HOME
DETAILS
MAL
കൊവിഡ് കാലത്ത് ആരാലും പരിഗണിക്കപ്പെടാതെ എച്ച്.ഐ.വി ബാധിതര്‍
backup
March 27 2020 | 18:03 PM
തിരുവനന്തപുരം: പ്രതിരോധത്തിനും ചികിത്സക്കും മരുന്നില്ലാത്ത കൊവിഡിനെ ചെറുക്കാന്‍ എല്ലാം അടച്ചുപൂട്ടി പ്രതിരോധം തീര്‍ക്കുമ്പോള്‍ സംസ്ഥാനത്തെ എച്ച്.ഐ.വി ബാധിതര്‍ ആരാലും പരിഗണിക്കപ്പെടുന്നില്ല. രോഗബാധിതരാണെങ്കിലും ആ വിവരം വളരെ രഹസ്യമായി സൂക്ഷിച്ച് മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് സന്നദ്ധ സംഘടനകളുടെ സേവനം സ്വീകരിക്കാനും കഴിയുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ടും പലരെയും അലട്ടുകയാണ്.
സംസ്ഥാനത്താകെയുള്ള എച്ച്.ഐ.വി ബാധിതരുടെ എണ്ണം 14,200 ആണ്. വര്‍ഷത്തില്‍ 1200 ഓളം പേര്‍ ഇപ്പോഴും കേരളത്തില്‍ പുതിയതായി എച്ച്. ഐ.വി ബാധിതരാകുന്നുണ്ടെന്നും ഇതില്‍ തന്നെ സ്ത്രീകളാണ് കൂടുതലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവര്‍ക്കെല്ലാം മരുന്ന് എത്തിക്കുന്നത് ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയാണ്. ജില്ലാ ആശുപത്രികള്‍ വഴിയും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ വഴിയുമാണ് എച്ച്.ഐ.വി ബാധിതര്‍ക്കുള്ള മരുന്ന് വിതരണം ചെയ്യുന്നത്. യാത്രാ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുന്ന സാഹചര്യത്തില്‍ മരുന്ന് വാങ്ങാന്‍ പോലും പുറത്തിറങ്ങാന്‍ ഇവരില്‍ പലര്‍ക്കും കഴിയുന്നില്ല.
രോഗവിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ള പ്രത്യേക ബുക്ക് കാണിച്ചാണ് എച്ച്.ഐ.വി ബാധിതര്‍ ആശുപത്രിയിലെത്തി മരുന്ന് വാങ്ങുന്നത്. എച്ച്.ഐ.വി ബാധിതരാണെന്ന വിവരം പുറത്തറിഞ്ഞാല്‍ നേരിടേണ്ടി വരുന്ന സാമൂഹ്യ അവഗണനയും വിലക്കും മുന്നില്‍ക്കണ്ട് ആരും ഇക്കാര്യം പുറത്തു പറയാറില്ല. രോഗവിവരം ചിലപ്പോള്‍ രോഗിയുടെ കുടുംബത്തിലെ വേണ്ടപ്പെട്ടവര്‍ക്കു പോലും അറിയണമെന്നുമില്ല.
കഴിച്ചു തുടങ്ങിയ കാലയളവ് അനുസരിച്ചാണ് മരുന്ന് ആശുപത്രിയില്‍ നിന്നു കൊടുക്കുന്നത്. പത്തു വര്‍ഷം ആയതിനു ശേഷമാണ് തനിക്ക് മൂന്നു മാസത്തെ മരുന്ന് ഒരുമിച്ച് ആശുപത്രിയില്‍ നിന്നു തരാന്‍ തുടങ്ങിയതെന്ന് രാജ്യത്തെ ആദ്യ എച്ച്.ഐ.വി ബാധിത ദമ്പതികളിലെ പുരുഷനായ പാലക്കാട്ടെ അശോകന്‍ പറയുന്നു. താന്‍ എച്ച്.ഐ.വി ബാധിതനാണെന്ന് എല്ലാവര്‍ക്കും അറിവുള്ളതിനാല്‍ മരുന്ന് വാങ്ങാന്‍ പൊലിസുകാരോടും മറ്റും പറഞ്ഞ് പോകുന്നതിന് പ്രശ്‌നമില്ല. പക്ഷേ ഈ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുന്നവരുടെ കാര്യം കഷ്ടമാണെന്ന് അശോകന്‍ പറയുന്നു.
സംഘടനകളും സന്നദ്ധ പ്രവര്‍ത്തകരും സഹായത്തിനായി ഓരോ വാതിലിനു മുന്നിലും ഉണ്ടെങ്കിലും അവരുടെ സേവനം പ്രയോജനപ്പെടുത്താനാകാത്ത നിസ്സഹായാവസ്ഥയിലാണ് ഈ സമൂഹം.
കൊവിഡ് കാലത്ത് സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിച്ചെങ്കിലും ഇവരെ മാത്രം ഒരിടത്തും പരിഗണിച്ചിട്ടില്ല. സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയിലൂടെ മാസം തോറും 1,000 രൂപ വീതം ധനസഹായം ലഭിച്ചിരുന്നത് കിട്ടിയിട്ട് എട്ട് മാസം കഴിഞ്ഞു. സര്‍ക്കാര്‍ നല്‍കിയ മൂന്നരക്കോടി രൂപ നല്‍കിക്കഴിഞ്ഞെന്നും ഇനി ഫണ്ട് ലഭിച്ചാല്‍ മാത്രമേ ധനസഹായത്തിനു വഴിയുള്ളൂ എന്നുമാണ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അധികൃതരുടെ നിലപാട്. എന്നാല്‍ പണം കൊടുത്തില്ലെങ്കിലും മരുന്ന് തീര്‍ന്നവര്‍ക്ക് അത് വീടുകളില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ പോലും ഇവര്‍ ഈ പ്രത്യേക ഘട്ടത്തിലും ആലോചിക്കുന്നില്ല. പക്ഷേ, ആരോടും പറയാതെ, പരിഭവിക്കാതെ തേങ്ങലുകള്‍ അടക്കിപ്പിടിച്ച് തങ്ങളിലേക്ക് ഒതുങ്ങുകയാണ് രോഗബാധിതര്‍. എന്തെങ്കിലും സഹായം ഉണ്ടാകുമെന്ന പ്രതീക്ഷയില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."