യാക്കോബായ സഭ: പുകയുന്നത് അധികാരത്തര്‍ക്കങ്ങള്‍
കോട്ടയം: യാക്കോബായ സഭ കോട്ടയം ഭദ്രാസനാധിപനെതിരേ ഉയര്‍ന്ന ആരോപണങ്ങളും നടപടികളും സഭയ്ക്കുള്ളിലെ അധികാരത്തര്‍ക്കങ്ങളെ തുടര്‍ന്നെന്നു വ്യക്തമാകുന്നു. കോട്ടയം ഭദ്രാസനാധിപനായ തോമസ് മാര്‍ തിമോത്തിയോസിനെതിരേ ഒരുവിഭാഗം വൈദികരും വിശ്വാസികളും രംഗത്തുവരാനിടയായ സംഭവങ്ങളാണ് സഭയ്ക്കുള്ളിലെ അധികാരത്തര്‍ക്കങ്ങള്‍ മറനീക്കി പുറത്തുകൊണ്ടുവന്നത്.
മെത്രാപോലീത്തമാരുടെ ധനവിനിയോഗം, സ്ഥാപനങ്ങളുടെ മേലുളള ട്രസ്റ്റികളുടെ ഉടമസ്ഥാവകാശം, മെത്രാപോലീത്തയുമായി അടുപ്പമുള്ള അല്‍മായനായ വ്യക്തിയുടെ ഇടപെടല്‍ തുടങ്ങിയ വിവിധ ആരോപണങ്ങളാണ് കോട്ടയം ഭദ്രാസനാധിപനെതിരേ ഉന്നയിക്കപ്പെട്ടത്. ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിക്കാന്‍ മൂന്ന് മെത്രാപോലീത്തമാരടങ്ങുന്ന കമ്മിഷനെ സഭാ സുന്നഹദോസ് ചുമതലപ്പെടുത്തിയിരുന്നു.
എന്നാല്‍ അല്‍മായന്‍ ഭദ്രാസന കാര്യങ്ങളില്‍ അമിതമായ ഇടപെടല്‍ നടത്തുന്നുവെന്നതൊഴിച്ചുള്ള ആരോപണങ്ങളില്‍ മെത്രാപോലീത്തയെ കുറ്റപ്പെടുത്താത്ത റിപ്പോര്‍ട്ടാണ് കമ്മിഷന്‍ സമര്‍പ്പിച്ചത്.
ഒറ്റ ആരോപണത്തിന്റെ പേരില്‍മാത്രം തോമസ് മാര്‍ തിമോത്തിയോസിനെ ശ്രേഷ്ഠ കാതോലിക്കാ ഭദ്രാസന ചുമതലയില്‍ നിന്നൊഴിവാക്കുകയായിരുന്നു. ശ്രേഷ്ഠ കാതോലിക്കയുടെ ഈ നടപടി സഭയ്ക്കുള്ളില്‍ വന്‍ എതിര്‍പ്പിനു കാരണമായി. ഇതിനിടെയാണ് ബോളിവുഡ് നടി പ്രിയങ്കാ ചോപ്രയുടെ മുത്തശിയുടെ സംസ്‌കാരം നടത്തുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നത്. തിമോത്തിയോസിനെ എതിര്‍ക്കുന്ന വിഭാഗം അദ്ദേഹത്തിനെതിരേ പ്രിയങ്കാ ചോപ്ര പ്രശ്‌നവും ഉപയോഗപ്പെടുത്തി.
എന്നാല്‍ മെത്രാപോലീത്തയെ ചുമതലയില്‍ നിന്ന് നീക്കം ചെയ്യാനുള്ള സുന്നഹദോസ് തീരുമാനവും അദ്ദേഹത്തിനെതിരേ പരസ്യആരോപണങ്ങള്‍ ഉന്നയിക്കാനുള്ള നീക്കവും സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ മരവിപ്പിച്ചു.
ഇത് ശ്രേഷ്ഠകാതോലിക്ക ബാവാ കഴിഞ്ഞ കുറേക്കാലമായി എടുക്കുന്ന ഏകപക്ഷീയമായ നടപടികളിലൊന്നായാണ് മറുപക്ഷം കണക്കാക്കുന്നത്. യാക്കോബായ സഭയുടെ മലയാളികള്‍ക്ക് പ്രാമുഖ്യമുള്ള ഇന്ത്യയിലെയും വിദേശത്തെയും ഭദ്രാസനങ്ങളുടെ ചുമതലയില്‍ നിന്ന് മറ്റു മെത്രാപോലീത്തന്മാരെ കാതോലിക്കാ ബാവ മാറ്റിയിരുന്നു.
ഇതിനുപുറമേ അടുപ്പമുള്ളവര്‍ക്ക് മികച്ച ഭദ്രാസനങ്ങള്‍ നല്‍കിയെന്നും ആക്ഷേപമുയര്‍ന്നിരുന്നു. സഭാ കാര്യങ്ങളില്‍ സുന്നഹദോസ് എടുക്കുന്ന തീരുമാനങ്ങള്‍ പാത്രിയര്‍ക്കീസ് ബാവയുടെ അംഗീകാരം ലഭ്യമാക്കുകയെന്ന കീഴ്‌വഴക്കമുണ്ട്. മുന്‍കാലങ്ങളില്‍ പാത്രിയര്‍ക്കീസ് ബാവമാര്‍ സുന്നഹദോസ് തീരുമാനങ്ങള്‍ അംഗീകരിക്കുകയും ഗൗരവമേറിയവ മാത്രം പുനരാലോചനയ്ക്ക് വിധേയമാക്കുകയുമായിരുന്നു പതിവ്.
എന്നാല്‍ ഇപ്പോഴത്തെ പാത്രിയര്‍ക്കീസ് ആഗോള സഭയുമായി ബന്ധപ്പെട്ട എന്തു തീരുമാനവും കൃത്യമായി പഠിച്ചശേഷമേ അന്തിമ തീരുമാനമെടുക്കുയുള്ളൂ. ഇത്തരം അധികാരങ്ങള്‍ കേരളത്തിലിരുന്നു ശ്രേഷ്ഠ ബാവ നിയന്ത്രിക്കുന്നതില്‍ സഭയിലെ മെത്രാപോലീത്തമാരുള്‍പ്പെടെ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."