ഇന്ത്യയിലെ ഏറ്റവും വലിയ ഫ്‌ളോട്ടിങ് സോളാര്‍ പ്ലാന്റ് കായംകുളം താപനിലയത്തില്‍
ഹരിപ്പാട്: ഇന്ത്യയിലെ ഏറ്റവും വലിയ ഫ്‌ളോട്ടിങ് സോളാര്‍ പ്ലാന്റ് കായംകുളം താപനിലയത്തില്‍ കമ്മിഷന്‍ ചെയ്തു. എന്‍.ടി.പി.സിയുടെ രാജീവ നാന്ധി കംബയിന്‍ഡ് സൈക്കിള്‍ പവര്‍ പ്ലാന്റില്‍ സാങ്കേതിക വിഭാഗം ഡയറക്ടര്‍ എ.കെ ജാ പ്ലാന്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. റീജിയണല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍വി.ബി ഫട്ഹാവിസ്, എന്‍.ഇ.ടി.ആര്‍.എ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍.കെ ശ്രീവാത്സവ, എന്‍.ടി.പി.സി കായംകുളം ജനറല്‍ മാനേജര്‍ കുഹാല്‍ ഗുപ്ത, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
100 കിലോ വാട്ട് ശേഷിയുള്ള പ്‌ളാന്റിന്റെ പ്രവര്‍ത്തനം മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്. താപനിലയത്തിലേക്കുള്ള ശുദ്ധജലം സൂക്ഷിക്കുന്ന 23 ഏക്കറോളം വിസ്തൃതിയുള്ള സംഭരണിയിലാണ് സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ആദ്യ സംരഭമായ ഇത് വിജയകരമായാല്‍ മറ്റ് നിലയങ്ങളിലെ ജലസംഭരണികളിലും സോളാര്‍ പാനലുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. എല്ലാ നിലയങ്ങളിലും പാനലുകള്‍ സ്ഥാപിച്ചാല്‍ 800 മെഗാവാട്ട് വൈദ്യുതി ഉദ്പാദിപ്പിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു.
22 ദിവസങ്ങള്‍കൊണ്ടാണ് നിലയത്തില്‍ പ്രത്യേകം തയ്യാറാക്കിയ പ്ലാസ്റ്റിക് പാനലുകള്‍ സ്ഥാപിച്ചത്. എന്‍.ടി.പി.സിയുടെ ഗവേഷണ വികസന വിഭാഗമായ എന്‍.ഇ.ടി.ആര്‍.എയും സി.ഐ.പി.ഇ.ടിയും സംയുക്തമായാണ് സോളാര്‍ പാനലുകള്‍ സ്ഥാപിച്ചത്. കായംകുളം താപനിലയത്തിന്റെ പരിസരങ്ങളിലുള്ള വെള്ളക്കെട്ടുകളുടെ മുകളില്‍ പാനലുകള്‍ സ്ഥാപിക്കുന്ന കാര്യവും സജീവ പരിഗണനയിലുണ്ട്. സോളാര്‍ പ്ലന്റില്‍ നിന്നും ലഭിക്കുന്ന വൈദ്യുതി ഇവിടെ തന്നെ ഉപയോഗിക്കാനാണ് തീരുമാനം. വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദനം ആരംഭിച്ചതിന് ശേഷമാകും പുറത്തേക്ക് വിതരണം ചെയ്യുക. ഒരു കോടിയോളം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നാഫ്ത ഉപയോഗിച്ചാണ് കായംകുളം താപനിലയത്തില്‍ വൈദ്യുതി ഉല്‍പാദിപ്പിച്ചിരുന്നത്. എന്നാല്‍ രണ്ട് വര്‍ഷമായി ഉല്‍പാദനം നിലച്ച അവസ്ഥയിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."