ചളിയംകോട് കെ.എസ്.ടി.പി നിര്‍മിച്ച റോഡ് തകര്‍ന്നു
ഉദുമ: സംസ്ഥാനപാതയില്‍ ചളിയംകോട് കെ.എസ്.ടി.പി നിര്‍മിച്ച റോഡ് ശക്തമായ മഴയില്‍ തകര്‍ന്നു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് അടച്ചിട്ട ചളിയംകോട് പാലത്തിനു സമീപമാണ് ടാറിങ് പൊളിഞ്ഞത്. പാതയുടെ മധ്യത്തില്‍ നീളത്തില്‍ വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. ഇവിടെ ഓവുചാല്‍ നിര്‍മാണം പൂര്‍ത്തിയാക്കാത്തിനെ തുടര്‍ന്ന് റോഡിലൂടെ ഒഴുകുന്ന വെള്ളം ഇറങ്ങിയാണ് പാതയുടെ വശങ്ങളില്‍ പൊട്ടലുണ്ടായത്. ടാറും മണ്ണും വെള്ളത്തോടൊപ്പം ഒലിച്ചുപോയിട്ടുണ്ട്.
വശങ്ങളില്‍നിന്നും മണ്ണൊലിച്ചു പോയതാണ് മധ്യത്തില്‍ വിള്ളല്‍ വീഴാന്‍ കാരണമെന്നാണ് കരുതുന്നത്. വിവാദങ്ങളും പ്രതിഷേധങ്ങളും ഏറെയുണ്ടായ കെ.എസ്.ടി.പിയുടെ കാസര്‍കോട് കാഞ്ഞങ്ങാട് സംസ്ഥാന തീരദേശ പാതയിലാണ് ഈ ദുരിതം.
ചാളിയംകോട് കുന്നിടിഞ്ഞ് വീണതിനെ തുടര്‍ന്ന് മേല്‍പറമ്പ് മുതല്‍ ചെമ്മനാടുവരെ പാത അടച്ചിട്ടിരുന്നതിനാല്‍ ഇതുവഴിയുള്ള വാഹനങ്ങള്‍ നിര്‍ത്തലാക്കിയിരുന്നു.
ഇപ്പോള്‍ ദേളി പരവനടുക്കംവഴിയാണ് വാഹനങ്ങള്‍ സഞ്ചരിക്കുന്നത്.
നേരത്തെ ചിത്താരി പാലം വരെയുള്ള നവീകരണം പൂര്‍ത്തിയാക്കി പാത വാഹനങ്ങള്‍ക്ക് തുറന്നുകൊടുത്തിരുന്നു. ചളിയംകോട് പാലം നിര്‍മാണത്തെ തുടര്‍ന്ന് ഒന്നര വര്‍ഷത്തോളം അടച്ചിട്ടിരുന്ന മേല്‍പറമ്പ് ചെമ്മനാട് പാത കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പാണ് നാട്ടുകാരിടപെട്ട് തുറന്നുകൊടുത്തിരുന്നത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള വാഹനങ്ങളും ഇതുവഴി ഓടിത്തുടങ്ങി. മഴക്കാലം ആരംഭിച്ചതോടെ ചളിയംകോട് കൊട്ടരുവത്ത് കുന്നിടിഞ്ഞ് വീണതിനെ തുടര്‍ന്നാണ് ഗതാഗതം കഴിഞ്ഞയാഴ്ച വീണ്ടും നിരോധിച്ചത്.
റവന്യൂ മന്ത്രിയുടെയും കലക്ടറുടെയും നിര്‍ദേശത്തെ തുടര്‍ന്ന് യുദ്ധ കാലാടിസ്ഥാലത്തിലുള്ള പ്രവൃത്തികള്‍ നടന്നുവരുന്നതിനിടയിലാണ് റോഡ് തന്നെ പൊളിഞ്ഞ സാഹചര്യമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."