പൊലിസ് പരിധി ലംഘിക്കരുത്
ജാഗ്രത വേണം, ഭീതി വേണ്ട എന്നു സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും നിരന്തരം പൊതുജനത്തെ ബോധവല്‍കരിക്കുന്നുണ്ട്. എന്നാല്‍ പൊതുസമൂഹത്തില്‍ കൊവിഡ്- 19 സമൂഹവ്യാപനം നടത്തുമോ എന്നതു സംബന്ധിച്ച് ആശങ്കയുണ്ട്. ഈ ആശങ്കയകറ്റുന്നതിലും പരമാവധി പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിലും സംസ്ഥാന സര്‍ക്കാരും ആരോഗ്യ വകുപ്പും ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളെല്ലാം അഭിനന്ദനാര്‍ഹമാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സംവിധാനം എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്നുണ്ട്.
ആരോഗ്യപ്രവര്‍ത്തകര്‍ നടത്തുന്ന സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ സമാനതയില്ലാത്തതാണ്. ഈ രംഗത്തു നമ്മള്‍ എടുക്കുന്ന മുന്‍കരുതലുകള്‍ ലോകാരോഗ്യ സംഘടനയുടെ പ്രശംസയ്ക്കു വരെ അര്‍ഹമായി. സംസ്ഥാന സര്‍ക്കാര്‍ ലോക്ഡൗണ്‍പ്രഖ്യാപിച്ചതിനു ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ 21 ദിവസത്തേക്കു ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതര സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിനും വരെ കൊവിഡ്- 19നെതിരേയുള്ള നമ്മുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാതൃകയാകുന്നുണ്ടെന്നര്‍ഥം.
കൊവിഡിനെതിരേയുള്ള പോരാട്ടത്തില്‍ ജീവന്‍ പണയം വച്ചു ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം രൂപയുടെ പ്രത്യേക സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത് അഭിനന്ദനീയമാണ്. ഇതിനു പ്രത്യേക പ്രീമിയം അടയ്‌ക്കേണ്ടതില്ല എന്നത് കൂടുതല്‍ ആശ്വാസകരം തന്നെ. കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും സൗഖ്യ കേന്ദ്രങ്ങളിലും പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ഇതിന്റെ ആനുകൂല്യം കിട്ടുക. എന്നാല്‍ സ്വകാര്യ ആശുപത്രികളില്‍ സമാനമായ സാഹചര്യത്തില്‍ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഈ ആനുകൂല്യം ലഭ്യമാക്കേണ്ടതുണ്ട്. അതുപോലെ നിരവധി ഉത്തേജക പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. അതോടൊപ്പം തന്നെ സംസ്ഥാന സര്‍ക്കാരും സാമ്പത്തിക പരാധീനതകളൊന്നും കണക്കിലെടുക്കാതെ ജനങ്ങള്‍ക്ക് ആശ്വാസപ്രദമാകുന്ന പല നടപടികളും സ്വീകരിച്ചിട്ടുണ്ട്. റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്കും റേഷന്‍ കടകള്‍ വഴി ഭക്ഷ്യധാന്യം സൗജന്യമായി നല്‍കാനും ഭക്ഷണം കിട്ടാതെ വിഷമിക്കുന്നവര്‍ക്കു മുനിസിപ്പാലിറ്റി വഴിയും പഞ്ചായത്തുകള്‍ വഴിയും ഭക്ഷണമെത്തിക്കാനുമുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇതിനായി കമ്മ്യൂണിറ്റി അടുക്കളകള്‍ വരെ തയാറായിക്കഴിഞ്ഞു. ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നലെ ആരംഭിക്കുമെന്ന പ്രഖ്യാപനവുമുണ്ടായി.
എന്നാല്‍ പതിവുപോലെ സര്‍ക്കാരിന്റെ സദുദ്ദേശപരമായ പ്രവര്‍ത്തനങ്ങളെയെല്ലാം പരാജയപ്പെടുത്താന്‍ പൊലിസില്‍ ഒരു വിഭാഗം ബോധപൂര്‍വം പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണങ്ങളെ ശരിവയ്ക്കുന്ന വിധം ചില പൊലിസുകാര്‍ കൊവിഡ്- 19 പ്രതിരോധ വേളയിലും പ്രവര്‍ത്തിക്കുന്നു. അനാവശ്യമായി പുറത്തിറങ്ങുന്നവരെ വീട്ടിലേക്കു തന്നെ തിരിച്ചയയ്‌ക്കേണ്ടത് പൊലിസിന്റെ ഡ്യൂട്ടിയാണ്. എന്നാല്‍ ഇതിന്റെ പേരില്‍ പൊലിസ് ക്രൂരമായ മര്‍ദനങ്ങളാണ് നടത്തുന്നത്.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനോട് സര്‍വാത്മനാ സഹകരിച്ച മതസംഘടനയാണ് സമസ്ത. ഇന്നലെ പള്ളികളില്‍ നടക്കേണ്ടിയിരുന്ന ജുമുഅ നിസ്‌കാരം ഒഴിവാക്കാനും പകരം വീടുകളില്‍ ളുഹര്‍ നിസ്‌കാരം നിര്‍വഹിക്കാനും സമസ്ത നല്‍കിയ ആഹ്വാനം അതേപടി അനുസരിച്ചു സര്‍ക്കാര്‍ നടപടികളോടു പൂര്‍ണമായി സഹകരിക്കുകയായിരുന്നു മുസ്‌ലിംകള്‍. എന്നാല്‍ പള്ളികളില്‍ വാങ്കുവിളിക്കുന്നതാരും വിലക്കിയിട്ടില്ല. അഞ്ചു പേര്‍ക്കു പള്ളികളില്‍ നിസ്‌കരിക്കാനും പറ്റും. എന്നിട്ടും പള്ളിയില്‍ വാങ്കുവിളിച്ചയാളെ പൊലിസ് ക്രൂരമായി മര്‍ദിച്ചത് എന്തിന്റെ പേരിലാണ്? കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞിയില്‍ വാങ്ക് വിളിക്കാന്‍ പള്ളിയില്‍ വന്നയാളെ പുറത്തിറക്കി ക്രൂരമായി മര്‍ദിച്ചത് എന്തിന്റെ പേരിലായാലും അംഗീകരിക്കാനാവില്ല. പലയിടങ്ങളിലും പൊലിസ് ഇങ്ങനെ പെരുമാറുന്നുണ്ട്. വൃദ്ധരായ രക്ഷിതാക്കളെ മക്കള്‍ സ്‌കൂട്ടറിന്റെ പിന്നിലിരുത്തി ആശുപത്രികളിലേക്കു കൊണ്ടുപോകുമ്പോള്‍ തടഞ്ഞുനിര്‍ത്തി സ്‌കൂട്ടറുകള്‍ പിടിച്ചെടുക്കുന്നത് ക്രൂരതയാണ്. എന്നാല്‍ അനാവശ്യമായി ബൈക്കില്‍ ചുറ്റിക്കറങ്ങുന്നവര്‍ക്കെതിരേ പൊലിസ് കര്‍ശന നടപടികളെടുക്കുന്നതില്‍ രണ്ടു പക്ഷമില്ല.
ഒന്നുകില്‍ കളരിക്കു പുറത്ത്, അല്ലെങ്കില്‍ ഗുരുക്കളുടെ നെഞ്ചത്ത് എന്ന രീതിയില്‍ പൊലിസ് പെരുമാറരുത്. അത്യാവശ്യങ്ങള്‍ക്കല്ലാതെ ഭൂരിഭാഗം ജനങ്ങളും ഇപ്പോള്‍ പുറത്തിറങ്ങുന്നില്ല. കറങ്ങിനടക്കാന്‍ വരുന്നവരോടു ചെയ്യുന്നതുപോലെ ഇത്തരം ചിലരോട് പൊലിസ് പെരുമാറരുത്.
പൊലിസുകാര്‍ അപമര്യാദയായി പെരുമാറിയാല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും ഉത്തരവാദികളാക്കി അവര്‍ക്കെതിരേയും നടപടിയെടുക്കുമെന്നു സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞിട്ടുണ്ടെന്നതു വിസ്മരിക്കുന്നില്ല. പൊലിസ് അതിക്രമങ്ങള്‍ ഒരിടത്തും നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം ഇന്‍സ്‌പെക്ടര്‍മാര്‍ക്കും അതിനു മുകളിലുള്ളവര്‍ക്കും ഉണ്ടെങ്കിലും അതവര്‍ യഥാക്രമം നിര്‍വഹിക്കുന്നുണ്ടോ എന്നതാണു പ്രശ്‌നം.
ആളുകള്‍ എല്ലാം അടച്ചുപൂട്ടി വീട്ടിലിരിക്കുമ്പോള്‍ അവരോടു ദയാപൂര്‍വമാണു പൊലിസ് പെരുമാറേണ്ടത്. പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധ സമരം നടത്തിയവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്ത ഒരു വിഭാഗം പൊലിസിലുണ്ട്. സമാനമായ രീതിയാലാണിപ്പോള്‍ പൊലിസ് പലയിടത്തും പെരുമാറുന്നത്.
മറ്റെല്ലാ മേഖലകളിലും സ്തുത്യര്‍ഹമായ രീതിയില്‍ മുഖ്യമന്ത്രി നേതൃത്വം നല്‍കുമ്പോള്‍ സ്വന്തം വകുപ്പായ പൊലിസില്‍ എന്തുകൊണ്ടദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടാതെ പോകുന്നു? പൊലിസില്‍ ഒരു വിഭാഗം സര്‍ക്കാരിന്റെ സദുദ്യമങ്ങളെ പരാജയപ്പെടുത്താന്‍ ബോധപൂര്‍വം പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണങ്ങളെ ശരിവയ്ക്കുന്നതാണ് കൊറോണക്കാലത്തും പൊലിസിലെ ചിലരില്‍നിന്നുണ്ടാകുന്ന അതിക്രമങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."