ടിക്കറ്റ് പരിശോധന യാത്രക്കാര്‍ക്ക് കടുത്ത പീഡനമാകുന്നു; റെയില്‍വേ സ്‌പെഷല്‍ സ്‌ക്വാഡിനെതിരേ പരാതി
തിരുവനന്തപുരം: റെയില്‍വേ സ്‌പെഷല്‍ സ്‌ക്വാഡിലെ ചില ഉദ്യോഗസ്ഥരുടെ ടിക്കറ്റ് പരിശോധന യാത്രികര്‍ക്ക് പീഡനമാകുന്നതായി പരാതി. തൃശൂരില്‍ റെയില്‍വേ ടിക്കറ്റ് പരിശോധകന്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ട്രെയിനുകളില്‍ വ്യാപക ടിക്കറ്റ് പരിശോധന നടക്കുന്നുണ്ട്. ഇതിനോട് യാത്രക്കാര്‍ സഹകരിക്കുന്നുണ്ടെങ്കിലും സ്‌പെഷല്‍ സ്‌ക്വാഡില്‍ പെട്ട ചിലര്‍ യാത്രക്കാരോട് മോശമായും കുറ്റവാളികളെ പോലെയും പെരുമാറുന്നതായാണ് പരാതികള്‍ ഉയര്‍ന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാവിലെ ചെന്നൈ സെന്‍ട്രല്‍ തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിലെ യാത്രക്കാരിയുടെ ആധാര്‍ കാര്‍ഡ് പിടിച്ചെടുത്ത സ്‌ക്വാഡ് അംഗം ഇവരോട് തിരുവനന്തപുരം സ്‌റ്റേഷനിലെത്തി പരാതി നല്‍കാന്‍ നിര്‍ദേശിച്ചത് യാത്രക്കാരുടെ പ്രതിഷേധത്തിലാണ് കലാശിച്ചത്. തുടര്‍ന്ന് ഇയാള്‍ യാത്രക്കാരിയുടെ ആധാര്‍ കാര്‍ഡ് തിരികെ കൊടുത്ത് തടിതപ്പി. സീസണ്‍ ടിക്കറ്റില്‍ യാത്ര ചെയ്യുന്ന ഇവരുടെ കാര്‍ഡ് കളഞ്ഞുപോയിരുന്നു. 18ാം തീയതി വരെ യാത്ര ചെയ്യാമെന്നിരിക്കേ കാര്‍ഡില്ലെങ്കിലും അതിന്റെ ഫോട്ടോ ഇവര്‍ കാണിച്ചു കൊടുക്കുകയും തിരുവനന്തപുരത്തെത്തിയാല്‍ പുതിയ കാര്‍ഡ് എടുക്കാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഫോട്ടോയുള്‍പ്പെടെയുള്ള കാര്‍ഡ് യുവതിയുടേതല്ലെന്ന നിലപാടിലായി സ്‌ക്വാഡ് അംഗം. ഇത് ചോദ്യം ചെയ്തതോടെ യുവതിയുടെ ആധാര്‍ കാര്‍ഡുമായി ഇയാള്‍ പോയി. ഇത് സഹയാത്രികരെ ക്ഷോഭിപ്പിച്ചു. ഇതോടെയാണ് ആധാര്‍ കാര്‍ഡ് തിരികെ നല്‍കി സ്‌ക്വാഡ് അംഗം തലയൂരിയത്.
യു.ടി.എസ് ആപ്പിലൂടെ ടിക്കറ്റ് എടുത്തവരെയും കുറ്റവാളികളെ പോലെ ഇയാള്‍ ചോദ്യം ചെയ്യാന്‍ ശ്രമിച്ചതും വാദപ്രതിവാദത്തിനു കാരണമായി. മിക്ക ട്രെയിനുകളിലും ഇത്തരത്തില്‍ പരാതികളുണ്ടാകുന്നുണ്ട്.
complaint against railway special squad over ticket checking
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."