താനൂര്‍ ചാപ്പപ്പടിയില്‍ വീടുകള്‍ക്കുനേരെ കല്ലേറ്; അഞ്ചു പേര്‍ക്ക് പരുക്ക്
താനൂര്‍: താനൂരില്‍ വീടുകള്‍ക്കുനേരെ വീണ്ടും ആക്രമണം. മാസങ്ങളായി തുടരുന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി ഇന്നലെ രാവിലെ പതിനൊന്നോടെ ചാപ്പപ്പടിയിലാണ് സംഭവം. അക്രമത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ അഞ്ചു പേര്‍ക്കു പരുക്കേറ്റു.
കുഞ്ഞീന്റെ പുരക്കല്‍ സൈനബ (50), കുഞ്ഞീന്റെ പുരക്കല്‍ സുഫീല (24), കുഞ്ഞീന്റെ പുരക്കല്‍ സഫീന (25), ഹഫ്സത്ത് (27) എന്നിവര്‍ക്കാണ് പരുക്കേറ്റത്. അഞ്ചു മാസം പ്രായമായ കുഞ്ഞിനും പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ താനൂര്‍ ഗവ. ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
വീട്ടില്‍ പുരുഷന്മാരില്ലാത്ത സമയത്താണ് ഇരുപത്തിയഞ്ചോളം വരുന്ന അക്രമിസംഘം വീടിന്റെ ജനല്‍ ചില്ലുകള്‍ കരിങ്കല്ലുകള്‍ ഉപയോഗിച്ച് എറിഞ്ഞുതകര്‍ത്തത്. ജനല്‍ചില്ലുകള്‍ വീടിനകത്തുണ്ടായിരുന്ന സ്ത്രീകളുടെയും കുട്ടികളുടയും ദേഹത്തുതട്ടിയാണു പരുക്കേറ്റത്. അക്രമികള്‍ വീട്ടിനകത്ത് അതിക്രമിച്ചുകയറി കുട്ടിയുടെ കഴുത്തിലുണ്ടായിരുന്ന ഒരു പവന്റെ മാല കവര്‍ന്നതായി വീട്ടുകാര്‍ പറഞ്ഞു.
രണ്ടാഴ്ച മുന്‍പ് എളരാം കടപ്പുറം, പണ്ഡാര കടപ്പുറം എന്നീ പ്രദേശങ്ങളില്‍ ഏഴു വീടുകള്‍ക്കുനേരെ ആക്രമണം നടന്നിരുന്നു. സംഭവത്തില്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരുക്കേറ്റവരെ താനൂര്‍ മണ്ഡലം മുസ്ലിംലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."