ലോക ശ്രദ്ധയില്‍ പാറശാല ഗവ. താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി
പാറശാല: മികച്ച നിലവാരം പുലര്‍ത്തുന്ന ആശുപത്രികള്‍ക്കുളള കേന്ദ്ര സര്‍ക്കാരിന്റെ കായകല്‍പ അവാര്‍ഡ് അടക്കം മികവിനുളള നിരവധി പുരസ്‌കാരങ്ങള്‍ നേടിയ പാറശാല താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും അഭിനന്ദനീയവുമാണെന്ന് ദക്ഷിണാഫ്രിക്കന്‍ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. നോമഫ്രങ്ക് മോംബോ.
സി.കെ ഹരീന്ദ്രന്‍ എം.എല്‍.എയും ആശുപത്രി സൂപ്രണ്ട് ഡോ. ഉണ്ണികൃഷ്ണനും ചേര്‍ന്ന് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ദക്ഷിണാഫ്രിക്കല്‍ സംഘത്തിന് വിശദീകരിച്ചു നല്‍കി. പാറശാല ഗവ. താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലെ പ്രവര്‍ത്തനങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ സംഘം നേരിട്ട് വിലയിരുത്തി.
ആശുപത്രിയിലെ ഡയാലിസിസ് യൂനിറ്റ്, വാര്‍ഡുകള്‍, ജൈവ പാര്‍ക്ക്, കുട്ടികളുടെ പാര്‍ക്ക്, ലാബുകള്‍, ഒ.പി വിഭാഗം, ഓപറേഷന്‍ തീയറ്ററുകള്‍, ശിശു സൗഹൃദ-സ്ത്രീ സൗഹൃദ വാര്‍ഡുകള്‍ എന്നിവ മികച്ച നിലവാരം പുലര്‍ത്തുന്നുയെന്നും ഈ മാതൃക അനുകരണീയമാണെന്നും മന്ത്രി പറഞ്ഞു. അന്തര്‍ദേശീയ തലത്തില്‍ താഴ്ന്നതും ഇടത്തരവുമായ വരുമാനമുള്ള വിഭാഗത്തിലാണ് കേരളത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേ സമയം ഇന്ത്യയെക്കാള്‍ ഉയര്‍ന്ന വരുമാനമുളള വിഭാഗത്തിലാണ് ദക്ഷിണാഫ്രിക്കയുളളത്. എങ്കിലും ദക്ഷിണാഫ്രിക്കയുടെ ആരോഗ്യ രംഗം വളരെ പുറകിലാണ്.
ഇത്രയും പരിമിതമായ ചുറ്റുപാടില്‍ നിന്ന് കേരളം എങ്ങനെ മാതൃകാപരമായ ആരോഗ്യ പുരോഗതി കൈവരിച്ചുയെന്നതില്‍ ദക്ഷിണാഫ്രിക്കന്‍ ആരോഗ്യ മന്ത്രി അത്ഭുതം പ്രകടിപ്പിച്ചു.
ഡല്‍ഹിയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ദക്ഷിണാഫ്രിക്കന്‍ സംഘം കേരളത്തിന്റെ ആരോഗ്യ മേഖലയിലെ സവിശേഷ നേട്ടങ്ങളും സംവിധാനങ്ങളും നേരിട്ടറിയാനും പഠനം നടത്താനും വേണ്ടിയാണ് കേരളത്തിലെത്തിയത്.
ദക്ഷിണാഫ്രിക്കന്‍ ആരോഗ്യ മന്ത്രാലയത്തിലെ ഡോ. ഡഗ്ലസ് ന്യൂമാന്‍, ആരോഗ്യ വകുപ്പിലെ ചീഫ് ഡയരക്ടര്‍ ഡോ. ക്രിഷ് വല്ലാബ്ജി എന്നിവര്‍ മന്ത്രിയോടൊപ്പമുളള ദക്ഷിണാഫ്രിക്കന്‍ സംഘത്തിലുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ വന്‍കിട ആശുപത്രികള്‍ വളരെയധികമുണ്ട്. സ്വകാര്യ മേഖലയിലെ ആശുപത്രികള്‍ക്ക് വേണ്ടി 80 ശതമാനവും ചിലവഴിക്കുന്നുയെങ്കിലും 20 ശതമാനം ജനങ്ങള്‍ക്ക് മാത്രമേ ഇതിന്റെ പ്രയോജനം ലഭിക്കുന്നുളളൂയെന്നും ദക്ഷിണാഫ്രിക്കന്‍ സംഘം വ്യക്തമാക്കി.
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങളെയും സംഘം അഭിനന്ദിച്ചു. ദക്ഷിണാഫ്രിക്ക പല തരത്തിലുളള ആരോഗ്യ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്.
എച്ച്.ഐ.വി ബാധിതരെക്കാള്‍ വളരെയധികം കൂടുതലാണ് ക്ഷയരോഗികള്‍. മദ്യപാനം, മയക്കുമരുന്ന്, അനാരോഗ്യകരമായ ജീവിധ ശൈലി, വനിതകളുടെ പുകവലി എന്നിവ വലിയ പ്രശ്‌നമാണ്. ഇതെല്ലാം അവബോധത്തിലൂടെ കുറക്കാന്‍ ശ്രമിക്കുന്നുണ്ട്.
മാനസികാരോഗ്യ രംഗത്തും ദക്ഷിണാഫ്രിക്ക വളരെയധികം വെല്ലുവിളി നേരിടുന്നുണ്ട്. കേരളത്തിലെ പ്രാഥമികാരോഗ്യ രംഗത്ത് തന്നെ മാനസിക പ്രശ്‌നങ്ങള്‍ കണ്ടെത്തി ചികിത്സിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രാഥമിക തലത്തില്‍ തന്നെ മാനസിക പ്രശ്‌നങ്ങള്‍ കണ്ടെത്തി ചികിത്സിക്കാന്‍ കഴിയുന്ന പദ്ധതി ദക്ഷിണാഫ്രിക്കയില്‍ എങ്ങനെ നടപ്പിലാക്കാന്‍ കഴിയും എന്നതും ചര്‍ച്ച ചെയ്തു.
പാറശാല ഗവ. ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി കൂടാതെ പാറശാല ആയുര്‍വേദ ആശുപത്രി, ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രം, ആയുര്‍വേദ കോളജ് എന്നിവയും സംഘം സന്ദര്‍ശിച്ചു.
സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ, ആശുപത്രി സൂപ്രണ്ട് ഡോ. ഉണ്ണികൃഷ്ണന്‍, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍ സലൂജ, പാറശാല പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ്, എന്‍.എച്ച്.എം ജില്ലാ പ്രൊജക്ട് മാനേജര്‍ ഡോ.സ്വപ്ന, എച്ച്.എം.സി മെമ്പര്‍മാര്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ സംഘത്തെ അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."