ലിംഗ വിവേചനം; കൊല്ലം ഫാത്തിമ മാതാ കോളജ് മാനേജ്‌മെന്റിനെതിരേ പ്രക്ഷോഭവുമായി വിദ്യാര്‍ഥികള്‍
കൊല്ലം: കൊല്ലം ഫാത്തിമ മാതാ നാഷനല്‍ കോളജ് മാനേജ്‌മെന്റ് ലിംഗവിവേചന നടപടികള്‍ സ്വീകരിക്കുന്നുവെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ പ്രക്ഷോഭത്തില്‍. കോളജ് മാനേജ്‌മെന്റ് വിദ്യാര്‍ഥിനികളുടെ വസ്ത്രധാരണത്തില്‍ ഇടപെടുകയും ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം സംസാരിക്കാതിരിക്കാന്‍ കോളജില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയെന്നും ആരോപിച്ചാണ് വിദ്യാര്‍ഥികള്‍ സമരരംഗത്തുള്ളത്. വിദ്യാര്‍ഥിനികളെ പരസ്യമായി ആക്ഷേപിക്കുക, ആണ്‍-പെണ്‍ സൗഹൃദത്തെ ലൈംഗികമായി ചിത്രീകരിച്ച് അധിക്ഷേപിക്കുക, വിദ്യാര്‍ഥിനികളുടെ വിശ്രമ കേന്ദ്രങ്ങളിലും ഭക്ഷണം കഴിക്കുന്ന സ്ഥലങ്ങളിലും ഉള്‍പ്പെടെ യൂനിവേഴ്‌സിറ്റി നിബന്ധനകള്‍ക്ക് വിരുദ്ധമായി സി.സി.ടി.വി കാമറ സ്ഥാപിക്കുക, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഭക്ഷണം കഴിക്കാന്‍ വെവ്വേറെ സ്ഥലം നിശ്ചയിക്കുക എന്നിവയാണ് മാനേജ്‌മെന്റ് കോളജില്‍ നടപ്പാക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
അവധി ദിവസങ്ങളില്‍ അക്കാദമിക കാര്യങ്ങള്‍ക്കായി കോളജില്‍ എത്തുന്ന വിദ്യാര്‍ഥിനികള്‍ക്ക് പോലും മാനേജ്‌മെന്റിന്റെ അനുവാദത്തോടുകൂടി മാത്രമേ കാംപസില്‍ സഞ്ചരിക്കാവൂ എന്ന നിബന്ധനയുണ്ടെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ മാനേജ്‌മെന്റിനെതിരേ സമരവുമായി മുന്നോട്ടുപോകുമെന്ന് വിദ്യാര്‍ഥി സംഘടനകള്‍ അറിയിച്ചു. പ്രശ്‌നത്തെതുടര്‍ന്ന് ഇന്നലെ രാവിലെ വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ ഉപരോധിച്ചിരുന്നു. എല്ലാ വിദ്യാര്‍ഥി സംഘടനകളും സംയുക്തമായാണ് സമരരംഗത്തുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."