അനധികൃത മത്സ്യബന്ധനം കുട്ടനാട്ടില്‍ മല്‍സ്യസമ്പത്ത് നശിക്കുന്നു
കുട്ടനാട്: കുട്ടനാടന്‍ ജലാശയങ്ങളില്‍ 'അടക്കംകൊല്ലി വലകള്‍' ഉപയോഗിച്ചുള്ള മല്‍സ്യബന്ധനം വ്യാപകമായിട്ടും യാതൊരു നടപടിയുമെടുക്കാതെ അധികൃതര്‍. അനുവദനീയമായതിലും കുറഞ്ഞ വ്യാസമുള്ള കണ്ണികളുള്ള വലകള്‍ ഉപയോഗിക്കുന്നത് കുട്ടനാട്ടിലെ മല്‍സ്യസമ്പത്ത് നശിക്കാന്‍ കാരണമാകുന്നു. 20 മില്ലീമീറ്ററില്‍ കുറയാത്ത വ്യാസമുള്ള കണ്ണികളുള്ള വലകള്‍ മാത്രമെ പെരുവലകള്‍ക്ക് ഉപയോഗിക്കാവൂ എന്നാണ് നിയമം. കായല്‍മേഖലകളില്‍ ഉപയോഗിക്കുന്ന ഉടക്കുവലകള്‍ക്ക് 30 മുതല്‍ 32 വരെ മില്ലീമീറ്റര്‍ വ്യാസവും വേണം. എന്നാല്‍ കുട്ടനാടന്‍ ജലാശയങ്ങളില്‍ ഈ നിയമങ്ങള്‍ കാറ്റില്‍ പറത്തിയുള്ള മീന്‍പിടുത്തമാണ് മിക്കവാറും നടക്കുന്നത്. അടക്കംകൊല്ലി വലകള്‍ ഉപയോഗിച്ചുള്ള മല്‍സ്യബന്ധനം രാപകല്‍ ഭേദമില്ലാതാണ് അരങ്ങേറുന്നത്. നിയമം അനുവദിക്കുന്ന അളവിലുള്ള പെരുവലകള്‍ പകല്‍ സമയങ്ങളിലുപയോഗിക്കുമ്പോള്‍ നിരോധിത വലകള്‍ കൂടുതലും രാത്രിയിലാണ് ഉപയോഗിക്കപ്പെടുന്നത്. ഇത്തരം നിയമലംഘനങ്ങള്‍ തടയേണ്ട പൊലിസും ഫിഷറീസ് വകുപ്പും നിഷ്‌ക്രിയത്വം പാലിക്കുന്നത് നിയമലംഘനത്തിന് സഹായകമാകുന്നു.
രാത്രിയിലും, പുലര്‍ച്ചയുമൊക്കെ തകൃതിയായി മീന്‍ പിടിത്തം നടത്തുന്നവര്‍ ഇങ്ങനെ കിട്ടുന്ന മീനുകള്‍ കിഴക്കന്‍ നഗരങ്ങളിലേക്ക് കയറ്റിയയക്കുകയാണ്. പകല്‍ സമയങ്ങളിലും പരസ്യമായി നടക്കുന്ന മീന്‍പിടുത്തം പൊലിസിന്റെ ശ്രദ്ധയില്‍പ്പെട്ടാലും നടപടികളെടുക്കാറില്ല. മീന്‍പിടുത്തക്കാര്‍ക്ക് ഉപയോഗിക്കുന്ന വലയുടെ അനുവദനീയമായ അളവ് എത്രയെന്ന് തിട്ടപ്പെടുത്താനറിയില്ലന്നാണ് പൊലിസിന്റെ വിശദീകരണം. സ്ഥലത്തെ ഫിഷറീസ് സബ് ഇന്‍സ്പക്ടറുടെ ഓഫിസ് മാന്നാറിലാണ് പ്രവര്‍ത്തിക്കുന്നത്. പട്രോളിങിനായി സ്പീഡ് ബോട്ടുണ്ടങ്കിലും ഇത്രയും ദൂരെ നിന്നു ഇവിടെ പരിശോധനകള്‍ നടത്താന്‍ ബുദ്ധിമുട്ടാണെന്നാണ് വകുപ്പധികൃതര്‍ പറയുന്നത്.
വൈദ്യുതി, വിഷം, നഞ്ച് മുതലായവ ഉപയോഗിച്ചുള്ള നിയമവിരുദ്ധ മല്‍സ്യബന്ധനങ്ങളും ഇവിടെ വ്യാപകമാണ്. 'അടക്കംകൊല്ലി വലകള്‍' ഉപയോഗിച്ചുള്ള മീന്‍പിടിത്തം വര്‍ധിച്ചുവരുന്നതായി മത്സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. മീന്‍മുട്ടകള്‍ മുതല്‍ വലിയമത്സ്യങ്ങള്‍വരെ ഇതില്‍പ്പെടുമ്പോള്‍ നഷ്ടമാകുന്നത് നാളേക്കുള്ള വിഭവങ്ങളാണ്. സര്‍ക്കാരില്‍ നിന്നുള്ള സമഗ്രമായ നടപടിയാണ് മത്സ്യത്തൊഴിലാളികള്‍ ഉയര്‍ത്തുന്ന ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."