പകര്‍ച്ചവ്യാധികള്‍ പടിക്ക് പുറത്ത്
കോഴിക്കോട്: പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനായി 'ആരോഗ്യ ജാഗ്രത' പരിപാടിയുമായി ആരോഗ്യവകുപ്പ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടത്തുന്ന ആരോഗ്യ ബോധവല്‍ക്കരണ-പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണ പരിപാടിയാണു പരിപാടിയിലൂടെ നടപ്പാക്കുന്നത്.
കഴിഞ്ഞവര്‍ഷങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ 2019ല്‍ ഇത് ആവര്‍ത്തിക്കാതിരിക്കാനുള്ള ഊര്‍ജിത പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് പദ്ധതി നടപ്പാക്കുന്നത്.
2020ഓടെ മലമ്പനി, മന്ത്, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങളുടെ നിവാരണം, കുഷ്ഠരോഗത്തിന്റെ പ്രിവിലന്‍സ് റേറ്റ് 1000ന് 0.1 നെക്കാള്‍ താഴെ കൊണ്ടുവരിക, വയറിളക്കം, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ ജലജന്യ രോഗങ്ങളുടെ തോത് കുറയ്ക്കുക, മലമ്പനി മൂലമുള്ള മരണം ഇല്ലാതാക്കുക എന്നിവയാണു പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജനുവരിയില്‍ തുടക്കം കുറിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മറ്റ് അനുബന്ധ വകുപ്പു ജീവനക്കാര്‍ക്കും ആവശ്യമായ പരിശീലനം നല്‍കിയിരുന്നു. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ആവശ്യമായ പ്രവര്‍ത്തന രൂപരേഖകള്‍ തയാറാക്കുകയും വാര്‍ഡുതലം മുതല്‍ നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ക്കായി പഞ്ചായത്ത്-ബ്ലോക്കുതല കര്‍മ്മസമിതി രൂപീകരിക്കുകയും ചെയ്തു. കൂടാതെ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗം രണ്ടാഴ്ചയിലൊരിക്കല്‍ കലക്ടറുടെ അധ്യക്ഷതയില്‍ നടത്തുമെന്ന് അഡിഷണല്‍ മെഡിക്കല്‍ ഓഫിസര്‍ ആശാ ദേവി അറിയിച്ചു.
ആരോഗ്യ ജാഗ്രത പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം 11ന് രാവിലെ 10ന് സിവില്‍ സ്റ്റേഷന്‍ പ്ലാനിങ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷനായി. പരിപാടിയുടെ ഭാഗമായി 11 മുതല്‍ 16 വരെ നടത്തുന്ന ആരോഗ്യ സന്ദേശയാത്ര 16ന് ബ്ലോക്ക് തലങ്ങളില്‍ പര്യടനം നടത്തും.
വാര്‍ത്താ സമ്മേളനത്തില്‍ അഡിഷണല്‍ മെഡിക്കല്‍ ഓഫിസര്‍ ആശാ ദേവി, ഡെപ്യൂട്ടി ഡി.എം.ഒ ശ്രീകുമാര്‍ മുകുന്ദന്‍, കെ. പ്രകാശ് കുമാര്‍, എം.പി മണി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."