അധ്യക്ഷനും അംഗങ്ങളുമില്ല; ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ പേരിലൊതുങ്ങുന്നു
ന്യൂഡല്‍ഹി: രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ നിയമപരവും ഭരണഘടനാപരവുമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി രൂപീകരിച്ച ദേശീയ ന്യൂനപക്ഷ കമ്മിഷന്‍, ചെയര്‍മാനും അംഗങ്ങളുമില്ലാതെ പേരിനു മാത്രമായി ചുരുങ്ങി. ചെയര്‍മാന്‍ നസീം അഹമ്മദ് കഴിഞ്ഞയാഴ്ച വിരമിച്ചതോടെ സമിതി ദാദി ഇ മിസ്ത്രി മാത്രമുള്ള ഏകാംഗ കമ്മിഷനായി ചുരുങ്ങിയിരുന്നു. എന്നാല്‍ മിസ്ത്രി വ്യാഴാഴ്ച വിരമിച്ചതോടെ നരേന്ദ്രമോദി സര്‍ക്കാരിനു കീഴില്‍ ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ ഉന്നയിക്കാന്‍ ദേശീയതലത്തിലുള്ള സംവിധാനമാണ് അനാഥമായിക്കിടക്കുന്നത്.
ഒന്നര വര്‍ഷത്തിനിടെ അഞ്ചുപേരാണു സമിതിയില്‍നിന്ന് കാലാവധി പൂര്‍ത്തിയാക്കി പിരിഞ്ഞത്. ഇതിനു മുന്‍പ് ഫരീദാ അബ്ദുല്ലാ ഖാന്‍ കഴിഞ്ഞവര്‍ഷം ഒക്ടോബോറില്‍ വിരമിച്ചു. മറ്റംഗങ്ങളായ പ്രവീണ്‍ ധര്‍ ജനുവരിയിലും മറ്റൊരംഗം മബേല്‍ റെബല്ലോ കഴിഞ്ഞമാസവും വിരമിച്ചു. എന്നാല്‍ ഇക്കാലത്ത് കമ്മിഷനില്‍ പുതിയ അംഗങ്ങളെ നരേന്ദ്രമോദി സര്‍ക്കാര്‍ നിയമിച്ചതുമില്ല.
1992ലെ ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ നിയമപ്രകാരമാണ് രാജ്യത്തെ ആറുപ്രബല മതന്യൂനപക്ഷങ്ങളുടെ പരാതികള്‍ കേള്‍ക്കാനും അവയ്ക്കു പരിഹാരം നിര്‍ദേശിക്കാനും അധികാരമുള്ള സ്ഥാപനം എന്ന നിലയ്ക്കു ന്യൂനപക്ഷ കമ്മിഷന്‍ രൂപീകൃതമായത്. കമ്മിഷന്‍ ആക്ട് പ്രകാരം മുസ്‌ലിം, ക്രിസ്ത്യന്‍, പാഴ്‌സി, ജൈന, ബുദ്ധ, സിഖ് മതവിഭാഗങ്ങളാണ് ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍. കമ്മിഷനില്‍ അംഗങ്ങളുടെ കുറവുകാരണം ജോലിഭാരമുണ്ടെന്നും നടപടിക്രമങ്ങള്‍ നീക്കാനാവുന്നില്ലെന്നും അംഗങ്ങള്‍ പരാതിപ്പെട്ടിരുന്നു. കുറവുള്ള സ്ഥാനത്തേക്കു പുതിയ അംഗങ്ങളെ നിയമിക്കണമെന്നാവശ്യപ്പെട്ട് വിരമിച്ച അധ്യക്ഷന്‍ നസീം അഹമ്മദ് ന്യൂനപക്ഷമന്ത്രാലയത്തിനു രണ്ടുതവണ കത്തയച്ചിരുന്നുവെങ്കിലും നടപടിയുണ്ടാവാതിരുന്നതോടെയാണ് കമ്മിഷന്‍ നാഥനില്ലാ കളരിയായത്.
നജ്മ ഹിബതുല്ല ന്യൂനപക്ഷമന്ത്രിയായിരിക്കെയും നസീം അഹമ്മദ് കമ്മിഷന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി സര്‍ക്കാരിനു കത്തയച്ചിരുന്നു. ചെയര്‍മാന്‍ ഉള്‍പ്പെടെ ഏഴംഗങ്ങളാണ് കമ്മിഷനില്‍ ഉണ്ടായിരിക്കേണ്ടത്. ഓരോരുത്തരുടെയും കാലാവധി മൂന്നുവര്‍ഷം വീതമായിരിക്കും. ഇപ്പോഴത്തെ ഉപരാഷ്ട്രപതി ഡോ. ഹാമിദ് അന്‍സാരി നേരത്തെ കമ്മിഷന്‍ അധ്യക്ഷനായിരുന്നു. അതേസമയം, അധ്യക്ഷനും അംഗങ്ങളുമില്ലാതെ കമ്മിഷന്‍ അനാഥമായെന്ന റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നതോടെ പുതിയ അംഗങ്ങളെ നിയമിക്കാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയതായി ന്യൂനപക്ഷകാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. ഏതാനും പേരുകള്‍ സര്‍ക്കാരിനു മുന്‍പാകെയുണ്ടെന്നും എന്നാല്‍ അവ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം അറിയിച്ചു. മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കൂടിയായ നസീം അഹമ്മദിന്റെ കാലാവധി നീട്ടിനല്‍കുകയായിരുന്നു വേണ്ടതെന്ന് കമ്മിഷനിലെ മുന്‍ അംഗം ക്യാപ്റ്റന്‍ പ്രവീണ്‍ധര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."