കുടില്‍കെട്ടി താമസിച്ചവരെ അറസ്റ്റു ചെയ്തത് വിവാദമായി
കാവില്‍ക്കടവിലെ ലാന്‍ഡിങ് പ്ലെയ്‌സില്‍ നഗരസഭ താമസിച്ചിരുന്ന പന്ത്രണ്ട് കുടുംബങ്ങളെയാണ് നഗരസഭ കുടിയിറക്കിയത്
കൊടുങ്ങല്ലൂര്‍: നഗരസഭയുടെ ചേരിനിര്‍മാര്‍ജന പദ്ധതിയുമായി ബന്ധപ്പെട്ട് കുടില്‍ കെട്ടി താമസിക്കുവാന്‍ ശ്രമിച്ചവരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കിയ നടപടി വിവാദമാകുന്നു. നഗരസഭയുടെ കാവില്‍ക്കടവിലുള്ള സ്ഥലത്ത് കുടിയിറക്കിയ കുടുംബങ്ങളിലെ ചില വീട്ടുകാര്‍ ഞായറാഴ്ച ഇവിടെ കുടില്‍കെട്ടി താമസിക്കാന്‍ ശ്രമിച്ചതോടെ നഗരസഭയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.
കാവില്‍ക്കടവിലെ ലാന്‍ഡിങ് പ്ലെയ്‌സില്‍ നഗരസഭ താമസിച്ചിരുന്ന പന്ത്രണ്ട് കുടുംബങ്ങളെയാണ് നഗരസഭ കുടിയിറക്കിയത്. അവിടെ ഫ്‌ളാറ്റ് നിര്‍മിച്ച് അതിലേക്ക് മാറ്റാനായിരുന്നു തീരുമാനം.
നാല് വര്‍ഷം മുമ്പ് ആരംഭിച്ച പദ്ധതിയില്‍ ആറ് കുടുംബങ്ങള്‍ക്കുള്ള ഫ്‌ളാറ്റുകളുടെ നിര്‍മാണം പൂര്‍ത്തിയായിരുന്നു. ഇതിനിടയില്‍ കുടിയിറക്കപ്പെട്ട ആറ് കുടുംബങ്ങള്‍ ഈ ഫ്‌ളാറ്റില്‍ കയറി താമസം ആരംഭിച്ചിരുന്നു.
മറ്റുള്ള ആറ് കുടുംബങ്ങള്‍ക്കുള്ള ഫ്‌ളാറ്റ് നിര്‍മാണം സ്തംഭനവാസ്ഥയിലാണ്. ഇതിനെതിരെ വലിയ പ്രതിഷേധം നിലനിന്നുവരുന്നതിനിടയിലാണ് പുതിയ സംഭവവികാസങ്ങള്‍. കാവില്‍ക്കടവിലെ ലാന്‍ഡിങ് പ്ലെയ്‌സില്‍ നിന്നും കുടിയിറക്കപ്പെട്ട കുടുംബങ്ങളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് കുടിയൊഴിപ്പിക്കപ്പെട്ട പന്ത്രണ്ട് കുടുംബങ്ങളും ബി.ജെ.പിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച നഗരസഭക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. കുത്തിയിരിപ്പ് സമരം ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് എം.ജി. പ്രശാന്ത്‌ലാല്‍ ഉദ്ഘാടനം ചെയ്തു.
മഹിള മോര്‍ച്ച മണ്ഡലം പ്രസിഡന്റ് മായ സജീവ് അധ്യക്ഷയായി. ഒ.എന്‍. ജയദേവന്‍, ടി.എസ്. സജീവന്‍, രേഖ സല്‍പ്രകാശ് സംസാരിച്ചു.
ലാന്‍ഡിങ് പ്ലെയ്‌സില്‍ താമസിച്ചിരുന്ന കുടുംബങ്ങളെ കുടിയിറക്കി അറസ്റ്റ് ചെയ്യിപ്പിച്ച നഗരസഭയുടെ നടപടിയില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു.
കുടിയിറക്കപ്പെട്ടവര്‍ക്ക് എത്രയും വേഗം താമസിക്കാനുള്ള സൗകര്യം നല്‍കിയില്ലെങ്കില്‍ നഗരസഭക്ക് മുന്നില്‍ സമരം ആരംഭിക്കുവാനും മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ഇ.എസ് സാബു അധ്യക്ഷനായി. ഡില്‍ഷന്‍ കൊട്ടേക്കാട്ട്, കെ.എസ്. പ്രസിന്‍, ടി.എസ് സുദര്‍ശന്‍, നിഷാഫ് കുര്യാപ്പിള്ളി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."