മീനങ്ങാടിക്ക് അഭിമാനമായി അലന്‍ സജി; റിലയന്‍സ് ഫൗണ്ടേഷനിലെ രണ്ടാമന്‍
മീനങ്ങാടി: കാല്‍പന്തിന്റെ കുമ്മായ വരക്കുള്ളിലേക്ക് മീനങ്ങാടിയില്‍ നിന്നൊരു താരം കൂടി. അണ്ടര്‍-12 കാറ്റഗറിയില്‍ റിലയന്‍സ് ഫൗണ്ടേഷന്റെ കോച്ചിങ് ക്യാംപിലേക്കാണ് ചീരാംകുന്നില്‍ നിന്നുള്ള അലന്‍ സജി തിരഞ്ഞടുക്കപ്പെട്ടത്. നിലവില്‍ ഗോകുലം എഫ്.സിയുടെ അണ്ടര്‍-12 താരമാണ് അലന്‍.
മുന്നേറ്റ നിരയില്‍ അലന്‍ നടത്തിയ പ്രകടനമാണ് അലനെ ഫൗണ്ടേഷനിലേക്ക് തിരഞ്ഞെടുക്കാനുള്ള ആധാരം. കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നടന്ന സെലക്ഷന്‍ ട്രയല്‍സില്‍ നിന്നാണ് വയനാടിന്റെ അഭിമാനമായി അലന്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഏപ്രിലില്‍ മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന കിഡ്‌സ് ഫുട്‌ബോള്‍ ഫെസ്റ്റിലെയും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് മീനങ്ങാടി ഫുട്‌ബോള്‍ അക്കാദമി കണ്ടെത്തിയ ഈ കുഞ്ഞന്‍ താരമാണ്.
കര്‍ഷകനായ ചീരാന്‍കുന്നിലെ സജിയുടെയും സന്ധ്യയുടെയും മകനായ അലന്റെ ചേട്ടന്‍ അലക്‌സ് നിലവില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ റിസര്‍വ് ടീം അംഗമാണ്. പ്രതിരോധ താരമായ അലക്‌സ് ബ്ലാസ്റ്റേഴ്‌സിന്റെ ജൂനിയര്‍ ടീമിനായും ജഴ്‌സിയണിയുന്നുണ്ട്. മീനങ്ങാടി പഞ്ചായത്ത് ഫുട്‌ബോള്‍ അക്കാദമിയില്‍ നിന്ന് തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് റിലയന്‍സ് ഫൗണ്ടേഷനിലേക്ക് താരങ്ങള്‍ തിരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാറ്റഗറിയില്‍ രാഹുല്‍ രാജേന്ദ്രനും സെലക്ഷന്‍ ലഭിച്ചിരുന്നു.
മീനങ്ങാടി പഞ്ചായത്ത് അക്കാദമിയുടെ സി-ലെവല്‍ സര്‍ട്ടിഫിക്കറ്റുള്ള പരിശീലകനായ സി.വി ബിനോയിയാണ് അലനെയും രാഹുലിനെയും അലക്‌സിനെയും കളിക്കളത്തില്‍ പ്രാപ്തരാക്കിയത്. പഞ്ചായത്തിന്റെ പൂര്‍ണ പിന്തുണയും കുട്ടികളുടെ വളര്‍ച്ചയില്‍ മികച്ച പങ്കുവഹിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."