അഴിയാക്കുരുക്കില്‍ കയര്‍മേഖല
തമീം സലാം കാക്കാഴം#
ആലപ്പുഴ: പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന കയര്‍ മേഖലയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികള്‍ ഫലപ്രദമാകുന്നില്ല.
കയര്‍മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് മന്ത്രി ഡോ. ടി.എം തോമസ് ഐസകിന്റെ നിര്‍ദ്ദേശ പ്രകാരം കയര്‍ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ മേഖലയില്‍ സര്‍വേനടത്തിയിരുന്നു. സര്‍വേയിലൂടെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്തതിന് ശേഷം പുതിയ കയര്‍ നയം രൂപീകരിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും തുടര്‍ നടപടികളൊന്നും ഉണ്ടായിട്ടില്ല. കയര്‍ മേഖലയില്‍ ഇതര സംസ്ഥാനങ്ങളുടെ അനിയന്ത്രിത കടന്നുകയറ്റവും മേഖലയെ ദോഷകരമായി ബാധിക്കുന്നുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ തീരദേശമേഖലകളിലായി ഏകദേശം നാലു ലക്ഷത്തോളം തൊഴിലാളികളാണ് കയര്‍പിരിയും അനുബന്ധ തൊഴിലുകളിലൂടെയും ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്.
വിദേശ കയറ്റുമതിയെ ആശ്രയിച്ചാണ് കയര്‍വ്യവസായം മുന്നോട്ട് പോയിരുന്നതെങ്കില്‍ വിദേശ ഓര്‍ഡറുകളുള്‍പ്പെടെ തമിഴ്‌നാട് കൈപ്പിടിയിലൊതുക്കിയതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് മേഖലയിലെ തൊഴിലാളികള്‍. ഇതിന് പരിഹാരം കാണുന്നതിന് മികച്ച സര്‍ക്കാര്‍ പാക്കേജുകള്‍ നടപ്പിലാക്കേണ്ടിവരും. മേഖലയിലെ പുനരുജീവനത്തിനായി സര്‍ക്കാര്‍ ആവശ്യമായ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നാണ് കയര്‍ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് രാജേന്ദ്ര പ്രസാദ് പറയുന്നത്.
ചകിരിനാരുകള്‍ക്ക് നേരിടുന്ന ക്ഷാമമാണ് നിലവിലെ പ്രധാന പ്രശ്‌നം. കേരളത്തില്‍ പ്രതിവര്‍ഷം ഉല്‍പാദിപ്പിക്കപ്പടുന്ന 600 കോടിയോളം നാളികേരത്തിന്റെ തൊണ്ട് പാഴായിപ്പോകുന്ന അവസ്ഥയുമുണ്ട്. കേരളത്തില്‍ 2.25 മെട്രിക് ടണ്‍ ചകിരിനാര് ആവശ്യമുള്ളപ്പോള്‍ വെറും 30,000 ടണ്‍ മാത്രമാണ് സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നതെന്നും എന്നാല്‍ തൊണ്ട് സംഭരണം ഊര്‍ജിതപ്പെടുത്തി ആഭ്യന്തര ചകിരി ഉല്‍പാദനം ഗണ്യമായി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും രാജേന്ദ്ര പ്രസാദ് പറഞ്ഞു. വിവിധ സംഘങ്ങള്‍ക്ക് നേരത്തെ അനുവദിച്ച ആധുനിക യന്ത്രങ്ങള്‍ ഉപയോഗശൂന്യമാകുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും ഇദ്ദേഹം പറഞ്ഞു.
പച്ചത്തൊണ്ടില്‍നിന്നുള്ള ചകിരിയിലൂടെ കയര്‍പിരിക്കുന്നതിന് മുന്‍പ് വെള്ളത്തിലിട്ട് കറകളയുന്ന പ്രവൃത്തി ചിലവുള്ളതാണ്. തമിഴ്‌നാട്ടില്‍ പച്ചത്തൊണ്ടില്‍നിന്നാണ് ചകിരി ഉല്‍പാദിപ്പിക്കുന്നത്.
ഇടത്തട്ടുകാരുടെ ചൂഷണത്തിനൊപ്പം ചകിരിയുടെ വില വര്‍ധനയും കയര്‍ മേഖലയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ആഭ്യന്തര ചകിരി ഉല്‍പാദനം നിലച്ചതോടെ കയര്‍ ഫാക്ടറികളും അടച്ചു പൂട്ടല്‍ ഭീഷണിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."