എസ്.എ.ടിയില്‍ പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി ഫലപ്രാപ്തിയിലേക്ക്
തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയില്‍ പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി യാഥാര്‍ഥ്യമാകുന്നു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഇടപെട്ട് എസ്.എ.ടിക്ക് അനുവദിച്ച സുപ്രധാന സംരംഭങ്ങളിലൊന്നാണ് ഇവിടെ ലക്ഷ്യം കണ്ടത്
തിയറ്ററിന് ആവശ്യമായ ഹാര്‍ട്ട് ലങ് മെഷീന്‍, വെന്റിലേറ്റര്‍, മറ്റ് അനുബന്ധ ഉപകരണങ്ങള്‍ എന്നിവയെല്ലാം എത്തിയതോടെ രോഗികള്‍ക്ക് ചികിത്സ വൈകാതിരിക്കാന്‍ എസ്.എ.ടിയില്‍ നിര്‍മിക്കുന്ന ഓപറേഷന്‍ തിയറ്ററിന്റെ നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയാകുന്നതുവരെ മെഡിക്കല്‍ കോളജ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ തിയറ്ററില്‍ ഉപകരണങ്ങള്‍ സ്ഥാപിച്ച് എത്രയും വേഗം ചികിത്സ ആരംഭിക്കാനാണ് തീരുമാനം.
ഇതിന്റെ ഭാഗമായി തിയറ്ററില്‍ ഉപകരണങ്ങള്‍ സ്ഥാപിച്ചുകഴിഞ്ഞു. ഗോള്‍ഡന്‍ ജൂബിലി മന്ദിരത്തില്‍ പുതിയ തിയേറ്റര്‍ നിര്‍മാണപ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. ആറുമാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് ഉപകരണങ്ങള്‍ അവിടേക്ക് മാറ്റി ചികിത്സ തുടരും. 80 ലക്ഷം രൂപയുടെ ഹാര്‍ട്ട് ലങ് മെഷീന്‍ ഉള്‍പ്പെടെ ഒരു കോടിയിലധികം രൂപയുടെ ഉപകരണങ്ങളാണ് എത്തിയത്. നാഷനല്‍ ഹെല്‍ത്ത് മിഷന്‍ വഴിയാണ് തുക ലഭ്യമാക്കിയത്. താമസം കൂടാതെ ഉപകരണങ്ങളെല്ലാം സ്ഥാപിച്ച് പ്രവര്‍ത്തന സജ്ജമാവുകയും ചെയ്തു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, എസ്.എ.ടി ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാര്‍, പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. ലക്ഷ്മി എന്നിവരുടെ അഭ്യര്‍ഥനയാണ് സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായെടുത്ത് പൂര്‍ത്തീകരിച്ചിരിക്കുന്നത്. മെഡിക്കല്‍ കോളജ് കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗം മേധാവി ഡോ. അബ്ദുല്‍ റഷീദ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ തിയറ്ററില്‍ ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ പൂര്‍ണമായ പിന്തുണ നല്‍കുകയും ചെയ്തു.
എസ്.എ.ടിയില്‍ പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി ആരംഭിക്കുന്നതിനായി ഡോ. വിനുവിനെ സര്‍ക്കാര്‍ ഫെലോഷിപ്പിന് ശ്രീചിത്രയില്‍ അയച്ചിരുന്നു. അദ്ദേഹം ജനുവരിയില്‍ പരിശീലനം പൂര്‍ത്തിയാക്കി തിരിച്ചെത്തുകയും ചെയ്തതോടെ കാര്‍ഡിയാക് സര്‍ജറി ആരംഭിക്കാനുള്ള സംവിധാനങ്ങളെല്ലാം പൂര്‍ത്തിയായി. എസ്.എ.ടിയിലെ പുതിയ തിയറ്റര്‍ പ്രവര്‍ത്തനമാരംഭിക്കുന്നതുവരെ അഞ്ചു വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ചികിത്സ നല്‍കാനാണ് അധികൃതരുടെ തീരുമാനം. അതിനു ശേഷം മറ്റു കുട്ടികള്‍ക്കും ചികിത്സ ലഭ്യമാക്കും. മെഷീന്‍ സ്ഥാപിക്കുന്ന നടപടികളെല്ലാം പൂര്‍ത്തിയാക്കിയതോടെ അധികം താമസിയാതെ തിയറ്റര്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."