കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഉടന്‍; കേരളത്തിനും പരിഗണന
ന്യൂഡല്‍ഹി: പ്രതിരോധമന്ത്രിസ്ഥാനത്തു നിന്നു മനോഹര്‍ പരിക്കര്‍ രാജിവച്ചതോടെ കേന്ദ്രമന്ത്രിസഭയില്‍ പുനഃസംഘടനക്ക് വഴിയൊരുങ്ങി. മന്ത്രിസഭയിലെ പ്രധാനവകുപ്പിലാണ് പരീക്കറുടെ രാജിയോടെ ഒഴിവുവന്നത്.
നിലവില്‍ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം നടന്നുകൊണ്ടിരിക്കുന്നതിനാല്‍ വലിയൊരു പുനഃസംഘടനക്ക് സര്‍ക്കാര്‍ തയാറായേക്കില്ല. അടുത്തമാസം പകുതിയോടെ മന്ത്രിസഭാ പുനഃസംഘടന നടക്കുമെന്നാണ് വിവരം. ധനമന്ത്രി സ്ഥാനത്ത് നിന്ന് അരുണ്‍ജെയ്റ്റ്‌ലിയെ പ്രതിരോധവകുപ്പിലേക്ക് സ്ഥിരമായി മാറ്റി പിയൂഷ് ഗോയലിനെ ധനമന്ത്രാലയത്തിലേക്ക് കൊണ്ടുവരാനും സാധ്യതയുണ്ട്. മോദിയുടെ ഗുഡ് ബുക്കിലുള്ള ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജു, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള ജിതേന്ദ്ര സിംഗ് എന്നിവര്‍ക്കും പ്രധാന്യമുള്ള വകുപ്പ് നല്‍കിയേക്കും. ബി.ജെ.പിക്കു സ്വാധീനം കുറവുള്ള സംസ്ഥാനങ്ങളില്‍ വേരോട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ 2019ലെ പൊതുതെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ടാണ് പുനഃസംഘടനയുണ്ടാവുകയെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ കേരളത്തിനും പശ്ചിമബംഗാളിനും കര്‍ണാടകയ്ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യമുണ്ടാകും.
കേരളത്തില്‍ നിന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, എന്‍.ഡി.എ വൈസ് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ എന്നിവരാണ് സാധ്യതാ പട്ടികയിലുള്ളത്. ബി.ജെ.പിക്ക് സ്വാധീനം കുറവുള്ള കേരളാ ഘടകത്തില്‍ രൂക്ഷമായ ഗ്രൂപ്പ് പോര് അവസാനിപ്പിക്കാനാണ് 'ഗ്രൂപ്പ് രഹിതനായ' കുമ്മനത്തെ ദേശീയ നേതൃത്വം ഇടപെട്ട് സംസ്ഥാന പ്രസിഡന്റാക്കിയത്. ദീര്‍ഘകാലം ആര്‍.എസ്.എസ് പ്രചാരകനായിരുന്ന കുമ്മനത്തിന് ആര്‍.എസ്.എസിന്റെ ശക്തമായ പിന്തുണയുണ്ട്. അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്ന് കുമ്മനത്തെ മത്സരിപ്പിക്കാനും ആലോചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."