കൊയിലാണ്ടിയില്‍ വ്യാപാര സംഘടനകളില്‍ ഭിന്നത
കൊയിലാണ്ടി: വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂനിറ്റില്‍ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. പ്രസിഡന്റ് മണിയോത്ത് മൂസ രാജിവച്ചതായി ഒരു വിഭാഗം പ്രചരിപ്പിക്കുമ്പോള്‍ ജനറല്‍ സെക്രട്ടറി ടി.പി ഇസ്മായിലിനെ തല്‍സ്ഥാനത്ത് നീക്കിയതായിട്ടാണ് ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത്.
പരസ്പരം പുറത്താക്കലും രാജിയുമായി വ്യാപാര സംഘടനകള്‍ രംഗത്തു വന്നിരിക്കുന്നത് വലിയ ആശയക്കുഴപ്പമാണ് കൊയിലാണ്ടിയിലെ വ്യാപാരികള്‍ക്കിടയില്‍ സൃഷ്ടിച്ചിരിക്കുന്നത്.
ജില്ലയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിക്കു ശക്തമായ വേരുള്ള കൊയിലാണ്ടിയില്‍ ചേരിതിരിഞ്ഞ് നാലു സംഘടനകളായാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നത്.
ഔദ്യോഗിക സംഘടനയ്ക്കു പുറമെ കൊയിലാണ്ടി മര്‍ച്ചന്റ് അസോസിയേഷന്, കേരള വ്യവസായി സമിതി, വ്യാപാരി വ്യവസായി ശ്രീധരന് വിഭാഗം തുടങ്ങി പേരിലാണ് പ്രവര്‍ത്തന രംഗത്തുള്ളത്.
വ്യാപാരികള്‍ക്കിടയിലെ ഭിന്നത കാരണം അതൃപ്തരായി മാറിനില്‍ക്കുന്ന നല്ലൊരു വിഭാഗം വ്യാപാരികളും ഇവിടെയുണ്ട്. നേരത്തെ ദേശീയപാത വികസനത്തിനെതിരേ വ്യാപാരി കോഡിനേഷന്‍ പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരേ ഒരു വിഭാഗം വ്യാപാരികള്‍ രംഗത്തു വന്നിരുന്നു.
രംഗത്തുവന്ന വ്യാപാരികള്‍ക്ക് ബൈപാസ് പദ്ധതിയില്‍ ഭൂമി നഷ്ടമാവുന്നതിലുള്ള ആശങ്കയാണെന്നാരോപിച്ച് മറുഭാഗവും രംഗത്തു വന്നിരുന്നു. കൊയിലാണ്ടിയിലെ തര്‍ക്കങ്ങളില്‍ ജില്ലാ കമ്മിറ്റി ഇടപ്പെട്ടതാണെന്നും ജനറല്‍ ബോഡി ചേര്‍ന്നു ഭാവി കാര്യങ്ങള്‍ തീരുമാനിക്കാനാണ് ജില്ലാ കമ്മിറ്റി ആലോചിക്കുന്നതെന്നുമാണ് വിവരം. ജില്ലാ കമ്മിറ്റിയുടെ തീരുമാനം വരുന്നതു വരെ യൂനിറ്റ് കമ്മിറ്റി തീരുമാനങ്ങള്‍ക്ക് വിലക്കുള്ളതായും അറിയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."