അലി ജീവിക്കുന്നു; മറ്റുള്ളവര്‍ക്ക് പാഠമായി
കയ്പമംഗലം: തിരക്കുപിടിച്ച ജീവിത യാത്രയില്‍ എല്ലാവര്‍ക്കുമുടയില്‍ അലി ജീവിക്കുകയാണ് കാരുണ്യത്തിന്റെ പാഠം പകര്‍ന്ന്. ജീവിതം വിരസമെന്നു കരുതുന്നവര്‍ക്ക് അലിയെ മാതൃകയാക്കാം. ഒന്നും പ്രതീക്ഷിക്കാതെ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രതിഫലം ദൈവം തരുമെന്ന വിശ്വാസമാണ് കല്ലിപ്പറമ്പില്‍ അലിയെന്ന നിസ്വാര്‍ഥ മനുഷ്യനെ മുന്നോട്ട് നയിക്കുന്നത്. വേനല്‍ കനക്കുമ്പോള്‍ ദാഹം തീര്‍ക്കാന്‍ മനുഷ്യന്‍ കൂള്‍ബാറിലും കടകളിലും കയറി ദാഹം മാറ്റുന്നു. എന്നാല്‍ ഭൂമിയുടെ അവകാശികളായ പറവകള്‍ എന്ത് ചെയ്യും. ഈ ചോദ്യമാണ് പറവകള്‍ക്ക് വെള്ളവും ധാന്യമണികളുമായി അലിയെ കൊപ്രക്കളം സെന്ററില്‍ എത്തിക്കുന്നത്. വേനല്‍ കനത്തതു മുതല്‍ അലി ഈ പ്രവര്‍ത്തനവുമായി രംഗത്തുണ്ട്. രാവിലെ കൊപ്രക്കളം സെന്ററില്‍ വെള്ളം നിറച്ച പാത്രങ്ങളുമായി അലി നിത്യ കാഴ്ചയാണ്. കൊപ്രക്കളത്തെ ഓട്ടോറിക്ഷ സ്റ്റാന്‍ന്റിന് സമീപത്തെ വിശാലമായ പറമ്പിലാണ് ഷീറ്റ് വിരിച്ച് അരിയും വെള്ളവുമെല്ലാം സജ്ജീകരിക്കുന്നത്. അടുത്ത് പ്രവര്‍ത്തിക്കുന്ന റേഷന്‍ കടയില്‍ നിന്ന് മൂന്ന് കിലോ വീതം അരി, ഗോതമ്പ്, പച്ചരി എന്നിവ വാങ്ങി കൂട്ടിയോജിപ്പിച്ച് സമീപത്തെ പച്ചക്കറികടയില്‍ വച്ച് രാവിലെയും വൈകീട്ടും പക്ഷികള്‍ക്ക് നല്‍കും. ശുദ്ധജല ടാപ്പില്‍ നിന്ന് വെള്ളം കൊണ്ടുവന്ന് പാത്രങ്ങളില്‍ നിറയ്ക്കും.ഒരാഴ്ചത്തേക്ക് മുന്നൂറ് രൂപയോളമാണ് അലി ഇതിനായി ചെലവാക്കുന്നത്.
ചെറിയ ജോലികളില്‍ നിന്ന് കിട്ടുന്ന തുച്ഛമായ പൈസയില്‍ നിന്നാണ് വലിയകാര്യങ്ങള്‍ക്ക് അലി പണം കണ്ടെത്തുന്നത്. പ്രാവുകളും കാക്കകളുമടക്കം നിരവധി പക്ഷികളാണ് അലിയുടെ കാരുണ്യത്തിന്റെ ധാന്യമണികള്‍ക്കായി കാത്തുനില്‍ക്കുന്നത്. തന്റെ പ്രവര്‍ത്തനം കണ്ട് പലരും ഇതിനായി സഹായിക്കാന്‍ മനസ്സ് കാണിക്കാറുണ്ടെന്ന് അലി പറയുന്നു. കഴിഞ്ഞ കുറെ നാളുകളായി കയ്പമംഗലം കൂരിക്കുഴി പ്രദേശത്ത് റോഡിനരികില്‍ ചെടികള്‍ വച്ച് പിടിപ്പിച്ച് അലി ജനങ്ങള്‍ക്ക് മാതൃകയായിരുന്നു. മാലിന്യം നിറഞ്ഞു കിടന്നിരുന്ന പാതയോരത്തെ നയനമനോഹരമായ ഉദ്യാനമാക്കാന്‍ അലിക്ക് കഴിഞ്ഞു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് പറവകള്‍ക്ക് തണലേകി അലിയുടെ പ്രവര്‍ത്തനം. ജീവിതത്തിലെ ഓട്ടമത്സരത്തിനിടയില്‍ നിരവധി പേര്‍ അലിയേ കാണുന്നു. പലരിലും അത് സഹാനുഭൂതിയുടെ വിത്ത് വിതക്കുന്നു. ചിലര്‍ അത് ചിരിച്ചു തള്ളുന്നു. വാക്കുകളില്‍ അല്ല. പരിസ്ഥിതി സ്‌നേഹം ജീവിതത്തിന്റെ ഭാഗമാക്കുകയാണ് അലി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."