നഗരസഭയിലെ മത്സ്യ-മാംസ മാര്‍ക്കറ്റ് അടച്ചുപൂട്ടലിനെതിരേ വ്യാപാരികള്‍ രംഗത്ത്
കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭാ കൗണ്‍സില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ വകവെക്കാതെ കൈകൊണ്ട ടൗണിലെ മത്സ്യ-മാംസ മാര്‍ക്കറ്റ് അടച്ചുപൂട്ടല്‍ തീരുമാനത്തിനെതിരേ വ്യാപാരികളും രംഗത്ത്. ഇന്നലെ നഗരസഭാ ഭരണസമിതി വിളിച്ചുചേര്‍ത്ത വ്യാപാരികളുടെ യോഗത്തിലാണ് പ്രതിഷേധം ഉയര്‍ന്നത്. ടൗണിലെ മാര്‍ക്കറ്റ് അടച്ചുപൂട്ടുന്നതിന് പകരം ഇവിടെ ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മിക്കുകയാണ് വേണ്ടതെന്ന് വ്യാപാരി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഇതിനായി ചിലവ് വരുന്ന പണത്തിലേക്ക് തങ്ങളുടെ വിഹിതവും നല്‍കാമെന്നും മത്സ്യ-മാംസ മാര്‍ക്കറ്റിലെ വ്യാപാരികള്‍ നഗരസഭാ ഭരണസമിതിയെ അറിയിച്ചു. ആ കാലയളവില്‍ മാര്‍ക്കറ്റ് അടച്ചിടാനും തങ്ങള്‍ സന്നദ്ധരാണെന്ന് ഇവര്‍ അറിയിച്ചെങ്കിലും ഈമാസം 15ന് മാര്‍ക്കറ്റ് അടച്ചുപൂട്ടുമെന്ന തീരുമാനത്തില്‍ ചെയര്‍പേഴ്‌സണും വൈസ് ചെയര്‍മാനുമടങ്ങുന്ന ഭരണസമിതി ഉറച്ചുനിന്നുവെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ഇതോടെ അടച്ചുപൂട്ടാനുള്ള നടപടി അംഗീകരിക്കുകയില്ലെന്ന് തങ്ങള്‍ ആണയിട്ട് പറഞ്ഞതോടെ ചര്‍ച്ച തിങ്കളാഴ്ച വീണ്ടും തുടരാമെന്ന ധാരണയില്‍ ഭരണസമിതി അംഗങ്ങള്‍ യോഗം പിരിച്ചുവിടുകയായിരുന്നുവെന്നും ഇവര്‍ അവകാശപ്പെട്ടു. മത്സ്യ-മാംസ മാര്‍ക്കറ്റില്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് എന്നത് തങ്ങള്‍ അംഗീകരിക്കുമ്പോഴും 100ലധികം ജീവനക്കാരും അതിന്റെ ഇരട്ടിയോളം പൊതുജനങ്ങളും ദിനേനെയെത്തുന്ന നഗരസഭാ കാര്യാലയത്തില്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് ഇല്ലായെന്നതും വ്യാപാരികള്‍ ചൂണ്ടിക്കാട്ടി. ഇവിടെ നിന്നും ടോയ്‌ലറ്റ് മാലിന്യങ്ങള്‍ തൊട്ടടുത്ത തോടിലേക്കാണ് ഒഴുക്കുന്നതെന്ന ഗുരുതര ആരോപണവും ഇവര്‍ ഉന്നയിച്ചിട്ടുണ്ട്്. ടൗണിലെ പ്രധാന കച്ചവട സ്ഥാപനങ്ങളിലൊന്നും ഇത്തരത്തിലുള്ള ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ ഇല്ലായെന്നും ഇവിടെയൊന്നും നഗരസഭാ അധികൃതര്‍ കാര്യമായ ഇടപെടലുകള്‍ നടത്തുന്നില്ലാ എന്നും വ്യാപാരികള്‍ ആരോപിച്ചു. യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ്, വൈസ് ചെയര്‍മാന്‍ ആര്‍. രാധാകൃഷ്ണന്‍, കൗണ്‍സിലര്‍മാരായ വി. ഹാരിസ്, എ.പി ഹമീദ്, വ്യാപാരി പ്രതിനിധികളായ എം. അബു, കമറുദ്ദീന്‍, മുസ്തഫ മൈതാനി, സിദ്ദീഖ് പങ്കെടുത്തു.
ഉത്തരവ് നടപ്പിലാക്കാതെ നിര്‍വാഹമില്ല: സെക്രട്ടറി
കല്‍പ്പറ്റ: നഗരസഭയിലെ മത്സ്യ-മാംസ മാര്‍ക്കറ്റ് അടച്ചുപ്പൂട്ടാനുള്ള പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ ഉത്തരവ് നടപ്പിലാക്കാതിരിക്കാന്‍ നിര്‍വാഹമില്ലെന്ന് നഗരസഭയുടെ അസിസ്റ്റന്‍ഡ് എന്‍ജിനിയറും സെക്രട്ടറിയുടെ ചാര്‍ജ് വഹിക്കുകയും ചെയ്യുന്ന പി. അബ്ദുല്‍നാസര്‍ പറഞ്ഞു. ഇതില്‍ വിട്ടുവീഴ്ചയില്ല. എന്നാല്‍ വ്യാപാരികളുടെ പുനരധിവാസം സംബന്ധിച്ച് ചെയര്‍പേഴ്‌സന്റെ ചേമ്പറില്‍ തിങ്കളാഴ്ച ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. മാര്‍ക്കറ്റിലേക്കുള്ള വൈദ്യുതി, വെള്ളം കണക്ഷനുകളടക്കം അടിയന്തിരമായി വിച്ഛേദിക്കണമെന്ന തരത്തിലാണ് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ഉത്തരവിറക്കിയിരിക്കുന്നത്. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് മാര്‍ക്കറ്റ് അടച്ചുപൂട്ടാനുള്ള തീരുമാനം കൈകൊണ്ടതെന്നും അബ്ദുല്‍ നാസര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."