കൊവിഡ്: പ്രതിരോധത്തിന് മാതൃക ചൈന
അത്യാസന്ന നിലയില്‍ സ്ഥലത്തെ പ്രാമാണി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു: ഡോക്ടര്‍മാര്‍ ഏറെ ശ്രമിച്ചിട്ടും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. ആശുപത്രിയിലെ ചീഫ് ഫിസിഷ്യന്‍, രോഗിയുടെ മകനോട് ക്ഷമാപണത്തോടെ പറഞ്ഞു. ഞങ്ങള്‍ ആവോളം ശ്രമിച്ചു. ആര്‍ട്ടിഫിഷ്യല്‍ റെസ്പിറേഷന്‍ എന്ന കൃത്രിമ ശ്വാസോച്ഛ്വാസം പോലും നടത്തിനോക്കി. പക്ഷെ പരാജയപ്പെട്ടു. ക്ഷമിക്കണം. ക്ഷുഭിതനായ മകന്‍: നിങ്ങള്‍ എന്തിനാണ് കൃത്രിമ ശ്വാസോച്ഛ്വാസത്തിനുപോയത് ? ആര്‍ട്ടിഫിഷ്യലിനു പകരം ഒറിജിനല്‍ തന്നെ ശ്രമിച്ചുകൂടായിരുന്നോ?
ഒറിജിനലും ഡ്യൂപ്ലിക്കേറ്റും തമ്മിലുള്ള ഈ വ്യത്യാസം നമുക്ക് ഏറെ അനുഭവേദ്യമാക്കിയത് ചൈനീസ് എന്ന പേരില്‍ പലപല സാധനങ്ങള്‍ നമ്മുടെ വിപണിയില്‍ ഇറങ്ങിക്കൊണ്ടിരുന്നപ്പോഴാണ്. അസ്സലിനെ വെല്ലുന്ന രണ്ടാംതരക്കാര്‍. അതിനു ആയുസ്സില്ലെന്നു നമ്മള്‍ അറിയുന്നത് അവ ഉപയോഗിച്ചു തുടങ്ങുമ്പോള്‍ മാത്രവും. ഇന്നു ലോകത്തെയാകെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്ന കൊറോണ വൈറസിന്റെ കാര്യം എടുത്താലും നമ്മുടെ ചിന്തപോകുന്നത് ചൈനയിലേക്ക് തന്നെ. കൊവിഡ് -19 എന്നു പേരിട്ട് വിളിക്കുന്ന ഈ മഹാരോഗത്തിന്റെ പ്രഭവകേന്ദ്രം ചൈനയാണ്.
ഒറിജിനലിനെ കൈയില്‍വച്ച് ഡ്യൂപ്ലിക്കേറ്റിനെ എല്ലായിടങ്ങളിലേക്കും കയറ്റി വിട്ടുവന്നിരുന്ന മധുരമനോഹര മനോഞ്ജ ചൈന ഈ മഹാമാരിയുടെ കൈകാര്യത്തില്‍ ഒറിജിനലിനെ തന്നെയാണ് എല്ലാ രാജ്യങ്ങളിലേക്കും കയറ്റി അയച്ചത് എന്നു നാം തിരിച്ചറിഞ്ഞിരിക്കുന്നു. എന്നാല്‍ ഇതിന്റെ ശരിയായ തുടക്കം എവിടെനിന്നായിരുന്നുവെന്നതിനു ചില തര്‍ക്കങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. കൊറോണ വഴി നിങ്ങളെ നാം നശിപ്പിക്കും എന്നു അമേരിക്ക 1996ല്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി ഇറാഖിന്റെ സര്‍വാധിപതിയായിരുന്ന സദ്ദാം ഹുസൈന്‍ നടത്തിയ വിഡിയോ പ്രസംഗത്തിന്റെ ഭാഗങ്ങള്‍ ഇന്നു വൈറലായി പ്രചരിക്കുന്നുണ്ട്. തങ്ങളുടെ കൈയില്‍ ഇങ്ങനെ ഒരായുധമുണ്ടെന്നു അറബ് രാജ്യങ്ങളെ ഇസ്‌റാഈലും ഭീഷണിപ്പെടുത്തിയിരുന്നുവത്രെ.
അതേസമയം, ലോകമെമ്പാടും ഇതിനകം പതിനായിരത്തോളം ജീവന്‍ അപഹരിച്ച ഈ അണുബാധക്ക് തുടക്കം കുറിച്ചത് മധ്യചൈനയിലെ ഹ്യുബെയ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ വുഹാനിയിലായിരുന്നു - ഡിസംബര്‍മാസം. അവര്‍ അത് ആദ്യം കാര്യമായെടുത്തില്ല. 1287 പേര്‍ക്ക് രോഗം പിടിപെട്ടുവെന്നും 41 പേര്‍ മരണപ്പെട്ടുവെന്നും ജനുവരി 25നു ആദ്യവാര്‍ത്ത വന്നു. പിന്നീടവിടെ മരണസംഖ്യ 3292 ആയി. രോഗബാധിതരുടെ എണ്ണം 80,000 കവിയുകയും ചെയ്തു. ഇപ്പോള്‍ ലോകത്താകമാനം അഞ്ചുലക്ഷത്തില്‍ കൂടുതല്‍ പേര്‍ രോഗബാധിതരായി കിടക്കുന്നു. ഇന്ത്യയില്‍ ഇത് 700 കവിഞ്ഞു. മഹാരാഷ്ട്രയില്‍ മാത്രം 130. മരണം പക്ഷേ, നാലുമാത്രം.
ഈ മഹാവ്യാധിയുടെ ആഘാതമറിഞ്ഞതോടെ അതിനെ ഫലപ്രദമായി നേരിടാനുള്ള സംരംഭങ്ങള്‍ ആരംഭിച്ചതും ചൈനയാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൂടിയായ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് മറ്റെല്ലാ പരിപാടികളും മാറ്റിവച്ച് വുഹാനിലേക്ക് കുതിച്ചു. ആശുപത്രികള്‍ സന്ദര്‍ശിച്ചു. എല്ലായിടത്തും ആവശ്യമായ സജ്ജീകരണങ്ങള്‍ ഉറപ്പ് വരുത്തി എന്നു മാത്രമല്ല ദിവസങ്ങള്‍ക്കകം തന്നെ ആയിരം ബെഡ്ഡുകളുള്ള ഒരു പുതിയ ആശുപത്രി കൂടി സജ്ജമാക്കാന്‍ ഉത്തരവിറക്കുകയും ചെയ്തു. ചൈനീസ് പ്രധാനമന്ത്രി ലി കെക്വിയാങ്ങും വുഹാനിലെത്തി ആശുപത്രികള്‍ കയറി ഇറങ്ങി, രോഗികളെ സന്ദര്‍ശിക്കുകയും സാന്ത്വനിപ്പിക്കുകയും ചെയ്തു. പ്രസിഡന്റിന്റേയും പ്രധാനമന്ത്രിയുടെയും അഭ്യര്‍ഥന മാനിച്ച് അന്യരാജ്യങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളടക്കം നാട്ടുകാരെല്ലാം സഹകരണയത്‌നവുമായി രംഗപ്രവേശം ചെയ്തു. വിദേശങ്ങളിലുള്ള ബഹുരാഷ്ട്ര സൈനികര്‍ സഹായഹസ്തം നീട്ടുകയും ചെയ്തു. മുന്നറിയിപ്പുകളുമായി ചൈനയില്‍ ട്രാഫിക്ക് പൊലിസ് തലങ്ങനെയും വിലങ്ങനെയും ഓടി. റേഡിയോയിലൂടെയും ടി.വിയിലൂടെയും മുന്നറിയിപ്പുകള്‍ പ്രക്ഷേപണം ചെയ്തു. വുഹാനിലേക്ക് വരുന്നവരേയും ഇവിടെനിന്നു പോകുന്നവരേയും ഒന്നൊഴിയാതെ നിരീക്ഷണത്തിനു വിധേയമാക്കി. എല്ലാവര്‍ക്കും മുഖാവരണവും കയ്യുറയും നിര്‍ബന്ധമാക്കി. കൂട്ടം കൂടിയുള്ള ചര്‍ച്ചകള്‍ക്കെല്ലാം നിരോധനം ഏര്‍പ്പെടുത്തി.
മൊബൈല്‍ ഫോണില്‍ പുതിയ ആപ്പുണ്ടാക്കി രോഗമുള്ളവര്‍, ഇല്ലാത്തവര്‍, നിരീക്ഷണത്തിലുള്ളവര്‍ എന്നിവര്‍ക്കായി ചുവപ്പും മഞ്ഞയും പച്ചയും കളര്‍കോഡ് അവര്‍ ഏര്‍പ്പെടുത്തി. ഈ 'വര്‍ണവിവേചനം ' ഫോണില്‍ കാണുന്നതോടെ അകലംപാലിക്കാനുള്ള സിഗ്നലുകളായി അത് മാറി. ഫലം, ദിവസംതോറും നൂറുക്കണക്കിനു രോഗബാധിതരുടെ വിവരം പുറത്ത് വന്ന ചൈനയില്‍ അത് പത്തും പതിനഞ്ചുമായി ചുരുങ്ങി. കഴിഞ്ഞ ദിവസം വുഹാനില്‍ നിന്നു വന്ന റിപ്പോര്‍ട്ട്, ഇപ്പോള്‍ രോഗ ലക്ഷണവുമായി ആരും വരുന്നില്ല എന്നത്രെ. ഈ രോഗ ചികിത്സക്കായി ദിവസങ്ങള്‍ക്കുള്ളില്‍ ഒരുക്കിയ സ്‌പെഷലിസ്റ്റ് ആശുപത്രി തന്നെ അവിടെ പൂട്ടിക്കഴിഞ്ഞിരിക്കുന്നു.
ചൈന സന്ദര്‍ശിച്ച ലോകാരോഗ്യ സംഘടനയുടെ ഡയരക്ടര്‍ ജനറല്‍ ടെഡ്‌റോഡ് അഥാനോം ഗെബ്രിയേസസ് ആ ശ്രമങ്ങളെയെല്ലാം പ്രകീര്‍ത്തിച്ചു. ചൈനയും ഇന്ത്യയുമായുള്ള നയതന്ത്രബന്ധത്തിന്റെ എഴുപതാം വാര്‍ഷികം ആഘോഷിക്കുന്ന ഒരവസരത്തില്‍ ചൈനയില്‍ തുടങ്ങിയ ഒരു മഹാരോഗം ഇറ്റലി വഴിയാണെങ്കിലും ഇന്ത്യയിലേക്കും കടന്നു കയറി എന്നത് വാസ്തവം. ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ സണ്‍വെല്‍ഡോബ് അതില്‍ അതിയായ ഖേദം പ്രകടിപ്പിച്ചു.
തങ്ങളെ ഇത് ബാധിക്കില്ലെന്നു കരുതിയായിരുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ പോലും ഈ മഹാവ്യാധി കടന്നുചെന്നു. അമേരിക്കയില്‍ നിന്നും ജര്‍മനിയില്‍ നിന്നും ആയിരക്കണക്കിനാളുകളുടെ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇറ്റലിയില്‍ ഒരൊറ്റ ദിവസം 35000 പേരിലാണ് രോഗം കണ്ടെത്തിയത്. പിന്നാലെ സ്‌പെയിനും. കൊവിഡ് എന്ന ഈ മഹാമാരിയെ ചെറുക്കാനുള്ള ശ്രമങ്ങള്‍ ഇന്നു എല്ലാ രാജ്യങ്ങളും നടത്തുന്നുണ്ട്. മാസ്‌ക്കുകളും മരുന്നുകളും യുദ്ധകാലാടിസ്ഥാനത്തില്‍ തയാറാക്കിവരുന്നതിനു പുറമെ വാക്‌സിനുകള്‍ കണ്ടെത്താനുള്ള സമഗ്രമായ പരീക്ഷണങ്ങളും പലയിടത്തും നടക്കുന്നു. ഇന്ത്യയും പൊതുവെ ജാഗ്രത കാണിക്കുന്നുണ്ട്.
എന്നാല്‍ ഭയപ്പാടല്ല, ജാഗ്രതയാണ് വേണ്ടതെന്നു ചൈന നമ്മെ ഓര്‍മിപ്പിക്കുന്നു. ഇക്കാര്യത്തില്‍ നമ്മുടെ കൊച്ചു കേരളം മാതൃകാപരമായ നടപടികളാണ് സ്വീകരിക്കുന്നത്. പുറത്തു നിന്നു വരുന്നവരെ നിരീക്ഷിച്ചും ശുചിത്വത്തിനു പ്രാധാന്യം നല്‍കിയും കൂട്ടം കൂടിയുള്ള പ്രാര്‍ഥനകള്‍ പോലും നിയന്ത്രിച്ചുമെല്ലാം കേരളം കൈകാര്യം ചെയ്ത രീതികള്‍ ഇതര സംസ്ഥാനങ്ങള്‍പോലും മാതൃകയാക്കി. പ്രത്യേക സാമ്പത്തിക പാക്കേജുകള്‍ നമ്മുടെ സംസ്ഥാനമാണ് ആദ്യമായി പ്രഖ്യാപിച്ചത്. ഇതോടൊപ്പം നാം വേറെയും പലതും പഠിക്കുകയും ചെയ്തു. അവധിയില്‍പോയ ഡോക്ടര്‍മാരെ നാം തിരിച്ചുവിളിച്ചു. പരസ്പരാഭിവാദ്യങ്ങള്‍ കൈപിടിക്കാതെയും, കെട്ടിപ്പിടിക്കാതെയും നടത്താമെന്നതാണ് ആദ്യത്തെപാഠം. വെടിക്കെട്ടുകളും ഘോഷയാത്രകളും കൂടാതെ തന്നെ ഉത്സവങ്ങള്‍ നടത്താമെന്നും എത്ര വലിയ ആചാരവും കമ്മിറ്റി യോഗംപോലും ചേരാതെ തന്നെ ഉപേക്ഷിക്കാമെന്നും നാം മനസ്സിലാക്കി. എന്നാല്‍ കേരളം അല്‍പംകൂടി ജാഗ്രത കാണിക്കണ്ടേ കാബിനറ്റ് യോഗത്തിനു പോകുന്ന നമ്മുടെ മന്ത്രിമാര്‍ പോലും സാനിറ്റൈസര്‍ ഉപയോഗിച്ചു കൈ വൃത്തിയാക്കി മാത്രം അകത്തു കടക്കുമ്പോള്‍, വിദേശയാത്ര നടത്തി തിരിച്ചുവന്ന പൊലിസ് ഡയരക്ടര്‍ ജനറല്‍ നേരിട്ടു ചര്‍ച്ചാ യോഗത്തില്‍ പങ്കെടുത്തതിനെ എങ്ങനെ ന്യായീകരിക്കാനൊക്കും.
ഒട്ടേറെ പേര്‍ പെട്ടെന്നു ആശുപത്രികളിലേക്കോടിയാല്‍ നിലവിലുള്ള ചികിത്സാ സംവിധാനം കൊണ്ട് ഒരു രാജ്യത്തിനും രക്ഷപ്പെടാനാവില്ല. ഇറ്റലിയിലും സ്‌പെയിനിലും സംഭവിച്ചത് ഇതാണ്. തുടങ്ങാന്‍ വൈകിയെങ്കിലും അതിനെപിടിച്ചു കെട്ടുന്നതില്‍ വിജയിച്ച ചൈനയെ നാം മാതൃകയാക്കുകയാണ് വേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."