റോ റോ ജങ്കാര്‍ സര്‍വിസ്: സാങ്കേതികപ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് കലക്ടര്‍
കൊച്ചി: ഫോര്‍ട്ടുകൊച്ചിയ്ക്കും വൈപ്പിനുമിടയില്‍ സര്‍വിസ് നടത്തേണ്ട റോ റോ ജങ്കാറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉടനെ പരിഹരിക്കാന്‍ ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനം.
ജങ്കാര്‍ നിര്‍മിച്ച കൊച്ചി കപ്പല്‍ശാല, ഉടമകളായ കൊച്ചി നഗരസഭ, നടത്തിപ്പുകാരായ കേരള സ്റ്റേറ്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍, ലൈസന്‍സിങ് അധികൃതരായ തുറമുഖ വകുപ്പ്, കൊച്ചി തുറമുഖ ട്രസ്റ്റ് എന്നിവരും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധികൃതരുമാണ് യോഗത്തില്‍ പങ്കെടുത്തത്.
റോ റോ ജങ്കാറിന്റെ സര്‍വീസ് നിലച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് കലക്ടര്‍ യോഗം വിളിച്ചത്.
ജങ്കാര്‍ സര്‍വീസിനാവശ്യമായ വിവിധ സര്‍ട്ടിഫിക്കറ്റുകളും ഇന്‍ഷുറന്‍സും നിലവിലുണ്ടെന്ന് യോഗത്തില്‍ പങ്കെടുത്ത വകുപ്പുകള്‍ കളക്ടറെ അറിയിച്ചു.
സര്‍വെയര്‍ നല്‍കുന്ന സര്‍വെ സര്‍ട്ടിഫിക്കറ്റിന് മെയ് ആറു വരെയും കേരള ഇന്‍ലാന്‍ഡ് വെസല്‍ റൂള്‍സ് പ്രകാരമുള്ള സര്‍ട്ടിഫിക്കറ്റ് ഓഫ് രജിസ്ട്രിക്ക് 2022 ജൂണ്‍ 15 വരെയും സാധുതയുണ്ട്. ഡ്രൈഡോക്ക് പരിശോധന ഇനി നടത്തേണ്ടത് 2020 ഏപ്രില്‍ ആറിനാണ്.
വാര്‍ഷിക ഇന്‍ഷുറന്‍സിന് ഈ വര്‍ഷം ജൂണ്‍ 22 വരെയും കാലാവധിയുണ്ട്. സര്‍വെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ കൊച്ചി തുറമുഖ ട്രസ്റ്റും ജങ്കാറിന് മെയ് ആറു വരെ ലൈസന്‍സ് നല്‍കിയിട്ടുണ്ട്.
വിവിധ അനുമതികള്‍ മെയ് ആദ്യവാരത്തില്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ ഇവ പുതുക്കിക്കിട്ടുന്നതിന് ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികള്‍ ഉടനെ നടപടി സ്വീകരിക്കും. സര്‍വെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ കൊച്ചി കായലില്‍ സര്‍വിസ് നടത്തുന്നതിനുള്ള ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് കൊച്ചി തുറമുഖ ട്രസ്റ്റിന്റെ ഭാഗത്തു നിന്നും അടിയന്തരനടപടിയുണ്ടാകും.
സര്‍ട്ടിഫിക്കറ്റുകളും ലൈസന്‍സുകളും ലഭ്യമാകുന്നതില്‍ എന്തെങ്കിലും പോരായ്മയുണ്ടെങ്കില്‍ അതും ഉടനെ പരിഹരിക്കുമെന്ന് ഏജന്‍സികള്‍ അറിയിച്ചു.
ജങ്കാര്‍ ഓടിക്കുന്നതിന് കൊച്ചി കപ്പല്‍ശാലയില്‍ നിന്നും വിദഗ്ധപരിശീലനം ലഭിക്കാനുണ്ടായ കാലതാമസം കെ.എസ്.ഐ.എന്‍.സി ചൂണ്ടിക്കാട്ടി.
പരിശീലനം നല്‍കുന്നതിന് മതിയായ യോഗ്യതയുള്ള എഞ്ചിനീയറിങ് വിദഗ്ധനെ കണ്ടെത്തി ഇതിനുള്ള നടപടി സ്വീകരിച്ചു വരികയാണെന്നും അവര്‍ പറഞ്ഞു. ഫോര്‍ട്ടുകൊച്ചി, വൈപ്പിന്‍ ജെട്ടികളില്‍ ടിക്കറ്റ് കൗണ്ടര്‍, ബാരിക്കേഡ് എന്നിവ അഞ്ചുദിവത്തിനുള്ളില്‍ സ്ഥാപിക്കുമെന്ന് കൊച്ചി നഗരസഭ വ്യക്തമാക്കി. ജങ്കാറിന്റെ മൂറിങുമായി ബന്ധപ്പെട്ട് ഓപ്പറേറ്റര്‍മാര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ തുറമുഖവകുപ്പ് പരിശോധിക്കും.
മതിയായ പരിശീലനത്തിലൂടെ ജങ്കാര്‍ അടുപ്പിക്കുന്നതിലുള്ള പ്രയാസങ്ങള്‍ക്ക് പരിഹാരം കാണാനാകും. ജങ്കാര്‍, ഫെറിബോട്ട് സര്‍വീസുകളുടെ ടൈംടേബിള്‍ നിശ്ചയിക്കാന്‍ കെ.എസ്.ഐ.എന്‍.സിയെയും യോഗം ചുമതലപ്പെടുത്തി.
ശനിയാഴ്ച്ച രാവിലെ 10.30ന് ചേരുന്ന യോഗത്തില്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്ത ശേഷം സര്‍വീസ് പുനരാരംഭിക്കുന്ന തീയതി തീരുമാനിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."