ഗൃഹമാലിന്യ സംസ്‌കരണത്തിന് 'പോര്‍ട്ട് കമ്പോസ്റ്റു'മായി നഗരസഭ
ഗുരുവായൂര്‍: ഗൃഹമാലിന്യം സംസ്‌കരിക്കാന്‍ പ്രകൃതി സൗഹൃദ പോര്‍ട്ട് കമ്പോസ്റ്റ് പദ്ധതിയുമായി ഗുരുവായൂര്‍ നഗരസഭ. ഇതിലൂടെ മാലിന്യം വലിച്ചെറിയുന്നതിന് പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷ. ആദ്യഘട്ടമായി ഫ്‌ളാറ്റുകളിലും കോളനികളിലും നടപ്പിലാക്കുന്ന പദ്ധതി പിന്നീട് വ്യാപകമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രൊഫ. പി.കെ ശാന്തകുമാരി പത്രസമ്മേളനത്തില്‍ പറഞ്ഞു.
കളിമണ്ണുകൊണ്ട് നിര്‍മിക്കുന്ന പ്രത്യേക ഡിസൈനിലുള്ള മൂന്ന് പാത്രങ്ങള്‍ അടുക്കിവെച്ചതാണ് കമ്പോസ്റ്റ് ഉണ്ടാക്കാനുള്ള പോര്‍ട്ട്. വീടുകളുടെ ഉള്ളില്‍ തന്നെ സ്ഥാപിക്കാന്‍ പറ്റുന്ന വിധത്തിലാണിത്. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റിവെക്കാനും കഴിയും. ആദ്യത്തെ പാത്രത്തില്‍ ജൈവമാലിന്യം നിക്ഷേപിക്കണം. ബാക്ടീരിയ കള്‍ച്ചറിനുള്ള ദ്രാവകവും ഒഴിച്ചാല്‍ മൂന്നുമാസം കൊണ്ട് താഴത്തെ പാത്രത്തില്‍ വളം ലഭ്യമാകും. ഈ വളത്തിന് കിലോയ്ക്ക് 50 രൂപ മാര്‍ക്കറ്റില്‍ വിലയുണ്ടെന്ന് പറയുന്നു. പോര്‍ട്ടിന് 700 രൂപയാണ് വില. ഇന്നലെ നഗരസഭ വിളിച്ചുചേര്‍ത്ത ഫ്‌ളാറ്റുടമകളുടെ യോഗത്തില്‍ ഇതിന്റെ പ്രവര്‍ത്തനം വിശദീകരിച്ചു.
ഫ്‌ളാറ്റുടമകളെല്ലാം ഇത് വാങ്ങാന്‍ തയ്യാറായിട്ടുണ്ട്. ആളൂരിലെ കുംഭാര കോളനിയിലാണ് പോര്‍ട്ട് ഉണ്ടാക്കുന്നത്. ആദ്യഘട്ടത്തില്‍ 280 എണ്ണം ഉണ്ടാക്കാന്‍ ഓര്‍ഡര്‍ നല്‍കി കഴിഞ്ഞു. പത്രസമ്മേളനത്തില്‍ വൈസ് ചെയര്‍മാന്‍ കെ.പി വിനോദ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സുരേഷ് വാര്യര്‍, എം. രതി, നിര്‍മ്മല കേരളന്‍, സെക്രട്ടറി രഘുരാമന്‍, എച്ച്.എസ്. ലക്ഷ്മണന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."