സൗത്ത് കൊണ്ടാഴിയില്‍ 86 ഗെയില്‍ തൊഴിലാളികള്‍ നിരീക്ഷണത്തില്‍
ചേലക്കര : ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയില്‍) പൈപ്പ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയ കരാര്‍ കംപനിയുടെ 86 അതിഥി തൊഴിലാളികളെ സൗത്ത് കൊണ്ടാഴിയില്‍ ഇവര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ആരോഗ്യ വകുപ്പ് നിരീക്ഷത്തിലാക്കി.
സംഘത്തിലെ ഒരാള്‍ക്ക് കടുത്ത പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ജാഗ്രത. മധ്യപ്രദേശ് സ്വദേശി മഹീന്ദര്‍ രജകി(19) നെയാണ് കഴിഞ്ഞ രാത്രിയില്‍ മെഡിക്കല്‍ കോളജിലെ ഐസോലേഷന് വാര്‍ഡിലേക്ക് മാറ്റിയത്.
മധ്യപ്രദേശ്, ചത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് കുറച്ച് നാളുകളായി ചേലക്കര കൊണ്ടാഴി മേഖലകളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇതില്‍ ഒരാള്‍ക്ക് പനി ലക്ഷണങ്ങള്‍ കണ്ടതോടെ മുന്‍കരുതല്‍ എന്ന നിലയിലാണ് നടപടി. ദിശ ആംബുലന്‍സിലാണ് യുവാവിനെ മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പത്മകുമാര്‍, കൊണ്ടാഴി പഞ്ചായ ത്ത് വൈസ് പ്രസിഡന്റ് പി. ആര്. വിശ്വനാഥന്, പഴയന്നൂര്‍ പൊലിസ് ഹൗസ് സ്റ്റേഷന് ഓഫിസര്‍ പി.സി ചാക്കോ എന്നിവര്‍ നേതൃത്വം നല്കി. സഹ തൊഴിലാളികളോടൊപ്പം യുവാവിനെ ചികിത്സിച്ച ഡോക്ടര്‍, മരുന്ന് നല്കിയ ഫാര്‍മസിസ്റ്റ്, എന്നിവരോടും നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടതായും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."