ചെങ്കോട്ടയില്‍ പടയൊരുക്കം കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ കണ്ണൂരിലേക്ക്
കണ്ണൂര്‍: കോണ്‍ഗ്രസിന് വൈബ്രന്റായ നേതൃത്വമില്ലെന്ന് ആരോപിച്ച കെ സുധാകരനു പരോക്ഷ മറുപടിയുമായി കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ കണ്ണൂരില്‍ വട്ടമിട്ടുപറക്കുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ പലതവണ സുധീരന്‍ കണ്ണൂരില്‍ വന്നുപോയി. മുഖ്യമന്ത്രി പിണറായിയുടെ ജില്ലയില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ നടക്കുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ ആത്മവീര്യം വളര്‍ത്താനാണ് സുധീരന്‍ ശ്രമിക്കുന്നത്. ഇതു മലബാറില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ എതിര്‍ക്കുന്നവരെ നിര്‍വീര്യമാക്കാനുള്ള തന്ത്രമാണെന്ന് എതിര്‍ചേരിയിലുള്ളവര്‍ പറയുന്നു.
തലശേരിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരായ ദലിത് യുവതികളെ അറസ്റ്റു ചെയ്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ തലശേരി ടൗണ്‍ പൊലിസ് സ്‌റ്റേഷന്‍ മാര്‍ച്ചിന് സുധീരനാണ് നേതൃത്വം നല്‍കിയത്. ഇന്നു വീണ്ടും ജില്ലയിലെത്തുന്ന സുധീരന്‍ സി.പി.എമ്മുകാര്‍ ബോംബെറിഞ്ഞു തകര്‍ത്ത മാവിലായി നവജീവന്‍ വായനശാലയും ചക്കരക്കല്‍ തന്നടയിലെ കോണ്‍ഗ്രസ് ഓഫിസും സന്ദര്‍ശിക്കും. രാവിലെ പത്തരയോടെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ കഴിയുന്ന അഞ്ജനയെ സുധീരന്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് പയ്യന്നൂരില്‍ അക്രമത്തി നിരയായ കെ.എസ്.യു പ്രവര്‍ത്തകരെയും കെ.പി.സി.സി പ്രസിഡന്റ് സന്ദര്‍ശിക്കും.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കണ്ണൂരിലെത്തുന്നുണ്ട്. നാളെ കുട്ടിമാക്കൂലില്‍ ദലിത് യുവതികളെ ജയിലിലടച്ചതില്‍ പ്രതിഷേധിച്ച് ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ നടത്തുന്ന ബഹുജനകൂട്ടായ്മ ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യം. മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി, മുന്‍മന്ത്രിമാരായ കെ സുധാകരന്‍, കെ.സി ജോസഫ് തുടങ്ങിയവര്‍ സംസാരിക്കും. വൈകിട്ടു നാലിന് നടക്കുന്ന കൂട്ടായ്മയില്‍ പീഡനത്തിനിരയായ നടമ്മല്‍ രാജനും കുടുംബവും തങ്ങള്‍ക്കു നേരിടേണ്ടി വന്ന ദുരിതം വിവരിക്കും. ദലിത് പീഡനം ദേശീയ സംഭവമായി സി.പി. എമ്മിനെതിരെ ഉയര്‍ത്തികാട്ടാനാണ് കോണ്‍ഗ്രസ് ശ്രമം. കണ്ണൂരില്‍ തങ്ങളുടെ സ്വാധീന പ്രദേശങ്ങളില്‍ നിന്നും ബി.ജെ.പിയിലേക്ക് പ്രവര്‍ത്തകര്‍ ചോരുന്നതു തടയാന്‍ സി.പി.എം വിരുദ്ധ സമരങ്ങളുടെ ചാംപ്യന്‍മാരായി തിരിച്ചുവരാനാണ് കോണ്‍ഗ്രസ് കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നത്. ഇതിനായി ദേശീയ നേതാക്കളെ ഇറക്കാനും തീരുമാനിച്ചിട്ടുണ്ട്. സി.പി.എം അക്രമ മുറവിളി കൂട്ടി ബി.ജെ.പി ദേശീയ നേതാക്കളെ കണ്ണൂരിലേക്ക് കൊണ്ടുവരുന്ന പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസും ഇതേ തന്ത്രം പയറ്റുന്നത്.
പ്രതിരോധിക്കാന്‍ ഇടതു ദലിത്-വനിതാ സംഘടനകള്‍
കണ്ണൂര്‍: തലശ്ശേരി കുട്ടിമാക്കൂല്‍ സംഭവം രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ ഇടതു സംഘടനകളും രംഗത്തെത്തുന്നു. പ്രശ്‌നത്തെ നിസാരവത്കരിക്കാനുള്ള ശ്രമത്തിനു തിരിച്ചടി നേരിട്ടതോടെയാണ് തലശ്ശേരി കേന്ദ്രീകരിച്ച് ഇടതു ദലിത്-വനിതാ സംഘടനകളുടെ നേതൃത്വത്തില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുന്നത്. ജനാധിപത്യ മഹിളാ അസോസിയേഷനും പട്ടികജാതി ക്ഷേമ സമിതിയും സംയുക്തമായാണ് കൂട്ടായ്മ സംഘടിപ്പിക്കുക. പാര്‍ട്ടി ഓഫിസില്‍ കയറി അക്രമം നടത്തിയവരെ നിയമപ്രകാരം കേസെടുത്തതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അപവാദപ്രചരണങ്ങള്‍ നടത്തുകയാണെന്നും ഇതു തുറന്നു കാണിക്കാനാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നതെന്നുമാണ് സംഘാടകര്‍ അറിയിച്ചത്. 25ന് വൈകുന്നേരം മൂന്നിനു തലശ്ശേരി ടൗണ്‍ കേന്ദ്രീകരിച്ച് പ്രകടനം നടക്കും. പൊതുയോഗം മഹിളാ അസോസിയേഷന്‍ ദേശീയ ട്രഷറര്‍ പി.കെ ശ്രീമതി എം.പി ഉദ്ഘാടനം ചെയ്യും. പി.കെ.എസ് സംസ്ഥാന സെക്രട്ടറി കെ സോമപ്രസാദ് എം.പി, ഇ ഗംഗാധരന്‍, എം.വി സരള സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."