ആറാം വര്‍ഷവും നൂറുമേനി; ആറളം ഫാം സ്‌കൂളിന് ആഭിമാന നേട്ടം
ഇരിട്ടി: പരിമിധികളെ വിജയമാക്കി മാറ്റി ആറളം ഫാം ഹൈസ്‌കൂള്‍. തുടര്‍ച്ചയായി ആറാം വര്‍ഷവും നൂറുമേനി കൊയ്ത് ജില്ലയില്‍ ആദിവാസി കുട്ടികള്‍ മാത്രം പഠിക്കുന്ന ഏക വിദ്യാലയമായ ഫാം ഹൈസ്‌കൂളിന്റെ നേട്ടം പൊതുവിദ്യാഭ്യാസ വകുപ്പിനും പട്ടികവര്‍ഗ വികസന വകുപ്പിനും അഭിമാനമായി. ഇത്തവണ പരീക്ഷ എഴുതിയ 34 കുട്ടികളില്‍ 20 ആണ്‍കുട്ടികള്‍ക്കും 14 പെണ്‍കുട്ടികള്‍ക്കും 60 ശതമാത്തിന് മുകളില്‍ മാര്‍ക്ക് ലഭിച്ചതും വിജയത്തിന്റെ തിളക്കം കൂട്ടി. എട്ടുവിഷയത്തില്‍ എ പ്ലസും രണ്ട് വിഷയ്ത്തില്‍ എഗ്രേഡുമായി ജിതിനയും ഏഴ് വിഷയത്തില്‍ എ പ്ലസുമായി രഞ്ജിത്തും നാടിന്റെ അഭിമാനമായി. ഫാം സ്‌കൂള്‍ ഹൈസ്‌കൂളായി ഉയര്‍ത്തിയതിന് ശേഷം കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതിയതും ഇത്തവണയാണ്.
മുന്‍കാലങ്ങളിലെ മികവ് നിലനിര്‍ത്തുന്നതിനായി ഇത്തവണ ജില്ലാ പഞ്ചായത്തും പട്ടികവര്‍ഗ വികസന വകുപ്പും ആറളം പഞ്ചായത്തും ആദിവാസി പുനരധിവാസ മിഷനും അധ്യാപകരും സ്‌കൂള്‍ പി.ടി.എയും നടത്തിയ ശ്രദ്ധയും പരിചരണവുമാണ് മികച്ച വിജയത്തിലേക്ക് നയിച്ചത്. പരീക്ഷയ്ക്കു മുന്‍പുള്ള ഒരുമാസക്കാലം കുട്ടികളെ സ്‌കൂളില്‍ താമസിപ്പിച്ചാണ് പഠിപ്പിച്ചത്. പ്രത്യേക പരിഗണന വേണ്ട കുട്ടികള്‍ക്ക് പ്രത്യേക ക്ലാസുകള്‍ നല്‍കി.
കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനുമായി പ്രഭാത ഭക്ഷണത്തിനായി ഒരുകുട്ടിക്ക് ദിനംപ്രതി 30 രൂപയാണ് പട്ടികവര്‍ഗ വികസന വകുപ്പ് അനുവദിച്ചത്. കൂടാതെ സ്‌കൂളില്‍ തന്നെ താമസിച്ച് കുട്ടികളെ പഠിപ്പിക്കുന്നതിനും മറ്റുമായി ഒന്നേകാല്‍ ലക്ഷത്തോളം രൂപയും വിനിയോഗിച്ചിരുന്നു. ഫാം സ്‌കൂളില്‍ നിന്നും വിജയിക്കുന്ന കുട്ടികള്‍ക്ക് ഫാം സ്‌കൂളില്‍ തന്നെ ഹയര്‍സെക്കന്‍ഡറി പഠനത്തിന് സൗകര്യം ഒരുക്കുന്നതിന് ഇത്തവണ സ്‌കൂളിനെ ഹയര്‍സെക്കന്‍ഡറിയായി ഉയര്‍ത്താനുള്ള നടപടിയും സ്വീകരിച്ചുവരികയാണ്. നബാര്‍ഡ് സ്‌കീമില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ കെട്ടിടങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിനും രണ്ട് കോടിയലധികം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഫാമില്‍ തന്നെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."