മലേഷ്യന്‍ ഓപണ്‍ നീന്തല്‍
സ്‌പോര്‍ട്‌സ് ലേഖകന്‍
തിരുവനന്തപുരം: മലേഷ്യന്‍ ഓപണ്‍ നീന്തല്‍ ചാംപ്യന്‍ഷിപ്പില്‍ അഞ്ച് പതക്കങ്ങളുടെ നേട്ടവുമായി കേരളത്തിന്റെ ജലരാജകുമാരന്‍ സാജന്‍ പ്രകാശ്. ഒരു സ്വര്‍ണവും നാല് വെള്ളിയുമാണ് സാജന്‍ ഇന്ത്യക്കായി നീന്തിയെടുത്തത്. മൂന്നിന് തുടങ്ങിയ ചാംപ്യന്‍ഷിപ്പിന് സമാപനം കുറിച്ചു ഇന്നലെ നടന്ന 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ സാജന്‍ പ്രകാശ് ദേശീയ റെക്കോര്‍ഡ് മറികടന്ന പ്രകടനത്തോടെ സ്വര്‍ണം നീന്തിയെടുത്തു.
1:58.08 സെക്കന്‍ഡില്‍ നീന്തി എത്തിയാണ് പുതിയ ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ച് സാജന്‍ സ്വര്‍ണം നേടിയത്. സ്വന്തം പേരിലുള്ള 1:59.03 സെക്കന്‍ഡ് സമയമാണ് സാജന്‍ തിരുത്തിയത്. 50, 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ, 200, 400 മീറ്റര്‍ ഫ്രീ സ്റ്റൈയില്‍ ഇനങ്ങളില്‍ നേരത്തെ സാജന്‍ വെള്ളി നേടിയിരുന്നു.
കേരള പൊലിസില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ സാജന്‍ പ്രകാശിന് ഒരു വര്‍ഷത്തിലേറെയായി ശമ്പളം ലഭിച്ചിട്ട്. വിദേശ പരിശീലനം നടത്താന്‍ പണം കണ്ടെത്താനാകാതെ വന്നതോടെ തനിക്ക് കിട്ടിയ മെഡലുകള്‍ വില്‍ക്കാനുള്ള ശ്രമം നടത്തിയിരുന്നു കേരളത്തിന്റെ അഭിമാനതാരം.
ദുരിതങ്ങള്‍ക്കിടെയാണ് മലേഷ്യന്‍ ഓപണ്‍ നീന്തല്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി മെഡലുകള്‍ വാരിക്കൂട്ടിയത്. മുന്‍ ഇന്ത്യന്‍ അത്‌ലറ്റും നെയ്‌വേലി ലിഗ്നെറ്റ് കോര്‍പറേഷനില്‍ ഉദ്യോഗസ്ഥയുമായ അമ്മ ഷാന്റിമോളുടെ വരുമാനത്തിലാണ് സാജന്റെ വിദേശ പരിശീലനവും ജീവിതവും.
അഭിമാനത്തോടെ കേരളം ഉയര്‍ത്തിക്കാട്ടുമ്പോഴും സാജന്‍ പ്രകാശിനോട് അധികൃതര്‍ അവഗണന തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."