പരിപാലന ഏജന്‍സി അപ്രത്യക്ഷമായി; നഗരത്തിലെ മലര്‍വാടികള്‍ കരിഞ്ഞുണങ്ങുന്നു
തിരുവനന്തപുരം: പരിപാലന ഏജന്‍സികള്‍ ജോലി മതിയാക്കി അപ്രത്യക്ഷമായതോടെ നഗരത്തിലെ മലര്‍വാടികള്‍ കരിഞ്ഞുണങ്ങുന്നു.
തലസ്ഥാന നഗരിക്ക് മനോഹാരിത വര്‍ധിപ്പിക്കാനായി വിവിധ ഇടങ്ങളില്‍ പുല്‍ത്തകിടികളും പൂമരങ്ങളും തെരുവുവിളക്കുകളുമെല്ലാം തകൃതിയായി സ്ഥാപിക്കുകയും കുറ്റമറ്റ രീതിയില്‍ പരിപാലിച്ച് പോരുകയും ചെയ്തിരുന്നെങ്കിലും ഇന്ന് അതെല്ലാം കടങ്കഥയായി മാറിയിരിക്കയാണ്. ഇതിനായി കരാറെടുത്തിരുന്ന ടി.ആര്‍.ഡി.സി.എല്‍ എന്ന ഏജന്‍സിയാണ് ഇപ്പോള്‍ രംഗം വിട്ടിരിക്കുന്നത്. ഏജന്‍സിക്ക് നല്‍കാനുള്ള പണം നല്‍കാന്‍ സര്‍ക്കാര്‍ ഉത്സാഹം കാണിക്കാത്തതാണ് പദ്ധതി ഉപേക്ഷിക്കാന്‍ ഇടയാക്കിയിരിക്കുന്നത്. ഇതില്‍ സര്‍ക്കാരില്‍നിന്ന് ലഭിക്കേണ്ട വര്‍ഷത്തില്‍ നല്‍കുന്ന തുകയും മറ്റു പണികളുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് നല്‍കാനുള്ളതും ഉള്‍പ്പെടും.
സന്ദര്‍ശകരായി നഗരത്തിലേക്ക് എത്തുന്നവര്‍ക്ക് കണ്ണിന് കുളിരായിരുന്നു പച്ചപിടിച്ച പുല്‍ത്തകിടികളും ടി.ആര്‍.ഡി.സി.എല്ലിന് കീഴില്‍ പരിപാലിപ്പിക്കപ്പെടുന്ന ഉദ്യാനങ്ങളും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന സിഗ്നല്‍ ലൈറ്റുകളുമെല്ലാം. പലയിടത്തും കരാറില്‍ പറഞ്ഞതില്‍ അധികം ജോലികള്‍ നടത്തിയത് ഉള്‍പ്പെടെ 75 കോടിയോളം രൂപയാണ് സര്‍ക്കാര്‍ നല്‍കാനുള്ളത്. എന്നാല്‍ ഈ വിഷയത്തില്‍ കുടിശ്ശികയുണ്ടെങ്കില്‍ പണികള്‍ പൂര്‍ത്തീകരിക്കുന്നതിന് അനുസരിച്ച് നല്‍കാമെന്ന ഉറപ്പ് പൊതുമരാമത്ത് വകുപ്പ് മുന്നോട്ടു വച്ചിട്ടുണ്ടെങ്കിലും ഇതൊന്നും നഗരത്തിലെ പൂന്തോട്ടങ്ങള്‍ക്കും സിഗ്‌നലുകള്‍ക്കുമൊന്നും പരിചരണം ലഭിക്കുന്നിടത്തേക്ക് എത്തിയിട്ടില്ല. 2023 മുതല്‍ 2031 വരെ പരിപാലന ചുമതലയുള്ള റോഡുകള്‍ ഉള്‍പ്പെടെ അന്‍പതോളം കിലോമീറ്റര്‍ റോഡാണ് ടി.ആര്‍.ഡി.സി.എല്ലിനെ ഏല്‍പ്പിച്ചിരിക്കുന്നത്.
പണം കിട്ടാതായതോടെ ഏജന്‍സിക്ക് കീഴില്‍ പ്രവൃത്തികള്‍ ഏറ്റെടുത്ത കാരാറുകാരും സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്തിയിരിക്കയാണ്. ടി.ആര്‍.ഡി.സി.എല്ലിന്റെ മാതൃകമ്പനിയായ ഐ.ആന്‍ഡ്.എല്‍.എഫ്.എസിനെ കടക്കെണിയെത്തുര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. വകുപ്പ് മന്ത്രി ജി. സുധാകരന്‍ ടി.ആര്‍.ഡി.സി.എല്ലിന്റെ പ്രവര്‍ത്തനത്തെ പരസ്യമായി വിമര്‍ശിച്ചത് അടുത്തിടെ വാര്‍ത്തയായിരുന്നു. നിശ്ചിത സമയത്ത് ജോലികള്‍ പൂര്‍ത്തീകരിക്കുന്നില്ലെന്ന് മന്ത്രി തുറന്നടിച്ചിരുന്നു. കുമാരപുരം-മുറിഞ്ഞപാലം റോഡ്, ഈഞ്ചക്കല്‍- അട്ടക്കുളങ്ങര ബൈപ്പാസ് എന്നിവയുടെ ജോലികള്‍ തീരാത്തതായിരുന്നു മന്ത്രിയെ ചൊടിപ്പിച്ചത്. ഒന്നര വര്‍ഷമായി കരാര്‍ പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നും ചെയ്യാത്ത പണികളുടെ 11 കോടി രൂപ കുറച്ചാണ് വാര്‍ഷിക വിഹിതം കമ്പനിക്ക നല്‍കിയതെന്നും ഇതുമായി ബന്ധപ്പെട്ട് മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."