റെയില്‍വേ തൊഴിലാളികള്‍ക്ക് പൊലിസ് പീഡനം
പാലക്കാട്: മന്ത്രിയുടെ പേരില്‍ റെയില്‍വെ എന്‍ജിനിയറിങ് ബി.ആര്.ഐ സ്റ്റാഫുകള്‍ക്ക് പൊലിസിന്റെ പീഡനം. റെയില്‍വെയുടെ സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്തത് ചൂണ്ടിക്കാട്ടിയ തൊഴിലാളികളാണ് മന്ത്രി എ.കെ ബാലന്റെ ഡ്രൈവര്‍ നല്കിയ പരാതി മൂലം വെട്ടിലായത്.
ഇക്കഴിഞ്ഞ 28ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ആര്.എം.എസ്, വികലാംഗര്‍, പാഴ്സല്‍ എന്നിവ പോകുന്ന ട്രോളിങ് പാത്തിലായിരുന്നു മന്ത്രിയുടെ കാര്‍ നിര്‍ത്തിയിട്ടത്. ഇതില്‍ മന്ത്രിയോ, ഗണ്‍മാനോ ഉണ്ടായിരുന്നുമില്ല. റെയില്‍വെയുടെ ഈ പാതയില്‍ മറ്റു വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ അംഗീകാരവും ഇല്ലായിരുന്നു.
ആദ്യം നിര്‍ത്തിയിട്ടപ്പോള്‍ വാഹനം മാറ്റണമെന്ന് പറഞ്ഞപ്പോള്‍ ഡ്രൈവര്‍ മാറ്റുകയും ചെയ്തു. ഇതിനുശേഷവും ഇവിടെ വാഹനം നിര്‍ത്തിയിട്ടപ്പോഴാണ് തൊഴിലാളികളായ 14 പേര് രംഗത്തെത്തിയത്. ഇതോടെ പൊലിസും സ്ഥലത്തെത്തി. സംഭവം ഒത്തുതീര്‍പ്പാക്കി രംഗം ശാന്തമാക്കുകയായിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ തൊഴിലാളികള്‍ മാര്‍ഗതടസം ഉണ്ടാക്കിയെന്ന് ആരോപിച്ച് മന്ത്രിയുടെ ഡ്രൈവര്‍ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.
ഇതോടെ ഈ കുടുംബങ്ങളില്‍ പൊലിസ് കയറിയിറങ്ങുകയാണ്. നിരപരാധികളായ കുടുംബങ്ങളെ പൊലിസ് വേട്ടയാടുകയാണെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."