വിപണന സാധ്യത പ്രയോജനപ്പെടുത്താനാകുന്നില്ല പരമ്പരാഗത കയര്‍ വ്യവസായം അപ്രത്യക്ഷമാകുന്നു
കഠിനംകുളം: ഒരു കാലഘട്ടത്തിന്റെ അടയാളവും ആയിരങ്ങളുടെ ജീവിത മാര്‍ഗവുമായിരുന്ന പരമ്പരാഗത കയര്‍ വ്യവസായം നാശത്തിന്റെ വക്കില്‍. തലസ്ഥാന ജില്ലയില്‍ വിരലിലെണ്ണാവുന്ന ചില കയര്‍ വ്യവസായ സഹകരണ സംഘങ്ങള്‍ വഴി , സര്‍ക്കാരിന്റെ പണം ഉപയോഗിച്ച് പേരിന് വേണ്ടി മാത്രം നടത്തപ്പെടുന്ന ചിലയിടങ്ങളില്‍ ഒഴിച്ചാല്‍ മറ്റെല്ലായിടത്തും വ്യവസായം ഏതാണ്ട് അപ്രത്യക്ഷമായിക്കഴിഞ്ഞു.
ഒരു കാലത്ത് സംസ്ഥാനത്ത് ആലപ്പുഴ കഴിഞ്ഞാല്‍ തിരുവനന്തപുരം ജില്ലയിലെ വിവിധ പ്രദേശങ്ങളായിരുന്നു കയര്‍ വ്യവസായത്തില്‍ മുന്നില്‍. കഠിനംകുളം, പെരുമാതുറ, അഞ്ചുതെങ്ങ്, കടയ്ക്കാവൂര്‍ ,ചിറയിന്‍കീഴ് ,അഴൂര്‍, പെരുങ്ങുഴി, മുരുക്കുംപുഴ, ചാന്നാങ്കര, ചിറ്റാറ്റ്മുക്ക് തുടങ്ങിയ പ്രദേശങ്ങളായിരുന്നു അന്ന് കയര്‍ വ്യവസായത്തിന്റെ കേന്ദ്രങ്ങള്‍. അഞ്ചുതെങ്ങ് ,ചിറയിന്‍കീഴ് പ്രദേശങ്ങളില്‍ നിന്നുള്ള കയറുകള്‍ക്ക് അന്ന് വന്‍ ഡിമാന്റായിരുന്നു. തൊണ്ണൂറ് ശതമാനവും സ്ത്രീകളായിരുന്നു ഇതിലൂടെ ഉപജീവന മാര്‍ഗം കണ്ടെത്തിയിരുന്നത്.
തേങ്ങയുടെ തൊണ്ട് കായലുകളിലെ ആഴം കുറഞ്ഞയിടങ്ങളിലും കായല്‍ വെട്ടുകളിലും പ്രത്യേകം തയ്യാറാക്കിയ വലകളില്‍ അഴുകുന്നതിനായി നിക്ഷേപിക്കുന്നത് അക്കാലത്തെ പതിവു കാഴ്ചയായിരുന്നു. അഴുകിയ തൊണ്ട് ചതച്ച് ചകിരിയാക്കുകയും ഈ ചകിരിയെ യന്ത്രത്തില്‍ കയറ്റി മിനുസപ്പെടുത്തിയെടുത്ത ശേഷം പ്രത്യേക ഉപകരണത്തിന്റെ സഹായത്താല്‍ കയര്‍ പിരിക്കുകയുമായിരുന്നു ചെയ്യുന്നത്. ആയിരക്കണക്കിന് കുടുംബങ്ങള്‍ ജീവിതം കരുപ്പിടിപ്പിച്ചത് ഇതിലൂടെയായിരുന്നു.
എന്നാലിന്ന് തൊണ്ട് അഴുക്കിയിരുന്ന തോടുകള്‍ കരകളായി മാറി. കയര്‍പിരിക്കുന്ന തടികൊണ്ടുള്ള ഉപകരണങ്ങളാകട്ടെ കാണാന്‍ പോലുമില്ല.ചകിരി മിനുസപ്പെടുത്തുന്ന യന്ത്രവല്‍കൃത മില്ലുകള്‍ അധികവും പ്രവര്‍ത്തന രഹിതം.
ഈ മേഖലയില്‍ പണിയെടുത്തിരുന്ന സ്ത്രീകള്‍ മറ്റു മേഖലകളിലേക്കു പോയി. കൂടുതല്‍ പേരും കിം ഫ്രാ അപ്പാരല്‍ പാര്‍ക്കിലെ വ്യവസായ സ്ഥാപനങ്ങളിലാണുള്ളത്.
കയര്‍ മേഖലക്കു വേണ്ടിയെന്ന പേരില്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ പല പ്രഖ്യാപനങ്ങളും നടത്താറുണ്ട്. ബജറ്റില്‍ തുകയും വകയിരുത്തും. പക്ഷേ ഒന്നും നടക്കാറില്ലെന്നതാണ് യാഥാര്‍ഥ്യം.
അയല്‍ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും കയര്‍ ഉല്‍പന്നങ്ങള്‍ക്ക് ഏറെ സ്വീകാര്യതയാണ് ഉള്ളത്. പക്ഷേ അത് പ്രയോജനപ്പെടുത്താന്‍ നമുക്കായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."