കാവിന്റെ ചരിത്രംതേടി അധ്യാപക കൂട്ടായ്മ
തൃക്കരിപ്പൂര്‍: കായലിന്റെയും തീരദേശത്തിന്റെയും കാവിന്റെയും ചരിത്രം തേടി അധ്യാപക കൂട്ടായ്മ. ഉദിനൂര്‍ സെന്‍ട്രല്‍ എ.യു.പി സ്‌കൂളില്‍ നടന്നുവരുന്ന ചെറുവത്തൂര്‍ ഉപജില്ലയിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകരാണ് ചരിത്രാന്വേഷണത്തിന്റെ ഭാഗമായി ഇടയിലെക്കാട് തുരുത്ത് സന്ദര്‍ശിച്ചത്.
മലബാര്‍ കലക്ടറായിരുന്ന വില്യം ലോഗന്‍ ഒന്നര നൂറ്റാണ്ട് മുന്‍പ് എഴുതിയ മലബാര്‍ മാന്വല്‍ എന്ന ചരിത്ര കൃതിയില്‍ പരാമര്‍ശിക്കപ്പെട്ടതാണ് കവ്വായിക്കായലിന്റെ ചരിത്രവും ജൈവസമ്പന്നതയും. തുരുത്തുകള്‍ക്ക് അതിരിട്ട് തഴച്ചുവളര്‍ന്ന കണ്ടല്‍ക്കാടുകള്‍ നൂറുകണക്കിന് മുതലകളുടെ വിഹാര കേന്ദ്രമായിരുന്നു. ഏഴിമലയുടെ ഹരിതമേലാപ്പുതൊട്ട് വടക്കോട്ട് ഒഴുകി വരുന്ന കായലിനെ ഏഴിമലപ്പുഴയെന്നാണ് ലോഗന്‍ വിശേഷിപ്പിച്ചത്. തിരുവനന്തപുരത്തെ ഭൗമ ശാസ്ത്ര പഠനകേന്ദ്രത്തിന്റെ ഗവേഷണത്തിലൂടെ കവ്വായിക്കായലിലെ ഇടയിലെക്കാട് ഉള്‍പ്പെടെയുള്ള തുരുത്തുകളുടെ പ്രായം 2800 വര്‍ഷമാണെന്നും വലിയപറമ്പ് കടലോരം 1000 വര്‍ഷം മുന്‍പു മാത്രം രൂപപ്പെട്ടതാണെന്നും അധ്യാപക സംഘം തിരിച്ചറിഞ്ഞു.
കടലൊഴിഞ്ഞ് രൂപപ്പെട്ട തീരദേശത്തിന്റെ കൗതുകം നിറഞ്ഞ ചരിത്രവും ഇടയിലെക്കാട് കാവ് ഇന്നത്തെ നിലയില്‍ രൂപപ്പെട്ട് സംരക്ഷിക്കപ്പെടാനുണ്ടായ സാഹചര്യവും സംരക്ഷണ പ്രവര്‍ത്തനങ്ങളും വിശദീകരിക്കപ്പെട്ടു. മനുഷ്യരോട് ഏറെ ഇണക്കമുള്ള വാനരക്കൂട്ടത്തെ കണ്ടും കണ്ടല്‍ ഇനങ്ങളെയും കാവിലെ ഔഷധ സസ്യങ്ങളെയും തിരിച്ചറിഞ്ഞും നടത്തിയ യാത്ര അപൂര്‍വാനുഭവമായി. ചരിത്രാന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ സഞ്ചരിച്ചായിരുന്നു അധ്യാപകരുടെ ചരിത്ര പ ഠനയാത്ര. പി വേണുഗോപാലന്‍, എം തുളസി, ശോഭ കല്ലത്ത്, എം.വി സുജിത്ത്, സി.വി ഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."