അപ്പങ്ങളെമ്പാടും ചുട്ടെടുത്ത് കാസര്‍കോടിന്റെ രുചിപ്പെരുമ
കാസര്‍കോട്: കാസര്‍കോടന്‍ അപ്പത്തരങ്ങളുടെ ഗന്ധംകൊണ്ട് നാവില്‍ വെള്ളമൂറുകയാണ് കാസര്‍കോടിന്റെ തെരുവുകളിലെ സായാഹ്നങ്ങള്‍. ജില്ലയുടെ തെരുവോരങ്ങളെല്ലാം അപ്പങ്ങള്‍ കൊണ്ടു നിറഞ്ഞിരിക്കുന്ന സായാഹ്ന കാഴ്ച ഇതര ജില്ലകളിലുള്ളവര്‍ക്ക് കൗതുകമാവുകയാണ്.
മാര്‍ക്കറ്റുകളില്‍ സ്ഥിരമായി ലഭിക്കുന്ന ഉള്ളിവടയും കട്‌ലറ്റും മുതല്‍ ചിക്കന്‍ റോളടക്കമുള്ള പലഹാര റോളുകളുടെ വൈവിധ്യമാണ് കാസര്‍കോടിന്റെ തെരുവോരങ്ങളില്‍ വൈകുന്നേരങ്ങളില്‍ നിറയുന്നത്.
ഉള്ളിവട, പരിപ്പുവട, ഉന്നക്കായ, കട്‌ലറ്റ്, മുട്ടബോണ്ട, ചിക്കന്‍ റോള്‍ എന്നിവയുടെ പതിവു ശ്രേണിക്കൊപ്പം മധുരക്കിഴങ്ങു ഉപയോഗിച്ചുണ്ടാക്കിയ പോടി, ചിക്കനും ബീഫും ചെമ്മീന്‍ നിറച്ച റോളുകളും രുചിയുടെ കാര്യത്തില്‍ വേറിട്ടു നില്‍ക്കുന്നു. ഇറച്ചി നിറച്ച പിരിയടകള്‍, പഴം നിറച്ചത്, കുബ്ബൂസും ഇറച്ചിയും ഉപയോഗിച്ചുള്ള അപ്പങ്ങള്‍, കല്ലുമ്മക്കായ കൊണ്ടുള്ള അപ്പങ്ങള്‍ ഇവയെല്ലാം കൊണ്ടും നിറഞ്ഞിരിക്കുന്ന കാസര്‍കോട്ടെ നിരത്തുവക്കുകള്‍ കാഴ്ചക്കാര്‍ക്ക് സമ്മാനിക്കുന്നത് വേറിട്ട അനുഭവമാണ്.
കാസര്‍കോട്ട് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ബേക്കറികളും ഹോട്ടലുകളും മുതല്‍ സ്വകാര്യ സംരഭകരടക്കമുള്ളവരാണ് നോമ്പുതുറക്കുള്ള വിഭവങ്ങളുമായി റോഡരികില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. റോഡരികില്‍ താല്‍ക്കാലികമായി കെട്ടിയിരിക്കുന്ന ടെന്റുകളില്‍നിന്നു വാങ്ങുന്നവര്‍ കാണ്‍കെ തന്നെയാണ് അപ്പത്തരങ്ങള്‍ ചുട്ടെടുക്കുന്നത്.
നഗരസഭയുടെ കര്‍ശന പരിശോധനയും കൃത്യമായി നടക്കുന്നുണ്ട്. ചുട്ടെടുക്കുന്ന അപ്പത്തരങ്ങള്‍ നോമ്പുതുറക്കുന്ന സമയത്തിന് തൊട്ടു മുന്‍പുതന്നെ വിറ്റുതീരുന്നുവെന്നതാണ് ഈ അപ്പത്തരങ്ങളുടെ ഗുണമേന്മക്കുള്ള അംഗീകാരവും.
നോമ്പെടുക്കുന്ന ഇസ്‌ലാം മതവിശ്വാസികള്‍ മാത്രമല്ല, ഇതര മതവിശ്വാസികളും കാസര്‍കോടിന്റെ രുചിപ്പെരുമകള്‍ അനുഭവിച്ചറിയുകയാണ്. അപ്പത്തരങ്ങള്‍ക്കു പുറമെ വിവിധയിനം ബിരിയാണികളും കാസര്‍കോടിന്റെ നിരത്തുവക്കുകളില്‍ രുചിമണം പെയ്യിക്കുകയാണ്.
കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ്, പഴയ ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ റോഡ് എന്നിവിടങ്ങളിലെല്ലാം രുചിയുടെ പെരുമഴപ്പെയിച്ച് അപ്പത്തരങ്ങള്‍ നിരന്നിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."