വനിതാ ഡ്രൈവിങ്: സഊദിയില്‍ വനിതാ ട്രാഫിക് ഉദ്യോഗസ്ഥരും
റിയാദ്: സഊദിയില്‍ വനിതകള്‍ക്ക് വാഹനമോടിക്കുന്നതിനുള്ള അനുമതി അടുത്ത മാസം പ്രാബല്യത്തില്‍ വരുന്നതോടെ നിയമ പരിപാലനത്തിനായി വനിതാ ട്രാഫിക് പൊലിസ് ഉദ്യോഗസ്ഥരും രംഗത്തിറങ്ങും.
ട്രാഫിക് ഡയറക്ടറേറ്റിനു കീഴിലായിരിക്കും വനിതാ ഉദ്യോഗസ്ഥര്‍ സേവനം ആരംഭിക്കുക. ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ട്രാഫിക് ഡയറക്ടറേറ്റ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി പറഞ്ഞു.
വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുമതി നല്‍കുന്നതിനുള്ള തീരുമാനം വരികയും ദിവസം അടുക്കുകയും ചെയ്തതോടെ ആഭ്യന്തര മന്ത്രാലയവും ട്രാഫിക്, പൊലിസ് വകുപ്പുകളും ബന്ധപ്പെട്ട ഒരുക്കങ്ങളും പൂര്‍ത്തിയാക്കി വരികയാണ്.
വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതിനും പരിശീലനത്തിനായി നേരത്തെ തന്നെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്, നിലവിലെ കണക്കുകള്‍ പ്രകാരം രാജ്യത്തിലെ അറുപത് ശതമാനം വനിതകളും ഡ്രൈവിങ് ലൈസന്‍സ് നേടുകയോ അതിനുള്ള പരിശ്രമങ്ങള്‍ തുടങ്ങുകയോ ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ചില സ്കൂളുകള്‍ ഡ്രൈവിങ് പരിശീലനം തുടങ്ങിയിട്ടുണ്ട്.
റിയാദ്, ജിദ്ദ, ദമാം, മദീന, തബൂക്ക് എന്നിവിടങ്ങളില്‍ അഞ്ചു ലേഡീസ് ഡ്രൈവിങ് സ്കൂളുകള്‍ക്കാണ് ലൈസന്‍സ് നല്‍കിയത്. മറ്റേതാനും നഗരങ്ങളില്‍ ലേഡീസ് ഡ്രൈവിങ് സ്കൂളുകള്‍ തുറക്കുന്നതിനുള്ള അപേക്ഷകള്‍ പഠിച്ചുവരികയാണ്.
മാത്രമല്ല, നിലവില്‍ സഊദിയില്‍ നിരവധി വനിതകള്‍ക്ക് രാഷ്ട്രങ്ങളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ കൈവശമുണ്ട്. ഇത്തരക്കാര്‍ക്ക് അവ മാറ്റികൊടുത്തു സഊദി ഡ്രൈവിങ് ലൈസന്‍സ് ആക്കി മാറ്റാനുള്ള നടപടിക്രമങ്ങളും നടന്നു വരികയാണ്.
വിദേശ, അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സുകള്‍ മാറ്റി സഊദി ലൈസന്‍സ് നേടുന്നതിന് 21 കേന്ദ്രങ്ങള്‍ രാജ്യത്ത് ഒരുക്കിയിട്ടുണ്ട്. എന്നാല്‍, സഊദിയിലെ ട്രാഫിക് നിയമം അനുശാസിക്കുന്നതു പ്രകാരമുള്ള വിദേശങ്ങളിലെ ഡ്രൈവിങ് ലൈസന്‍സുകളും അന്താരാഷ്ട്ര ലൈസന്‍സുകളുമാണ് മാറ്റി നല്‍കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."