ത്വവാഫിനു സൗകര്യമൊരുക്കാന്‍ മത്വാഫില്‍ നിസ്‌കാരത്തിന് താല്‍കാലിക വിലക്കേര്‍പ്പെടുത്തി
മക്ക: റമദാന്‍ അവസാനത്തോടെ മക്കയില്‍ വര്‍ധിച്ചു വരുന്ന തീര്‍ത്ഥാടകരുടെ തിരക്ക് പരിഗണിച്ച് ത്വവാഫ് ചെയ്യുന്നവര്‍ക്ക് തടസ്സം സൃഷ്ടിക്കാതിരിക്കാന്‍ മത്വാഫിലെ (പ്രദക്ഷിണ സ്ഥലത്തെ) നിസ്‌കാരത്തിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. പ്രത്യേകിച്ചും രാത്രിയിലെ തറാവീഹ് നിസ്‌കാരത്തിന് വിശ്വാസികള്‍ കൂടുതലായി ഇവിടെ ഉപയോഗിക്കുന്നതിനാല്‍ ഈ സമയത്ത് ത്വവാഫിന് അനുഭവപ്പെടുന്ന തിരക്ക് കണ്ടതിനെ തുടര്‍ന്നാണ് നടപടി.
മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് താല്‍കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്. തിരക്ക് ഒഴിവാക്കി ത്വവാഫ് ചെയ്യുന്നവര്‍ക്ക് കൂടുതല്‍ സൗകര്യം ലഭ്യമാക്കാനാണിത്.അതേ സമയം, നിര്‍ബന്ധ നിസ്‌ക്കാരങ്ങള്‍ ജമാഅത്ത് നടക്കുമ്പോള്‍ ഇവിടെ വെച്ചു നിസ്‌കരിക്കാം. ഹറം പളളിയില്‍ മത്വാഫുമായി ബന്ധപ്പെട്ട് ധാരാളം സ്ഥലങ്ങളുണ്ട്. ത്വവാഫ് ചെയ്യുന്നവര്‍ക്ക് ബുദ്ധിമുട്ടില്ലാതിരിക്കാന്‍ നിസ്‌കാരങ്ങള്‍ അവിടേക്ക് മാറ്റണം.
നടക്കാന്‍ കഴിയാത്തവര്‍ക്കായുള്ള വീല്‍ ചെയറുകള്‍ മത്വാഫ് മുറ്റത്തേക്ക് പ്രവേശിപ്പിക്കാതിരിക്കാനും വീല്‍ ചെയറുകള്‍ക്കായി നിജപ്പെടുത്തിയ ഏരിയകളില്‍ മാത്രം അവ കടത്തി വിടാനും ഗവര്‍ണ്ണര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പള്ളിയിലേക്ക് വരുന്നവര്‍ക്ക് കൂടുതല്‍ സൗകര്യം ലഭിക്കാന്‍ കഴിഞ്ഞ ദിവസം കിംഗ് അബ്ദുല്‍ അസീസ് ഗേറ്റിനു മുന്നിലുണ്ടായിരുന്ന ചെറിയ ക്ലോക്ക് ഗവര്‍ണ്ണറുടെ നിര്‍ദ്ദേശ പ്രകാരം നീക്കം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."