ക്വാറി ലൈസന്‍സിന് പാരിസ്ഥിതികാനുമതി; പഞ്ചായത്തുകള്‍ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി
കൊച്ചി: ക്വാറി ലൈസന്‍സിനു പാരിസ്ഥിതികാനുമതി നിഷ്‌കര്‍ഷിക്കാന്‍ പഞ്ചായത്തുകള്‍ക്ക് അധികാരമില്ലെന്നു ഹൈക്കോടതി.
പാരിസ്ഥിതികാനുമതിയടക്കമുള്ള വിഷയങ്ങള്‍ പരിഗണിക്കാന്‍ ജിയോളജി വകുപ്പിനാണ് അധികാരമെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിശദീകരിച്ചു.
കൊല്ലം ജില്ലയിലെ നഗരൂര്‍ പഞ്ചായത്ത് ക്വാറികളുടെ ലൈസന്‍സ് പുതുക്കിനല്‍കുന്നതിനു പാരിസ്ഥിതികാനുമതി വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിനെതിരേ വിജയകുമാര്‍, സലിം, സുഭാഷ് ചന്ദ്രബോസ് എന്നിവര്‍ നല്‍കിയ ഹരജിയില്‍ ഇവരുടെ അപേക്ഷകളില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ അനുമതി നല്‍കാന്‍ നേരത്തെ ഹൈക്കോടതി സിംഗിള്‍ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരേ നഗരൂര്‍ പഞ്ചായത്ത് അധികൃതര്‍ നല്‍കിയ അപ്പീല്‍ തള്ളിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധി.
ക്വാറി പ്രവര്‍ത്തനത്തിനുള്ള ലൈസന്‍സിന് അപേക്ഷ നല്‍കുമ്പോള്‍ പഞ്ചായത്തീരാജ് നിയമപ്രകാരമുള്ള നടപടികളേ പഞ്ചായത്തിന് സ്വീകരിക്കാനാവൂ. ക്വാറി ലൈസന്‍സിനുള്ള അപേക്ഷകളില്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ അനുമതി നല്‍കാനും ഉത്തരവില്‍ പറയുന്നുണ്ട്.
ക്വാറികളുടെ ലൈസന്‍സ് പുതുക്കുന്ന അപേക്ഷകളില്‍ പാരിസ്ഥിതികാനുമതി വേണമെന്ന് പഞ്ചായത്തിനോ മലിനീകരണ നിയന്ത്രണ ബോര്‍ഡിനോ നിഷ്‌കര്‍ഷിക്കാനാവില്ലെന്നും ക്വാറി പെര്‍മിറ്റ് അനുവദിക്കുന്ന ഘട്ടത്തില്‍ ജിയോളജിസ്റ്റാണ് ഇതു നോക്കേണ്ടതെന്നും ക്വാറിയുടമകളുടെ അഭിഭാഷകര്‍ വാദിച്ചു. ഇതു ഡിവിഷന്‍ ബെഞ്ച് ശരിവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."