ഇതര മതസ്ഥനെ പ്രണയിച്ചതിന് സംഘ്പരിവാര്‍ പീഡിപ്പിക്കുന്നതായി യുവതിയുടെ വിഡിയോ സന്ദേശം
തൃശൂര്‍: ഇതര മതസ്ഥനെ പ്രണയിച്ചതിന് തൃശൂര്‍ സ്വദേശിയെ ഒന്നര വര്‍ഷമായി സംഘ്പരിവാര്‍ നേതാക്കള്‍ തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കുന്നതായി വെളിപ്പെടുത്തി യുവതിയുടെ വിഡിയോ സന്ദേശം. ഗുരുവായൂര്‍ കണ്ടാണശ്ശേരി സ്വദേശിനിയായ പെണ്‍കുട്ടിയാണ് വിഡിയോയിലുള്ളത്. പീഡനത്തെ സംബന്ധിച്ച് മംഗലാപുരത്തെ തടങ്കല്‍ കേന്ദ്രത്തില്‍ നിന്ന് പിതാവിന്റെ ബന്ധുക്കള്‍ക്ക് അയച്ച സന്ദേശമാണ് പുറത്തായത്. മംഗലാപുരം കോടതിയുടെ നിര്‍ദേശപ്രകാരം പെണ്‍കുട്ടിയെ പിന്നീട് മഹിളാ മന്ദിരത്തിലേക്കു മാറ്റി. സംഭവത്തില്‍ കേരള മുഖ്യമന്ത്രി, ഡി.ജി.പി എന്നിവര്‍ക്കു പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടിയെ മംഗലാപുരത്തെ തടങ്കലില്‍ നിന്ന് കര്‍ണാടക പൊലിസിനു മോചിപ്പിക്കാനായത്.
പിതാവിന്റെ പരിചയക്കാരനുമായുള്ള പ്രണയത്തെ അദ്ദേഹത്തിന്റെ മരണത്തോടെയാണ് വീട്ടുകാര്‍ എതിര്‍ത്തത്. പ്രണയം വീട്ടിലറിഞ്ഞതോടെ ആദ്യം തൃശൂരിലെ രഹസ്യകേന്ദ്രത്തിലേക്കു മാറ്റി.
പിന്നീട് അമൃത ആശുപത്രിയില്‍ നിന്ന് മാനസിക രോഗിയെന്ന് സര്‍ട്ടിഫിക്കറ്റുണ്ടാക്കി. തുടര്‍ന്ന് വിവിധയിടങ്ങളിലെ രഹസ്യകേന്ദ്രങ്ങളിലേക്കു മാറ്റുകയായിരുന്നു. മാസങ്ങളായി നടക്കുന്ന ക്രൂരപീഡനത്തില്‍ നിന്ന് തന്നെ രക്ഷിക്കണമെന്ന് പെണ്‍കുട്ടി ബന്ധുക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ ആവശ്യപ്പെടുന്നുണ്ട്. മാതാവിനോടുള്ള ദേഷ്യം തന്നോട് കാണിക്കരുതെന്നും സന്ദേശത്തില്‍ പറയുന്നു.
മംഗലാപുരത്തെ അജ്ഞാത കേന്ദ്രത്തില്‍ നിന്ന് കേരള ഡി.ജി.പിയെ ഫോണില്‍ വിളിച്ചാണ് പെണ്‍കുട്ടി ആദ്യം സഹായം തേടിയത്. കാമുകന്‍ രഹസ്യമായി എത്തിച്ചു നല്‍കിയ സിം കാര്‍ഡ് ഉപയോഗിച്ചായിരുന്നു വിളി. തുടര്‍ന്ന് കേരള ഡി.ജി.പി കര്‍ണാടക പൊലിസിനെ വിവരമറിയിച്ചു.
കര്‍ണാടക ഡി.ജി.പിയുടെ നിര്‍ദേശപ്രകാരം മംഗലാപുരം സിറ്റി പൊലിസ് കമ്മിഷണറുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയെ തടങ്കലില്‍ പാര്‍പ്പിച്ച സ്ഥലം പൊലിസ് കണ്ടെത്തി. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ മംഗലാപുരം വനിതാ പൊലിസ് മാതാവിനെതിരേ കേസ് എടുത്ത് കോടതിയില്‍ ഹാജരാക്കി. മകള്‍ മാനസിക രോഗിയാണെന്ന നിലപാട് മാതാവ് കോടതിയില്‍ ആവര്‍ത്തിച്ചു. പൊലിസിനെ രൂക്ഷമായി വിമര്‍ശിച്ച കോടതി അവര്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.
എന്നാല്‍ അമ്മയ്‌ക്കൊപ്പം പോകില്ലെന്ന് പെണ്‍കുട്ടി ഉറച്ച നിലപാടെടുത്തു. ഇതോടേയാണ് കോടതി പെണ്‍കുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചത്. പെണ്‍കുട്ടിയെ കേരള പൊലിസിനു വിട്ടുനല്‍കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ലെന്ന് ഗുരുവായൂര്‍ എസ്.ഐ സുനുദാസ് പറഞ്ഞു.
കേസ് പരിഗണിച്ച സമയത്ത് കേരളാ പൊലിസിന്റെ പ്രതിനിധികള്‍ അവിടെയുണ്ടായിരുന്നു. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസല്ലാത്തതിനാല്‍ പൊലിന്റെ ആവശ്യം പരിഗണിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."