലനങ്ങളിലൂടെയും ലളിതമായ ഇടപെടലിലൂടെയും ശക്തികുറഞ്ഞവര്‍ക്കും പ്രായമായവര്‍ക്കുപോലും സ്വയംരക്ഷ നേടിത്തരുന്ന വിധത്തിലാണു പരിശീലന പരിപാടി തയാറാക്കിയിരിക്കുന്നത്. ഗാര്‍ഹിക ആക്രമണങ്ങളില്‍നിന്ന് രക്ഷനേടാന്‍ സ്ത്രീകളെ മാനസികമായും ശാരീരികമായും സജ്ജരാക്കുന്ന 12ഓളം പ്രതിരോധമുറകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആയോധന മുറകളില്‍ മുന്‍പരിചയം ആവശ്യമില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. നിര്‍ഭയ പദ്ധതിയുടെ കീഴില്‍വരുന്ന ജനമൈത്രി സ്ത്രീസുരക്ഷയുടെ ഭാഗമായി കോളജുകള്‍, കുടുംബശ്രീകള്‍ എന്നിവയിലൂടെയാണു സ്ത്രീകള്‍ക്ക് പരിശീലനം നല്‍കുന്നത്. 20 മണിക്കൂര്‍ പരിശീലനത്തില്‍ 16 മണിക്കൂര്‍ കായികപരിശീലനവും നാലു മണിക്കൂര്‍ നിയമക്ലാസും നല്‍കുന്നു. കായികമായ പ്രതിരോധ വിദ്യകള്‍ക്കൊപ്പം വിവിധ സന്ദര്‍ഭങ്ങളില്‍ വനിതകള്‍ നേരിടേണ്ടിവരുന്ന അതിക്രമ സാഹചര്യങ്ങള്‍ തിരിച്ചറിയാന്‍ അവരെ പ്രാപ്തരാക്കുക, സ്ത്രീകള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള നിയമപരിരക്ഷ, പൊലിസും മറ്റു വകുപ്പുകളും നല്‍കുന്ന സംരക്ഷണങ്ങള്‍ എന്നിവ സംബന്ധിച്ച് അറിവു പകരുക എന്നതും പദ്ധതിയുടെ ഭാഗമാണെന്ന് നിര്‍ഭയ പദ്ധതിയുടെ നോഡല്‍ ഓഫിസറായ കെ.എം ലീല പറയുന്നു. അടുത്ത മാസത്തിനുള്ളില്‍ 5000 പേര്‍ക്കു പരിശീലനം നല്‍കണമെന്നാണു ലക്ഷ്യമിടുന്നത്. ആയുധങ്ങളില്ലാത്ത സാഹചര്യങ്ങളില്‍ നമ്മുടെ അവയവങ്ങള്‍ തന്നെയാണ് ആയുധങ്ങള്‍ എന്ന തിരിച്ചറിവ് നല്‍കാന്‍ ഇതിലൂടെ സാധിക്കുമെന്നും അവര്‍ പറഞ്ഞു. തിരുവന്തപുരത്തുനിന്ന് പ്രത്യേക പരിശീലനം ലഭിച്ച സിവില്‍ പൊലിസുകാരായ പി.പി ഷീന, പി.എം ഷൈനി, പി.കെ റസീന എന്നിവരടങ്ങുന്ന സംഘമാണ് പരിശീലനത്തിനു നേതൃത്വം നല്‍കുന്നത്. സ്ത്രീകള്‍ സദാസമയവും ശ്രദ്ധാലുക്കളായാല്‍ മാത്രമേ പ്രതിരോധിക്കാന്‍ സാധിക്കുകയുള്ളൂ, അതിന് ആത്മവിശ്വാസം വേണമെന്ന് പരിശീലക പി.കെ റസീന പറയുന്നു. ഡല്‍ഹിയില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സാഹചര്യത്തില്‍ സത്രീകള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങളെ രാജ്യം കൂടുതല്‍ ഗൗരവത്തോടെ കാണാന്‍ തുടങ്ങി. അതിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്ക് എങ്ങനെ അതിക്രമങ്ങളെ തടയാം എന്ന കാര്യത്തില്‍ രാജ്യത്തെ വിവിധ പൊലിസ് സേനകള്‍ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. അതില്‍ മികച്ച അഭിപ്രായം നേടിയത് കേരളാ പൊലിസിന്റെ സ്വയം പ്രതിരോധ വിദ്യയാണ്. ഇതേതുടര്‍ന്നാണു കേരളത്തിലെ സ്ത്രീകള്‍ക്കായി ഇത്തരത്തില്‍ പരിശീലന ക്ലാസുകള്‍ നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."