ഒറ്റപ്പാലം താലൂക്ക് ആസ്പത്രിയില്‍ പരിശോധിക്കാന്‍ ഡോക്ടറെ കിട്ടിയില്ല, പൊലിസ് അലഞ്ഞത് ഏഴു മണിക്കൂര്‍
ഒറ്റപ്പാലം: താലൂക്ക് ആസ്പത്രിയിലെത്തിയ പീഡനകേസിലെ ഇരയെ വൈദ്യപരിശോധനക്കായി പൊലിസിന് മണിക്കൂറുകള്‍ കാത്തിരിക്കേണ്ട ദുരനുഭവം വീണ്ടും ഉണ്ടായി. ഒറ്റപ്പാലംതാലൂക്ക് ആസ്പത്രിയിലെ രണ്ടു ഗൈനക്കോളജി ഡോക്ടര്‍മാരും സ്ഥലത്തില്ലാതെ വന്നതോടെ ചെര്‍പ്പുളശ്ശേരി പൊലിസിന് ഇരയുമായി ഏഴുമണിക്കൂര്‍ അലയേണ്ടിവന്നതിനെ തുടര്‍ന്ന് ഒറ്റപ്പാലത്തുനിന്നും പാലക്കാട് ജില്ലാ ആസ്പത്രിയിലെത്തിയാണ് വൈദ്യപരിശോധന പൂര്‍ത്തിയാക്കിയത്.
ബുധനാഴ്ച വൈകീട്ട് നാലുമണിയോടെ പീഡനകേസിലെ പരാതിക്കാരിയുമായി ചെര്‍പ്പുളശ്ശേരി പൊലിസ് ഒറ്റപ്പാലം താലൂക്ക് ആസ്പത്രിയിലെത്തുന്നത്. ആസ്പത്രിയിലന്വേഷിച്ചപ്പോള്‍ ഒരു ഡോക്ടര്‍ സ്ഥലത്തില്ലെന്നും മറ്റൊരാള്‍ തന്റെ ജോലി സമയമല്ലെന്നും അറിയിച്ചതിനെ തുടര്‍ന്ന് താലൂക്ക് ആസ്പത്രി സൂപ്രണ്ട് ഇടപെടുകയും അത്യാഹിതവിഭാഗത്തില്‍ ജോലിയിലുണ്ടായിരുന്ന വനിത ഡോക്ടറോട് പരിശോധിക്കാന്‍ നിര്‍ദ്ദേശിക്കുകയുംചെയ്തു.പള്‍മണോളജി വിഭാഗം ഡോക്ടറായിരുന്ന ഇവര്‍ക്ക് ഇത്തരം പരിശോധന നടത്തി പരിചയമില്ലാത്തതിനെ തുടര്‍ന്ന് പൊലിസിനെ ജില്ലാ ആസ്പത്രിയിലേക്ക് അയക്കുകയായിരുന്നു. ഒറ്റപ്പാലത്തുനിന്നും രാത്രി ഏഴുമണിയോടെയാണ് ഇവര്‍ പാലക്കാട് എത്തുന്നത്. അവിടെ ജോലി സമയം കഴിഞ്ഞിറങ്ങിയ വനിതാ ഡോക്ടര്‍ തിരിച്ചുവന്നാണ് ഇരയുടെ വൈദ്യപരിശോധന നടത്തിയത്. പരിശോധനപൂര്‍ത്തിയാക്കി റിപ്പോര്‍ട്ടുമായി മടങ്ങുമ്പോള്‍ സമയം രാത്രി 11 മണികഴിഞ്ഞതായും പൊലിസ് പറയുന്നു. മാനസിക പ്രശ്‌നമുള്ള ഇരയുമായി പൊലിസ് അലഞ്ഞത് ഏഴുമണിക്കൂറാണ്.
റിപ്പോര്‍ട്ട് കിട്ടാന്‍ രാത്രി ഏറെ വൈകിയതിനാല്‍ ബുധനാഴ്ച വനിത മജിസ്‌ട്രേറ്റിനുമുന്നില്‍ ഹാജാരാക്കാന്‍ സാധിച്ചില്ലെന്നും പൊലിസ് പറഞ്ഞു. കഴിഞ്ഞ മാസം ഒറ്റപ്പാലം പൊലിസിനും താലൂക്ക് ആസ്പത്രിയില്‍ നിന്ന് ഇത്തരത്തില്‍ ഒരു അനുഭവമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."