ചരിത്ര നിര്‍മിതികളുടെ പരിരക്ഷ ഉറപ്പാക്കും: മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി
കാസര്‍കോട്: ചരിത്രസൂക്ഷിപ്പുകള്‍ ഭാവിചരിത്രത്തിന് കൈമാറാനുള്ളതാണെന്നും അത് അര്‍ഹമായ രീതിയില്‍ പരിരക്ഷിച്ച് കൈമാറേണ്ടത് നമ്മുടെ കടമയാണെന്നും തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി.
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ശാസ്ത്രീയസംരക്ഷണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് നവീകരിച്ച പൊവ്വല്‍ കോട്ടയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചരിത്രസൂക്ഷിപ്പുകളുടെ കാര്യത്തില്‍ നമ്മുടെ മനോഭാവം മാറേണ്ടതുണ്ട്. ചൊവ്വയിലും ചന്ദ്രനിലും എത്തിനില്‍ക്കുന്ന നമ്മുടെ ഭൗതിക പുരോഗതി വളര്‍ച്ചയുടെ ഘട്ടങ്ങള്‍ നമുക്ക് മനസിലാക്കുവാന്‍ ഉതകുന്നതാകണം. ജില്ലയിലെ ചന്ദ്രഗിരി, ഹോസ്ദുര്‍ഗ്, ആരിക്കാടി കോട്ടകള്‍ സര്‍ക്കാര്‍ സംരക്ഷിക്കും. പുരാവസ്തു വകുപ്പ് ചരിത്രത്തിലേക്ക് മനുഷ്യനെ ഉണര്‍ത്തിവിടുകയാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ കെ. കുഞ്ഞിരാമന് എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.പി ഉഷ, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു ശ്രീധരന്, മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് ബെള്ളിപ്പാടി, വൈസ് പ്രസിഡന്റ് ഗീതാഗോപാലന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നബീസ മുഹമ്മദ്കുഞ്ഞി, പുരാവസ്തു വകുപ്പ് എജ്യുക്കേഷന്‍ ഓഫിസര്‍ ടി.കെ കരുണാദാസ്, വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."