ഉപസമിതി റിപ്പോര്‍ട്ട്: ഇന്ന് പ്രത്യേക മന്ത്രിസഭായോഗം
തിരുവനന്തപുരം: മുന്‍ സര്‍ക്കാരിന്റെ 115 വിവാദ ഉത്തരവുകള്‍ ക്രമവിരുദ്ധമാണെന്ന് മന്ത്രി സഭാ ഉപസമിതി കണ്ടെത്തിയ സാഹചര്യത്തില്‍ ഇവ വിജിലന്‍സ് അന്വേഷണത്തിന് വിട്ടേക്കും. എ.കെ ബാലന്‍ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതി റിപ്പോര്‍ട്ട് ഇന്ന് നടക്കുന്ന മന്ത്രിസഭയുടെ പ്രത്യേക യോഗം ചര്‍ച്ച ചെയ്യും.
ക്രമക്കേടുകളെ മൂന്നായി തിരിച്ചാണു റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇനി തിരുത്താനോ പിന്‍വലിക്കാനോ സാധിക്കാത്തവയാണ് ഒന്നാമത്തേത്. ഇവ തുടര്‍ന്നേക്കും.
പൂര്‍ണമായും തിരുത്താവുന്നവയാണ് രണ്ടാമത്തേത്. അവ തിരുത്താന്‍ നടപടിയെടുക്കും. ചില നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചാല്‍ മാത്രം പിഴവു തിരുത്താവുന്ന തീരുമാനങ്ങളാണു മൂന്നാമത്തെ വിഭാഗത്തില്‍.
റിപ്പോര്‍ട്ട് പരിശോധിച്ചശേഷമായിരിക്കും ക്രമക്കേടുകളില്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിടുക. വിവാദ ഉത്തരവുകളില്‍ ഏറെയും റവന്യു വകുപ്പിലാണ്. മെത്രാന്‍ കായല്‍, ഹോപ് പ്ലാന്റേഷന് ഭൂമി പതിച്ചു നല്‍കിയത്, സന്തോഷ് മാധവന്റെ ഭൂമി ഇടപാട്, പത്തനംതിട്ട ജില്ലയില്‍ വിവിധ സാമുദായിക സംഘടനകള്‍ക്ക് ഭൂമി പതിച്ചു നല്‍കിയത്, താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപെടുത്തിയത് എന്നിവയില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു.
മുന്‍ മന്ത്രിസഭാ യോഗങ്ങളില്‍ ഉത്തരവ് പരിശോധനക്ക് എത്തിയിരുന്നെങ്കിലും വിശദമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാന്‍ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം വിളിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."