അനധികൃത മത്സ്യബന്ധനം: മൂന്നു കര്‍ണാടക ബോട്ടുകള്‍ പിടിയില്‍
അഴിത്തല: കരയോട് ചേര്‍ന്ന് രാത്രിയില്‍ അനധികൃത മത്സ്യബന്ധനം നടത്തുകയായിരുന്ന മൂന്നു കര്‍ണാടക ബോട്ടുകളും തൊഴിലാളികളും പിടിയില്‍. ശങ്കര്‍ ഉടുപ്പിയുടെ ശനീശ്വരകൃപ, ദയാനന്ദ കര്‍ക്കര്‍ കുന്താപുര യുടെ ആരാധ്യ, ശങ്കര്‍ സുവര്‍ണ ഉടുപ്പിയുടെ പൂര്‍ണ ചൈത്ര എന്നീ ബോട്ടുകളാണ് ഫിഷറീസ് വകുപ്പിന്റെ തിരച്ചിലില്‍ പിടിയിലായത്.
മൂന്നു ബോട്ടിലുമായി 16 മത്സ്യത്തൊഴിലാളികളുമുണ്ടായിരുന്നു. രാത്രി കാലങ്ങളില്‍ കരയോട് ചേര്‍ന്ന് മത്സ്യബന്ധനം നടത്തുന്നതിന് വിലക്കുണ്ട്. ഇത് ലംഘിച്ച് ജില്ലയില്‍ മത്സ്യബന്ധനം നടക്കുന്നതായി ഫിഷറീസ് മന്ത്രിയുടെ ഓഫിസിന് പരാതി ലഭിച്ചിരുന്നു. തുടര്‍ന്നാണ് മന്ത്രിയുടെ ഓഫിസില്‍ നിന്ന് പരിശോധനാ നിര്‍ദേശം നല്‍കിയിരുന്നു. കാസര്‍കോട് ഫിഷറീസ് അസി. ഡയരക്ടര്‍ പി.വി സതീശന്റെ നിര്‍ദേശമനുസരിച്ചാണ് പരിശോധന നടത്തിയത്. രാത്രി 10.30 ഓടെ കാസര്‍കോട് തളങ്കര തുറമുഖത്തിനു രണ്ടു കിലോമീറ്റര്‍ പടിഞ്ഞാറ് മത്സ്യ ബന്ധനം നടത്തുകയായിരുന്ന ബോട്ടുകളാണ് പിടിയിലായത്.
പിടികൂടിയ ബോട്ടുകള്‍ രാത്രി 2.30 ഓടെ നീലേശ്വരം തൈക്കടപ്പുറത്തെ തുറമുഖത്തെത്തിച്ചു. മറ്റു നിയമ നടപടികള്‍ തിങ്കളാഴ്ച പൂര്‍ത്തിയാകും. ഫിഷറീസ് സബ് ഇന്‍സ്പെക്ടര്‍ ജിജോ, അഴിത്തല തീരദേശ പൊലിസ് സ്റ്റേഷനിലെ സീനിയര്‍ ഹെഡ് കോണ്‍സ്റ്റബിള്‍ എം.ടി.പി സൈഫുദ്ദീന്, ഹെഡ് കോണ്‍സ്റ്റബിള്‍ മോഹനന്, ഫിഷറീസ് റസ്ക്യൂ ഗാര്‍ഡുമാരായ പി. മനു, ഒ.ധനീഷ്, ബോട്ട് ഡ്രൈവര്‍മാരായ പി.വി നാരായണന് , ഷാജഹാന്, കണ്ണന് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."